വിരാട് കോഹ്ലിക്ക് നിക്ഷേപമുള്ള ഇന്‍ഷുറന്‍സ് കമ്പനിയും ഓഹരി വിപണിയിലേക്ക്
കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് വിരാട് കോഹ്ലി
കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വാട്‌സയുടെ ഫെയര്‍ഫാക്‌സ് ഗ്രൂപ്പിന്റെയും വിരാട് കോഹ്ലിയുടെയും പിന്തുണയുള്ള ഗോ ഡിജിറ്റ് ഇന്‍ഷുറന്‍സ് (Digit Insurance) പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കൊരുങ്ങുന്നു. ഇതിന് മുന്നോടിയായി പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്പാകെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഐപിഒയിലൂടെ 1,250 കോടി രൂപയാണ് ഗോ ഡിജിറ്റ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഡിആര്‍എച്ച്പി പ്രകാരം കമ്പനിയുടെ പ്രൊമോട്ടറുടെയും നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാരുടെയും 10,94,45,561 ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും ഐപിഒയില്‍ ഉള്‍പ്പെടും.
മോര്‍ഗന്‍ സ്റ്റാന്‍ലിയെയും ഐസിഐസിഐ സെക്യൂരിറ്റീസിനെയുമാണ് (ICICI Securities) ഐപിഒയുടെ (IPO) ബുക്ക് റണ്ണറായി നിയമിച്ചിട്ടുള്ളത്. 2017ല്‍ സ്ഥാപിതമായ ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് വിപണിയില്‍ മുന്നേറാനുള്ള ശ്രമത്തിലാണ്. ഡിജിറ്റിന്റെ വെബ്‌സൈറ്റ് പ്രകാരം കാര്‍, ബൈക്ക്, ആരോഗ്യം, യാത്രാ ഇന്‍ഷുറന്‍സ് എന്നിവയിലുടനീളം 20 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്കാണ് ഡിജിറ്റ് സേവനം നല്‍കിയത്.
2022 ഏപ്രിലില്‍, ഗോ ഡിജിറ്റ് കമ്പനിയുടെ പുതിയ മാനേജിംഗ് ഡയറക്ടറായും (എംഡി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും (സിഇഒ) ജസ്ലീന്‍ കോഹ്ലിയെ നിയമിച്ചിരുന്നു. 2017ല്‍ കമ്പനി സ്ഥാപിതമായതു മുതല്‍ ഈ സ്ഥാനം വഹിച്ചിരുന്ന വിജയ് കുമാറില്‍ നിന്നാണ് കോഹ്‌ലി (Virat Kohli) ചുമതലയേറ്റത്. Sequoia Capital India, IIFL Finance, TVS Capital, A91 Partners, Kunal Shah തുടങ്ങിയ പ്രമുഖ നിക്ഷേപകരില്‍ നിന്ന് 580 ദശലക്ഷം ഡോളര്‍ ഫണ്ടിംഗ് സ്റ്റാര്‍ട്ടപ്പ് ഇതിനകം സമാഹരിച്ചിട്ടുണ്ട്.
കൂടാതെ, സെബിയില്‍ (SEBI) അന്തിമ റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് ഫയല്‍ ചെയ്യുന്നതിന് മുമ്പ് 250 കോടി രൂപ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ പ്രീ-ഐപിഒ പ്ലേസ്മെന്റ് നടത്തുന്നതും കമ്പനിയുടെ പരിഗണനയിലാണ്. പ്രീ-ഐപിഒ പ്ലേസ്മെന്റ് നടക്കുകയാണെങ്കില്‍, പുതിയ ഇഷ്യൂ വലുപ്പം കുറച്ചേക്കാം.
നിര്‍ദ്ദിഷ്ട ഐപിഒയില്‍ നിന്നുള്ള പുതിയ വരുമാനം കമ്പനിയുടെ മൂലധന അടിത്തറ വര്‍ധിപ്പിക്കുന്നതിനും സോള്‍വന്‍സി ലെവലുകള്‍ പരിപാലിക്കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.