സ്വര്‍ണ വായ്പയുടെ പരിധി കൂട്ടിയത് ഉപകാരമാകുമോ, കുരുക്കോ?

Update:2020-08-08 09:30 IST

റിസര്‍വ് ബാങ്കിന്റെ ധനനയ സമിതിയുടെ സുപ്രധാന തീരുമാനങ്ങളിലൊന്നാണ് സ്വര്‍ണ വായ്പയുടെ പരിധി ഉയര്‍ത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ വന്‍തോതില്‍ ബാങ്കുകളെ വായ്പകള്‍ക്കായി സമീപിക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യക്തിഗത വായ്പകളുടെ കൂടുന്ന ആവശ്യകത കണക്കിലെടുത്ത് റിസര്‍വ് ബാങ്ക് എടുത്തതാണ് ഈ തീരുമാനം.

റിസര്‍വ് ബാങ്കിന്റെ ഈ പ്രഖ്യാപനം പുറത്തുവന്ന ഉടന്‍ രാജ്യത്തെ പ്രമുഖ ഓഹരി വിപണി നിരീക്ഷകര്‍, ഇതുമൂലം ദക്ഷിണേന്ത്യ ആസ്ഥാനമായി, സ്വര്‍ണപ്പണയ വായ്പാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക് ഇത് ഗുണകരമാകുമെന്ന് നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ചപ്പോള്‍ ഇത്തരമൊരു നിരീക്ഷണത്തിന്റെ പ്രതിഫലനം കേരളം ആസ്ഥാനമായുള്ള സ്വര്‍ണപ്പണയ രംഗത്തെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വിലയില്‍ പ്രതിഫലിച്ചിരുന്നില്ല.

ഗുണമോ ദോഷമോ?

സ്വര്‍ണത്തിന്റെ വിപണി വിലയുടെ 90 ശതമാനത്തോളം ബാങ്കുകള്‍ക്ക് ഇപ്പോള്‍ വായ്പയായി നല്‍കാമെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. അതായത് 10,000 രൂപ മൂല്യമുള്ള ഒരു ആഭരണം പണയം വെച്ചാല്‍ മുമ്പ് പരമാവധി 7500 രൂപയാണ് ലഭിച്ചിരുന്നതെങ്കില്‍ ഇനി 9000 രൂപ വരെ ലഭിക്കും.

ലോണ്‍ ടു വാല്യു (സ്വര്‍ണത്തിന്റെ വിപണി മൂല്യത്തിന് അടിസ്ഥാനമായി വായ്പ നല്‍കുന്ന ശതമാനം) 75 ശതമാനത്തില്‍ നിന്ന് 90 ശതമാനമാക്കി ഉയര്‍ത്തുമ്പോള്‍ വായ്പ എടുക്കുന്നവര്‍ക്ക് കൂടുതല്‍ പണം ലഭിക്കാന്‍ സാഹചര്യമുണ്ടെങ്കിലും അത് പിന്നീട് വായ്പ നല്‍കുന്ന ബാങ്കുകള്‍ക്കും ഗുണഭോക്താക്കള്‍ക്കും കുരുക്കാകാനാണ് സാധ്യത.

നിലവില്‍ 75 ശതമാനം വരെ വായ്പ നല്‍കാമെങ്കിലും ബാങ്കുകള്‍ നിലവില്‍ 65 ശതമാനം വരെയാണ് നല്‍കുന്നത്. സ്വര്‍ണപ്പണയ വായ്പ തുകയും വായ്പ എത്രകാലത്തേക്കാണോ എടുക്കുന്നത് അത്രയും കാലത്തെ പലിശയും ചേര്‍ത്താല്‍ സ്വര്‍ണത്തിന്റെ വിപണി മൂല്യത്തിന്റെ 75 ശതമാനത്തിനപ്പുറം പോകാതിരിക്കാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കുന്നത് കൊണ്ടാണിത്.

സ്വര്‍ണത്തിന് ലഭിക്കാവുന്ന അത്രയും തുക വായ്പയായി നല്‍കിയാല്‍ തിരിച്ചടവില്‍ വീഴ്ച വരുത്തുമെന്ന ആശങ്കയും ബാങ്കുകള്‍ക്കും ഈ രംഗത്തെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുമുണ്ട്.

സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടായ കാലത്ത് കേരളത്തിലെ പല എന്‍ ബി എഫ് സികള്‍ക്കും ബാങ്കുകള്‍ക്കും ഉയര്‍ന്ന നിരക്കില്‍ വായ്പ നല്‍കിയതുകൊണ്ട് കൈ പൊള്ളുകയും ചെയ്തിരുന്നു. പിന്നീടാണ് ലോണ്‍ ടു വാല്യു അങ്ങേയറ്റം യാഥാസ്ഥിതികമായ തലത്തില്‍ നിര്‍ത്താന്‍ റിസര്‍വ് ബാങ്കും ഈ രംഗത്തെ ധനകാര്യ സ്ഥാപനങ്ങളും തയ്യാറായത്.

നിലവില്‍ സ്വര്‍ണത്തിന്റെ വായ്പാ പരിധി വിലയുടെ 90 ശതമാനം വരെ ഉയര്‍ത്തി റിസര്‍വ് ബാങ്ക് പ്രഖ്യാപനം വന്നിട്ടുണ്ടെങ്കിലും ബാങ്കുകള്‍ക്ക് ഇക്കാര്യത്തില്‍ യുക്തമായ തീരുമാനമെടുക്കാം. ഇപ്പോള്‍ തന്നെ സ്വര്‍ണവിലയുടെ 56 ശതമാനം വരെ മാത്രം വായ്പ കൊടുക്കുന്ന ബാങ്കുകളുമുണ്ട്. ആ സാഹചര്യത്തില്‍ സ്വര്‍ണ വായ്പാ പരിധി ഉയര്‍ത്തിയാലും ബാങ്കുകള്‍ കൂടുതല്‍ വായ്പ നല്‍കാന്‍ സാധ്യത കുറവാണ്.

എന്തുകൊണ്ട് കുരുക്കാവും?

സ്വര്‍ണവില ഇപ്പോള്‍ റെക്കോര്‍ഡ് ഉയരത്തിലാണ്. എന്നാല്‍ രാജ്യാന്തര തലത്തിലെ നിരവധി ഘടകങ്ങള്‍ സ്വര്‍ണ വിലയെ സ്വാധീനിക്കുമെന്നതിനാല്‍ വിലയില്‍ ചാഞ്ചാട്ടമുണ്ടാകാം. ഇപ്പോഴത്തെ റെക്കോര്‍ഡ് തലത്തില്‍ വെച്ച് വിലയുടെ 90 ശതമാനം വായ്പ ലഭ്യമാക്കിയാല്‍ വിലയില്‍ ഇടിവ് സംഭവിച്ചാല്‍ തിരിച്ചടവില്‍ വ്യാപകമായ വീഴ്ച സംഭവിക്കാന്‍ സാധ്യതയുണ്ട്.

കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഇടപാടുകാര്‍ പലരും വായ്പ തുകയും സ്വര്‍ണ വിലയും തമ്മില്‍ വലിയ അന്തരമില്ലെങ്കില്‍ തിരിച്ചടവ് മുടക്കാന്‍ തന്നെയാണ് സാധ്യത. ഇത് ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി കൂട്ടും. വൈകാരിക അടുപ്പമുള്ള ആഭരണങ്ങള്‍ ഇടപാടുകാര്‍ക്ക് തിരിച്ചെടുക്കാനാകാതെ നഷ്ടമാകുകയും ചെയ്യും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News