ക്രിപ്‌റ്റോ ബില്‍; കേന്ദ്രവും ആര്‍ബിഐയും രണ്ട് തട്ടില്‍

ആര്‍ബിഐയുടെ നിലപാടുകളാണ് ക്രിപ്‌റ്റോ ബില്‍ വൈകിപ്പിക്കുന്നതെന്ന സൂചനകള്‍ നല്‍കി ഡെപ്യൂട്ടി ഗവര്‍ണര്‍

Update: 2022-02-24 08:16 GMT

റിസര്‍വ് ബാങ്ക് (RBI) നിലപാടുകള്‍ കേന്ദ്രത്തിന്റെ ക്രിപ്‌റ്റോ ബില്‍ വൈകാന്‍ കാരണമായേക്കാമെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കിള്‍ പാത്ര. ക്രിപ്‌റ്റോ വിഷയത്തില്‍ ആര്‍ബിഐയുടെ നിലപാട് എല്ലാവര്‍ക്കും അറിയാം. ബില്‍ വൈകാനുള്ള കാരണങ്ങളിലൊന്ന് അതാണെന്ന് ഞാന്‍ കരുതുന്നത്. എല്ലാ മേഖലകളും പരിഗണിച്ച് നീതിയുക്തമായ ചര്‍ച്ചകള്‍ നടത്തും, മൈക്കിള്‍ പാത്ര വ്യക്തമാക്കി. അതേ സമയം ബജറ്റില്‍ പ്രഖ്യാപിച്ചതുപോലെ സെൻട്രൽ ബാങ്ക് ഡിജിറ്റല്‍ കറന്‍സി 2022-23 സാമ്പത്തിക വര്‍ഷം തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയില്‍ പുറത്തിറങ്ങുന്ന ഡിജിറ്റല്‍ കറന്‍സിയുടെ ഊര്‍ജ്ജ ഉപഭോഗം,സ്വകാര്യത, തുടങ്ങിയവയൊക്കെ ആര്‍ബിഐ വിലയിരുത്തുകയാണ്.

കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ നടക്കാനിരുന്ന ക്രിപ്‌റ്റോ ബില്‍ അവതരണം, കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കേന്ദ്രം നീക്കിവെക്കുകയായിരുന്നു. അതിനിടയില്‍ പുതിയ ബജറ്റില്‍ കേന്ദ്രം ക്രിപ്‌റ്റോയ്ക്ക് നികുതി പ്രഖ്യാപിച്ചത്. ക്രിപ്‌റ്റോ കറന്‍സികളെ നിരോധിക്കണെമെന്നതാണ് ആര്‍ബിഐ നിലപാട്. പല തവണ ക്രിപ്‌റ്റോ നിരോധനമാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് ആര്‍ബിഐ ആവര്‍ത്തിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെ ക്രിപ്‌റ്റോ തകിടം മറിക്കുമെന്നാണ് ആര്‍ബിഐ വാദം.
രാജ്യത്ത് ക്രിപ്‌റ്റോ നിരോധിച്ചാല്‍ പണം നഷ്ടമാവാതിരിക്കാനുള്ള അവസരം നിക്ഷേപകര്‍ക്ക് നല്‍കുമെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളായ രബി ശങ്കര്‍ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. ക്രിപ്‌റ്റോ ഒരു സമാന്തര കറന്‍സി വ്യവസ്ഥയിലേക്ക് നയിക്കുമെന്ന ആശങ്കയാണ് അന്ന് അദ്ദേഹം പങ്കുവെച്ചത്. എന്നാല്‍ ക്രിപ്‌റ്റോ ഉള്‍പ്പടെയുള്ളവയെ ഡിജിറ്റല്‍ ആസ്ഥിയായി പരിഗണിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങളാണ് കേന്ദ്രം മുന്നോട്ട് വെയ്ക്കുന്നത്.
ഏതെങ്കിലും ഒരു രാജ്യത്തിന് മാത്രമായി ക്രിപ്‌റ്റോ നിയന്ത്രണം ആസാധ്യമാണെന്നും ജി20 രാജ്യങ്ങളുമായി ഉള്‍പ്പടെ ചര്‍ച്ച നടക്കുകയുമാണെന്നും ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍ അറിയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രത്തിനും ആര്‍ബിഐയ്ക്കും ഒരേ നിലപാടാണെന്നാണ് ഇത്രയും നാൾ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അങ്ങനെ അല്ല കാര്യങ്ങള്‍ എന്ന സൂചനയാണ് മൈക്കിള്‍ പാത്രയുടെ പ്രസ്താവന. വിഷയത്തില്‍ ഇതുവരെ ആര്‍ബിഐയെ അനുനയിപ്പിക്കാന്‍ കേന്ദ്രത്തിന് സാധിക്കാത്ത സ്ഥിതിക്ക് ക്രിപ്‌റ്റോ ബില്ലിന്മേലുള്ള അനിശ്ചിതത്വം തുടരും.




Tags:    

Similar News