ഇടിവ് തുടരുന്നു, ഒന്നര വര്‍ഷത്തിനിടയില്‍ ആദ്യമായി ക്രിപ്‌റ്റോ മൂല്യം ഒരു ട്രില്യണിന് താഴെ
2021 നവംബറില്‍ ക്രിപ്‌റ്റോ കറന്‍സികളുടെ വിപണി മൂല്യം 3 ട്രില്യണ്‍ ഡോളര്‍ കടന്നിരുന്നു
2021 ജനുവരിക്ക് ശേഷം ആഗോളതലത്തില്‍ ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യം (crypto market cap) ആദ്യമായി ഒരു ട്രില്യണ്‍ ഡോളറിന് താഴെയായി. കോയിന്‍മാര്‍ക്കറ്റ്ക്യാപ് ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിന്ധീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ക്രിപ്‌റ്റോ വിപണി 13 ശതമാനം ആണ് ഇടിഞ്ഞത്.
2021 നവംബറില്‍ ക്രിപ്‌റ്റോ കറന്‍സികളുടെ വിപണി മൂല്യം 3 ട്രില്യണ്‍ ഡോളര്‍ കടന്നിരുന്നു. ബിറ്റ്‌കോയിന്‍ വില (Bitcoin Price) ഏക്കാലത്തേയും ഉയര്‍ന്ന നിരക്കായ 47 ലക്ഷത്തിന് മുകളില്‍ എത്തിയപ്പോള്‍ ആയിരുന്നു അത്. നിലവില്‍ 944 ബില്യണ്‍ ഡോളറോളം ആണ് ക്രിപ്‌റ്റോയുടെ മൂല്യം. 17.71 ലക്ഷം രൂപാണ് ( 11.00 am) ഒരു ബിറ്റ് കോയിന്റെ വില. ഒരു വര്‍ഷത്തിനിടയില്‍ 50.19 ശതമാനത്തോളമാണ് ബിറ്റ് കോയിന്റെ മൂല്യം ഇടിഞ്ഞത്.
ഏറ്റവും പഴയ ക്രിപ്‌റ്റോകറന്‍സി നെറ്റ്‌വര്‍ക്കായ ബിറ്റ്‌കോയിന്റെ വിപണി മൂല്യം ഇപ്പോള്‍ വെറും 455 ബില്യണ്‍ ഡോളറോളം ആണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 3.35 ലക്ഷത്തിന് മുകളില്‍ വിലയുണ്ടായിരുന്ന ഒരു എഥെറിയത്തിന് (Ethereum Price) ഇപ്പോള്‍ 95,350.52 രൂപയാണ് വില. എഥെറിയത്തിന്റെ വിപണി മൂല്യം 147 ബില്യണോളം ആണ്.
പണപ്പെരുപ്പം ഉയര്‍ത്തുന്ന ആശങ്കകളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച മുതല്‍ വീണ്ടും ക്രിപ്‌റ്റോ വിപണി ഇടിയുകയാണ്. ക്രിപ്‌റ്റോ ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോം സെല്‍ഷ്യസ്, ലക്വിഡിറ്റി ഉറപ്പാക്കാന്‍ ഇന്നലെ ഇടപാടുകള്‍ മരവിപ്പിച്ചത് ക്രിപ്‌റ്റോ നിക്ഷേപകരുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.