300 കോടി സമാഹരിക്കാന്‍ അനുമതി; നേട്ടമുണ്ടാക്കി ധനലക്ഷ്മി ബാങ്ക് ഓഹരികള്‍

ഓഹരിവില 52 ആഴ്ചയിലെ ഉയര്‍ന്ന നിലയിലെത്തി

Update: 2022-12-05 10:17 GMT

ധനലക്ഷ്മി ബാങ്കിന് 300 കോടി രൂപ സമാഹരിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി. നോണ്‍-കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചേഴ്‌സിലൂടെയാണ് (NCDs) ബാങ്ക് തുക സമാഹരിക്കുക. ഒന്നോ അതിലധികം തവണകളോ ആയിട്ടാവും എന്‍സിഡി അവതരിപ്പിക്കുക. തീരുമാനം ഓഹരി വിപണിയിലും ബാങ്കിന് നേട്ടമായി.

എന്‍എസ്ഇയില്‍ ഇന്ന് ഒരുവേള, ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലയായ 20.10 രൂപയിലെത്തി. നിലവില്‍ 4.88 ശതമാനം ഉയര്‍ന്ന് 19.35 രൂപയിലാണ് (3.30 PM)  ബാങ്കിന്റെ ഓഹരികളുടെ വ്യാപാരം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 27 ശതമാനത്തോളം ആണ് ഓഹരിവില ഉയര്‍ന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 16 കോടി രൂപയായിരുന്നു ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം. നിക്ഷേപങ്ങള്‍ 7 ശതമാനം ഉയര്‍ന്ന് 12,748 കോടി രൂപയിലെത്തി. 28.44 ശതമാനം വളര്‍ച്ചയോടെ 116.44 ശതമാനം ആയിരുന്നു ബാങ്കിന്റെ അറ്റപലിശ വരുമാനം.

Tags:    

Similar News