കൂള്‍ ക്യാപ്സ് ഇന്‍ഡസ്ട്രീസിന്റെ ഐപിഒ മാര്‍ച്ച് 10ന്, എന്‍എസ്ഇ എമര്‍ജില്‍ ലിസ്റ്റ് ചെയ്യും

മാര്‍ച്ച് 15 വരെ ഇഷ്യു സബ്‌സ്‌ക്രൈബ് ചെയ്യാമെന്ന് കമ്പനി അറിയിച്ചു

Update:2022-03-05 12:42 IST

എസ്എംഇ കമ്പനിയായ കൂള്‍ ക്യാപ്സ് ഇന്‍ഡസ്ട്രീസിന്റെ പ്രാഥമിക ഓഹരി വില്‍പ്പന മാര്‍ച്ച് 10 മുതല്‍. പ്ലാസ്റ്റിക് ബോട്ടില്‍ ക്യാപ്പുകളുടെയും ക്ലോഷറുകളുടെയും നിര്‍മാതാക്കളായ കൂള്‍ ക്യാപ്‌സ് ഇന്‍ഡസ്ട്രീസ് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 11.63 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എന്‍എസ്ഇ) എംഎസ്എംഇ പ്ലാറ്റ്‌ഫോമായ എന്‍എസ്ഇ എമര്‍ജില്‍ ലിസ്റ്റ് ചെയ്യുന്ന കമ്പനി 30.60 ലക്ഷം ഓഹരികളാണ് ഐപിഒയിലൂടെ കൈമാറുന്നത്. മാര്‍ച്ച് 15 വരെ ഇഷ്യു സബ്‌സ്‌ക്രൈബ് ചെയ്യാമെന്ന് കമ്പനി അറിയിച്ചു.

ഇന്ത്യയില്‍ നിന്നുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കുമായുള്ള നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്ലാറ്റ്‌ഫോമാണ് എന്‍എസ്ഇ എമര്‍ജ്. ഫണ്ടിംഗിനായി നിക്ഷേപകരുമായി ബന്ധപ്പെടാന്‍ ഈ പ്ലാറ്റ്‌ഫോം എസ്എംഇകളെയും സ്റ്റാര്‍ട്ടപ്പുകളേയും സഹായിക്കുന്നു.
2015ല്‍ സ്ഥാപിതമായ കൂള്‍ ക്യാപ്സ്, പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ നിറവേറ്റുന്നതിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായാണ് ഫണ്ട് സമാഹരിക്കുന്നത്. പശ്ചിമ ബംഗാളിലെ ഹൗറയിലും ഉത്തരാഖണ്ഡിലെ കോട്വാറിലും സ്ഥിതി ചെയ്യുന്ന യൂണിറ്റുകളില്‍ സോഡ, ശീതളപാനീയങ്ങള്‍, മിനറല്‍ വാട്ടര്‍ തുടങ്ങിയവയ്ക്കുള്ള ക്യാപ്പുകളും ക്ലോഷറുകളുമാണ് നിര്‍മിക്കുന്നത്. ഇഷ്യ മാനേജ് ചെയ്യുന്നതിന് ഹോലാനി കണ്‍സള്‍ട്ടന്റ്‌സിനെ കമ്പനി നിയമിച്ചിട്ടുണ്ട്. ലിങ്ക് ഇന്‍ടൈം ഇന്ത്യയാണ് ഇഷ്യുവിന്റെ രജിസ്ട്രാര്‍. ബിസ്ലേരി, കിംഗ്ഫിഷര്‍, ഐആര്‍സിടിസി, പതഞ്ജലി, ക്ലിയര്‍ തുടങ്ങിയവയ്ക്കാണ് കമ്പനി പ്രധാനമായും ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്.


Tags:    

Similar News