ആലിന്‍ ചുവട്ടില്‍ തുടക്കം, ഇന്ന് ആഗോളതലത്തില്‍ മുന്നില്‍

ഇന്ത്യന്‍ ഓഹരി വിപണിയുടെ നാള്‍വഴികള്‍

Update:2021-09-24 11:42 IST


160 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ ഇന്ത്യയില്‍ ഓഹരി വ്യാപാരമുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ ഏതാനും ദശകങ്ങളായാണ് ഓഹരി വ്യാപാരത്തിന് രാജ്യത്ത് ഏറെ വേരോട്ടം ലഭിച്ചത്.

ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ സ്റ്റോക്ക് മാര്‍ക്കറ്റാണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്. 1855ല്‍ നാല് ഗുജറാത്തി സ്‌റ്റോക്ക് ബ്രോക്കര്‍മാരും ഒരു പാഴ്‌സി സ്റ്റോക്ക് ബ്രോക്കറും മുംബൈ ടൗണ്‍ ഹാളിന് സമീപമുള്ള ആല്‍മരത്തിന്റെ ചുവട്ടിലിരുന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ നിന്നാണ് ഇന്നത്തെ ഓഹരി വിപണിയുടെ തുടക്കമെന്ന് സൂചനകളുണ്ട്. 1857ലാണ് നേറ്റീവ് ഷെയേഴ്‌സ് ആന്‍ഡ് സ്റ്റോക്ക് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ ഔദ്യോഗികമായ അംഗീകരിക്കപ്പെടുന്നത്.
സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നത് 1980കളിലാണ്.
ആദ്യകാലങ്ങളില്‍ ഓഹരി വിപണിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പോലും പരിമിതമായിരുന്നു.
മാറ്റത്തിന് കാരണം ആ തീരുമാനം
ബോംബെയിലെ കുറച്ച് ഗുജറാത്തികളാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ ആദ്യകാലത്ത് വ്യാപാരം സജീവമായി നടത്തിയിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ടിരുന്ന ബഹുരാഷ്ട്ര കമ്പനികളായ ഹിന്ദുസ്ഥാന്‍ ലിവര്‍, പോണ്ട്‌സ്, കോള്‍ഗേറ്റ് തുടങ്ങിയവ ഒന്നുകില്‍ പൊതുസമൂഹത്തിന് ഓഹരികള്‍ നല്‍കണം അല്ലെങ്കില്‍ രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിബന്ധന വെച്ചതോടെയാണ് സാധാരണക്കാര്‍ കൂടി ഓഹരി വിപണിയെ കുറിച്ച് അറിയാന്‍ തുടങ്ങിയത്.
സര്‍ക്കാരിന്റെ ഈ നിബന്ധനയെ തുടര്‍ന്ന് കോക്കകോള, ഐബിഎം എന്നിവ ഇവിടുത്തെ പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ കോള്‍ഗേറ്റ്, പോണ്ട്‌സ് എന്നിവ ഇവിടെ തുടര്‍ന്നു. പൊതുജനങ്ങള്‍ക്ക് ഓഹരികള്‍ അലോട്ട് ചെയ്തു. അത് വാങ്ങിയവര്‍ പിന്നീട് നല്ല ലാഭമുണ്ടാക്കി. ഇതാണ് വിപണിയിലേക്ക് ജനശ്രദ്ധ ആകര്‍ഷിച്ച ഒരു ഘടകം. പിന്നീട് പ്രവാസികള്‍ക്കും ഓഹരികള്‍ നല്‍കാന്‍ തീരുമാനമായി.
രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ധനമന്ത്രിയായിരുന്ന വി പി സിംഗ് അവതരിപ്പിച്ച ബജറ്റ് ഓഹരി വിപണിക്ക് ഉത്തേജനം പകര്‍ന്നു. നിക്ഷേപകര്‍ വിപണിയിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. പത്രമാധ്യമങ്ങള്‍ ഓഹരി വിപണിയെ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങി.
1980ല്‍ തന്നെ പ്രാദേശിക എക്‌സ്‌ചേഞ്ചുകളും വന്നുതുടങ്ങി. ഇതിനിടെ ഹര്‍ഷദ് മേത്ത കുംഭകോളം അടക്കമുള്ളവ വിപണിയെ പിടിച്ചുകുലുക്കി. ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നീക്കങ്ങള്‍ വിപണിയുടെ കുതിപ്പിന് ഊര്‍ജ്ജം പകര്‍ന്നു.

സെന്‍സെക്‌സിന്റെ നാള്‍വഴികള്‍
  • 1986: പ്രവര്‍ത്തനമാരംഭിച്ചു - 100 പോയ്ന്റ്
  • 25 ജുലൈ, 1990 - 1,000
  • 4 ഫെബ്രുവരി, 2004 - 10,000
  • 29, ഒക്ടോബര്‍, 2007 - 20,000
  • 4 മാര്‍ച്ച്, 2015 - 30,000
  • 23 മെയ്, 2019 - 40,000
  • 21 ജനുവരി, 2021 - 50,000
  • 24 സെപ്റ്റംബര്‍, 2021 - 60,000


Tags:    

Similar News