കാര്‍ട്രേഡ് ഐപിഒ ഓഗസ്റ്റ് 9 ന്; വിശദാംശങ്ങള്‍
ഓഗസ്റ്റ് 11 വരെയാണ് ഐപിഒ നടക്കുക.
ഓണ്‍ലൈന്‍ ഓട്ടോ മൊബൈല്‍ ക്ലാസിഫൈഡ് പ്ലാറ്റ്‌ഫോമായ കാര്‍ട്രേഡ് ടെക് ലിമിറ്റഡിന്റെ ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) ഓഗസ്റ്റ് 9 ന്. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ഐപിഒ ഓഗസ്റ്റ് 11 ന് അവസാനിക്കും.
പുതിയതും ഉപയോഗിച്ചതുമായ കാറുകള്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്ന എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് കാര്‍ട്രേഡ്. അമേരിക്കന്‍ സ്വകാര്യ ഇക്വിറ്റി ഭീമനായ വാര്‍ബര്‍ഗ് പിന്‍കസ്, സിംഗപ്പൂരിന്റെ സംസ്ഥാന നിക്ഷേപകര്‍ ടെമാസെക്, ജെ പി മോര്‍ഗന്‍, മാര്‍ച്ച് ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ് എന്നിവര്‍ പിന്തുണയ്ക്കുന്ന കമ്പനിയാണ് ഇത്. ഐപിഓയുടെ മറ്റ് വിവരങ്ങളും ബാന്‍ഡ് പ്രൈസും ഉടന്‍ പുറത്തുവന്നേക്കും.
നിലവിലുള്ള ഓഹരി ഉടമകളുടെയും പ്രൊമോട്ടര്‍മാരുടെയും ഓഫര്‍ ഫോര്‍ സെയില്‍ 18.53 ദശലക്ഷം ഓഹരികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സിഎംഡിബി II ന്റെ 2.26 ദശലക്ഷം ഓഹരികളും ഹൈഡെല്‍ ഇന്‍വെസ്റ്റ്മെന്റിന്റെ 8.41 ദശലക്ഷം ഓഹരികളും മാക്രിത്തി ഇന്‍വെസ്റ്റ്മെന്റ് പിടിഇയുടെ 5.08 ദശലക്ഷം ഷെയറുകളും സ്പ്രിംഗ്ഫീല്‍ഡ് വെഞ്ച്വര്‍ ഇന്റര്‍നാഷണലിന്റെ 1.77 ദശലക്ഷം ഷെയറുകളും ബിന വിനോദ് സംഘിയുടെ 1.83 ലക്ഷം ഷെയറുകളും ഇതില്‍ ഉള്‍പ്പെടുന്നു.
ആക്‌സിസ് ക്യാപിറ്റല്‍, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, നോമുറ ഫിനാന്‍ഷ്യല്‍ അഡൈ്വസറി ആന്‍ഡ് സെക്യൂരിറ്റീസ് ഇന്ത്യ എന്നിവയാണ് ഇഷ്യുവിന്റെ ലീഡ് മാനേജര്‍മാര്‍.
2021 സാമ്പത്തിക വര്‍ഷത്തില്‍, കമ്പനി 281.52 കോടി വരുമാനമാണ് നേടിയത്. ഈ കാലയളവിലെ അറ്റാദായം ഒരു വര്‍ഷം മുമ്പ് ഉണ്ടായിരുന്ന 31.29 കോടിയില്‍ നിന്ന് 101.07 കോടി ആയി. 2021 ജൂണ്‍ പാദത്തില്‍, അവരുടെ ഉപഭോക്തൃ പ്ലാറ്റ്‌ഫോമുകളായ കാര്‍വെയ്ല്‍, കാര്‍ട്രേഡ്, ബൈക്ക് വെയ്ല്‍ എന്നിവയ്ക്ക് പ്രതിമാസം ശരാശരി 27.11 ദശലക്ഷം വിസിറ്റേഴ്‌സ് ആണ് എത്തിയതെന്ന് കമ്പനി പറയുന്നു. 88.14% ഓളം പേര്‍ ഓര്‍ഗാനിക് വിസിറ്റേഴ്‌സ് ആണെന്നും കമ്പനി പറയുന്നു.