കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ലാഭത്തില്‍ വന്‍ വര്‍ധന; ഡിവിഡന്‍ഡും പ്രഖ്യാപിച്ചു

വരുമാനവും കുതിച്ചുയര്‍ന്നു, ഓഹരി മുന്നേറ്റം തുടരുന്നു

Update: 2024-01-30 16:14 GMT

കൊച്ചി ആസ്ഥാനമായ പ്രമുഖ പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ അറ്റകുറ്റപ്പണിശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് നടപ്പു വര്‍ഷം (2023-24) ഒക്ടോബര്‍-ഡിസംബറിലെ സംയോജിത ലാഭത്തില്‍ 120 ശതമാനത്തിലധികം വളര്‍ച്ച. മുന്‍ വര്‍ഷത്തിലെ സമാനപാദത്തിലെ 110.39 കോടി രൂപയില്‍ നിന്ന് 121.37 ശതമാനം ഉയര്‍ന്ന് 244.37 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബറിലെ 181.52 കോടി രൂപയില്‍ നിന്ന് ലാഭം 25 ശതമാനം ഉയര്‍ത്താനും കപ്പല്‍ശാലയ്ക്ക് സാധിച്ചു.

കമ്പനിയുടെ സംയോജിത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 664.8 കോടി രൂപയില്‍ നിന്ന് 1,114.11 കോടി രൂപയിലുമെത്തി. 67 ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തിലെ 1,100.40 കോടി രൂപയേക്കാള്‍ നേരിയ വളര്‍ച്ചയും നേടാനായി. മൊത്ത വരുമാനത്തില്‍ 753 കോടി രൂപ കപ്പല്‍ നിര്‍മാണത്തില്‍ നിന്നും 303 കോടി രൂപ കപ്പല്‍ അറ്റകുറ്റപ്പണിയില്‍ നിന്നുമാണ്.
രണ്ടാം ഇടക്കാല ലാഭവിഹിതം
അഞ്ച് രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 3.50 രൂപ വീതം ഇടക്കാല ഡിവിഡന്‍ഡും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നവംബറില്‍ പ്രഖ്യാപിച്ച പത്തു രൂപ മുഖവലിയുള്ള ഓഹരിയൊന്നിന് 8 രൂപ വീതമുള്ള ഡിവിഡന്‍ഡ് കൂടാതെയാണിത്. ഡിസംബര്‍ 13ന് കമ്പനിയുടെ 10 രൂപ മുഖവിലയുള്ള ഓഹരികള്‍ അഞ്ച് രൂപ വീതം വിലയുള്ള രണ്ട് ഓഹരികളാക്കി മാറ്റാന്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. ജനുവരി 10ന് ഓഹരി വിഭജനവും നടന്നു.
ആകെ 3.15 കോടി ഓഹരികളാണ് കമ്പനിക്കുണ്ടായിരുന്നത്. ഓഹരി വിഭജനത്തോടെ എണ്ണം 26.31 കോടിയായി. അതോടെ ഓഹരി വിലയും പാതിയായി. ജനുവരി ഒമ്പതിന് 1,337.4 രൂപയുണ്ടായിരുന്ന ഓഹരി വില വിഭജന ശേഷം 668.70 രൂപയായി പരിഗണിച്ചാണ് ജനുവരി 10 മുതല്‍ വ്യാപാരം ആരംഭിച്ചത്. വിഭജനശേഷം ഓഹരിയില്‍ കുതിപ്പ് പ്രകടമാകുകയും ചെയ്തു.
ഓഹരിയുടെ നേട്ടം 
മൂന്നാം പാദഫലപ്രഖ്യാപന പ്രതീക്ഷയില്‍ ഓഹരികള്‍ ഇന്ന് നാല് ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. വ്യാപാരാന്ത്യത്തില്‍ രണ്ട് ശതമാനത്തിലധികം നേട്ടവുമായി 878.60 രൂപയിലാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിയുള്ളത്. കഴിഞ്ഞ ഒരു മാസത്തില്‍ 30 ശതമാനത്തോളം ഉയര്‍ന്ന ഓഹരി ഒരു വര്‍ഷക്കാലയളവില്‍ 260 ശതമാനവും മൂന്ന് വര്‍ഷക്കാലയളവില്‍ 400 ശതമാനത്തിലധികവും നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്.
Tags:    

Similar News