ആദ്യമായി ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 100 മില്യണ്‍ കടന്നു

100 മില്യണ്‍ ഡീമാറ്റ് അക്കൗണ്ടുകള്‍ എന്നതിന് 100 മില്യണ്‍ നിക്ഷേപകര്‍ എന്ന് അര്‍ത്ഥമില്ലെന്ന് മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു

Update: 2022-09-06 05:39 GMT

രാജ്യത്തെ ഡീമാറ്റ് അക്കൗണ്ടുകളുടെ (Demat Account) എണ്ണം ആദ്യമായി 100 മില്യണ്‍ കടന്നു. ഓഗസ്റ്റ് മാസം 2.2 മില്യണ്‍ പുതിയ അക്കൗണ്ടുകളാണ് തുറക്കപ്പെട്ടത്. ഇതോടെ ആകെ അക്കൗണ്ടുകളുടെ എണ്ണം 100.5 മില്യണിലെത്തി. എന്‍എസ്ഡിഎല്ലും (NSDL) സിഡിഎസ്എല്ലുമാണ് (CDSL)  ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

കോവിഡിന് മുമ്പ് 2020 മാര്‍ച്ചില്‍ 40.9 മില്യണ്‍ ആയിരുന്നു രാജ്യത്തെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം. കോവിഡ് ലോക്ക്ഡൗണ്‍കാലത്ത് ഓഹരി വിപണിയിലേക്ക് എത്തുന്നവരുടെ എണ്ണം ഉയര്‍ന്നു. 2022 ജനുവരിയില്‍ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 84 മില്യണില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇടിവ് തുടര്‍ന്നപ്പോള്‍ പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കുറഞ്ഞു. ജനുവരിയില്‍ 3.4 മില്യണ്‍ ആയിരുന്ന സ്ഥാനത്ത് ജൂണ്‍, ജൂലൈ മാസം 1.8 മില്യണ്‍ വീതമായിരുന്നു പുതിയ അക്കൗണ്ടുകളുടെ എണ്ണം.

സിഡിഎസ്എല്ലിന് കീഴിലാണ് ഏറ്റവും അധികം അക്കൗണ്ടുകള്‍ ഉള്ളത്. അതേ സമയം കൈകാര്യം ചെയ്യുന്ന ആസ്തിയുടെ കണക്കില്‍ എന്‍എസ്ഡിഎല്‍ ആണ് മുമ്പില്‍. സിഡിഎസ്എല്‍ 71.6 മില്യണ്‍ ഡീമാറ്റ് അക്കൗണ്ടുകളിലായി 38.5 ട്രില്യണ്‍ രൂപയുടെ ആസ്തികളാണ് കൈകാര്യം ചെയ്യുന്നത്. 320 ട്രില്യണ്‍ രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന എന്‍എസ്ഡിഎല്ലിന് കീഴില്‍ 28.9 മില്യണ്‍ അക്കൗണ്ടുകളാണ് ഉള്ളത്.

അതേ സമയം 100 മില്യണ്‍ ഡീമാറ്റ് അക്കൗണ്ടുകള്‍ എന്നതിന് 100 മില്യണ്‍ നിക്ഷേപകര്‍ എന്ന് അര്‍ത്ഥമില്ലെന്ന് മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു വ്യക്തിക്ക് വ്യത്യസ്ത ബ്രോക്കര്‍മാരുടെ കീഴില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ എടുക്കാം. അതുകൊണ്ടുതന്നെ നിക്ഷേപകരുടെ എണ്ണം 60-70 മില്യണിന് ഇടയിലായിരിക്കും എന്നാണ് വിലയിരുത്തല്‍.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Tags:    

Similar News