സി.എന്‍.ജി വില കുറച്ചു, ഡിമാന്‍ഡ് ഉയരുന്നു, ഈ ഓഹരി ഇനിയും മുന്നേറുമോ?
സിറ്റി ഗ്യാസ് വിതരണ ശൃംഖല വികസിപ്പിക്കുന്നു, പുതിയ എല്‍.എന്‍.ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു
ഗെയിലിന്റെ (GAIL India Ltd) ഉടമസ്ഥതയില്‍ ഉള്ള വാതക വിതരണ കമ്പനിയായ മഹാനഗര്‍ ഗ്യാസ് (Mahanagar Gas Ltd) 2023 മാര്‍ച്ചില്‍ സിറ്റി ഗ്യാസ് വിതരണ കമ്പനിയെ ഏറ്റെടുത്ത ശേഷം സി.എന്‍.ജി വില്‍പ്പന വര്‍ധിക്കുന്നുണ്ട്. 2023 ജൂലൈ 4ന് ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു. (Stock Recommendation by CD Equisearch Ltd). അന്നത്തെ ലക്ഷ്യ വില 1,306 രൂപ മറികടന്ന് ജനുവരി 23ന് 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 1,353.80 രൂപയില്‍ ഈ ഓഹരിയെത്തി. തുടര്‍ന്നും ഓഹരിയില്‍ മുന്നേറ്റ സാധ്യത ഉണ്ട്.
1. സി.എന്‍.ജി വാഹനങ്ങളുടെ രജിസ്ട്രേഷന്‍ വര്‍ധിക്കുന്നുണ്ട്. അതിനൊപ്പം മഹാനഗര്‍ ഗ്യാസ് സി.എന്‍.ജി വില കിലോക്ക് 3 രൂപ കുറച്ചത് ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണമാകും.
2. മഹാനഗര്‍ ഗ്യാസ് കമ്പനിയുടെ പ്രധാന വിപണിയായ മുംബൈയില്‍ സി.എന്‍.ജി വില പെട്രോളിനേക്കാള്‍ 49 ശതമാനം,ഡീസല്‍ വിലയെക്കാള്‍ 32 ശതമാനം കുറച്ചാണ് വില്‍ക്കുന്നത്. ഇതിനാല്‍ കൂടുതല്‍ ടാക്സി, ഓട്ടോ സര്‍വീസുകള്‍ സി.എന്‍.ജി ഇന്ധനത്തിലേക്ക് മാറുമെന്ന് കരുതുന്നു.
3. 2023-24 ആദ്യ പകുതിയില്‍ വാതക വില്‍പ്പന 1.2 ശതമാനം വര്‍ധിച്ചു. സി.എന്‍.ജി റീറ്റെയ്ല്‍ ശൃംഖല ശക്തിപ്പെടുത്തുന്നതും സി.എന്‍.ജി വാഹന രജിസ്ട്രേഷന്‍ ഉയരുന്നതും കമ്പനിക്ക് നേട്ടം ഉണ്ടാക്കാന്‍ സഹായിക്കും.
4. 2023-24 ആദ്യപകുതിയില്‍ മാര്‍ജിന്‍ സാധാരണ ക്യൂബിക് അടിക്ക് 15.6 രൂപ ലഭിച്ചു. ഇത് എക്കാലത്തെയും ഉയര്‍ന്ന മാര്‍ജിനാണ്. എന്നാല്‍ വില്‍പ്പന പ്രചരണ ചെലവുകള്‍ വര്‍ധിച്ചതും വാതക വിലയില്‍ ഭരണപരമായ വിലനിര്‍ണയ സംവിധാനത്തില്‍ (administrative pricing mechanism) കുറവ് ഉണ്ടായത് മാര്‍ജിനെ തുടര്‍ന്നുള്ള പാദങ്ങളില്‍ ബാധിക്കും.
5. 2023-24 ഡിസംബര്‍ പാദത്തില്‍ മൊത്തം വരുമാനം 5.30 ശതമാനം കുറഞ്ഞ് 771.84 രൂപയായി. എങ്കിലും നികുതിക്ക് മുന്‍പുള്ള ലാഭം 87.2 ശതമാനം വര്‍ധിച്ച് 425.75 കോടി രൂപയായി. മൊത്തം ചെലവ് 18 ശതമാനം കുറഞ്ഞു (1,346.09 കോടി രൂപ).
6. വാഹനങ്ങള്‍ക്ക് വേണ്ട എല്‍.എന്‍.ജി വിതരണത്തിനായി ബദരീനാഥ് എല്‍.എന്‍.ജി പ്രൈ ലിമിറ്റഡ് എന്ന കമ്പനിയുമായി സംയുക്ത സംരംഭം ഡിസംബര്‍ 2023ല്‍ ആരംഭിച്ചു. മഹാനഗര്‍ എല്‍.എന്‍.ജി പ്രൈ ലിമിറ്റഡ് എന്ന സംരംഭം മഹാനഗര്‍ ഗ്യാസ് കമ്പനിയുടെ ഉപകമ്പനിയായി പ്രവര്‍ത്തിക്കും. ഇതിലൂടെ എല്‍.എന്‍.ജി വിതരണം ശക്തിപ്പെടുത്താന്‍ സാധിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില 1,535 രൂപ
നിലവില്‍ 1,312.25 രൂപ.
Stock Recommendation by HDFC Securities.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)