ഓഹരി വിപണിയിലെ പുത്തന്‍കൂറ്റ് നിക്ഷേപകര്‍ അറിയുന്നുണ്ടോ ഈ കാര്യങ്ങള്‍

ഒരു ദിനം കുതിച്ചുകേറും പിറ്റേന്നാള്‍ ഇടിഞ്ഞുതാഴും. ഓഹരി വിപണിയിലെ ഈ ചാഞ്ചാട്ടം നിത്യവും കാണുമ്പോള്‍ തലപെരുക്കുന്ന പുത്തന്‍ കൂറ്റ് നിക്ഷേപകര്‍ വായിച്ചറിയാന്‍ ചില കാര്യങ്ങള്‍

Update:2022-03-06 07:45 IST

കാഴ്ചപ്പാടുകളിലെ വൈരുദ്ധ്യം ആണു വിപണികളെ നയിക്കുന്നത്. നാളെ എന്തെന്ന് അറിയില്ല. അതില്‍ ആശങ്ക തോന്നുന്നവര്‍ വില്‍ക്കുന്നു. നാളെ ഇന്നത്തേക്കാള്‍ മെച്ചമാകും എന്നു വിശ്വസിക്കുന്നവര്‍ വാങ്ങുന്നു.

വിപണിയെ മൊത്തം എടുത്താലും ഓരോ കമ്പനിയെ പ്രത്യേകം എടുത്താലും ഇതാണു കാണുന്നത്. വിപണിയിലെ നിക്ഷേപകരെ മൊത്തമെടുത്താലും ഓരോ നിക്ഷേപകയെ/നെ എടുത്താലും ഇതു ശരിയാണെന്നു കാണാം. സത്യത്തില്‍ കമ്പോളത്തിന്റെ നിലനില്‍പ്പ് തന്നെ ഇതിലാണ്. ഭിന്നഭിന്നമായ കാഴ്ചപ്പാടുകള്‍. ചിലപ്പോള്‍ പരസ്പര വിരുദ്ധമായ കാഴ്ചപ്പാടുകള്‍. ഇവ പൊരുതുന്നു. ആരും ജയിക്കാനോ തോല്‍ക്കാനോ അല്ല. ഈ വൈരുദ്ധ്യങ്ങള്‍ ഒരു ജൈവ പ്രക്രിയയായി മാറി വിപണിയെ മുന്നോട്ടു നയിക്കുന്നു.

ഓഹരി വിപണിയില്‍ സമീപകാലത്തു കടന്നു വന്നവരും ഇനി ഉടനേ വരാനിരിക്കുന്നവരും ഈ ആഴ്ചകളിലെ കാര്യങ്ങള്‍ കണ്ട് വല്ലാതെ അസ്വസ്ഥരാകുന്നുണ്ട്. വല്ലാത്ത ചാഞ്ചാട്ടങ്ങള്‍. ഒരു ദിവസം ആയിരം പോയിന്റ് കൂടും. പിറ്റേന്ന് അതേപോലെ കുറയും. ഒരു ദിവസം ഐടി ഓഹരികള്‍ രണ്ടും മൂന്നും ശതമാനം താഴും. പിറ്റേന്ന് അതേ പോലെ തിരിച്ചു കയറും. ഇന്നു വില്‍ക്കുന്നു. നാളെ അതു തന്നെ വാങ്ങുന്നു. ഇത് ആവര്‍ത്തിക്കുന്നു.


ഇതിനിടെ ചില ഓഹരികള്‍ പിടി വിട്ട പട്ടം പോലെ ഉയര്‍ന്നു പോകുന്നു. മറ്റു ചിലത് പൊടുന്നനെ താഴോട്ടു വീഴുന്നു. കമ്പനി സംബന്ധമായി എടുത്തു പറയാന്‍ കാരണങ്ങളൊന്നും ഇല്ല.

ആകെക്കൂടി തല പെരുപ്പിക്കുന്ന അവസ്ഥ.
പകുതിയോളം പുതിയ നിക്ഷേപകര്‍
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഏകദേശം എട്ടു കോടി നിക്ഷേപകരാണ് ഉള്ളത്. ഇതില്‍ പകുതിയിലേറെപ്പേര്‍ 2019 മാര്‍ച്ചിനു ശേഷം വന്നവരാണ്. (2019 മാര്‍ച്ചില്‍ 3.6 കോടി ഡീമാറ്റ് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് എട്ടു കോടി കവിഞ്ഞു). 2021 - ല്‍ മാത്രം വിപണിയില്‍ രണ്ടരക്കോടിയിലേറെ പുതിയ നിക്ഷേപകര്‍ എത്തി. പുതിയ നിക്ഷേപകര്‍ എല്ലാവരും തന്നെ ഉന്നത വിദ്യാഭ്യാസവും പ്രഫഷണല്‍ യോഗ്യതകളും ഉള്ളവരാണ് എന്ന സവിശേഷതയുമുണ്ട്. എല്‍ഐസിയുടെ പോളിസി ഉടമകള്‍ക്ക് ഓഹരി നല്‍കുന്നതിനാല്‍ ഒരു കോടിയിലധികം പുതിയ നിക്ഷേപകര്‍ കൂടി ഉടനേ വിപണിയില്‍ എത്തുമെന്നാണു പ്രതീക്ഷ.

ഈ കണക്കിന്റെ പ്രസക്തി ഇതാണ്. വിപണിയുടെ ഉയര്‍ച്ചതാഴ്ചകള്‍ കണ്ടു തഴക്കം വന്നവരല്ല ഇപ്പോഴത്തെ നിക്ഷേപകരില്‍ ഏറിയ പങ്കും. 2020 മാര്‍ച്ചിലെ കോവിഡ് ലോക്ക് ഡൗണ്‍ സമയത്തെ തകര്‍ച്ചയില്‍ നിന്ന് റോക്കറ്റ് വേഗത്തില്‍ വിപണി കുതിച്ചു കയറിയതും ആഴ്ച തോറും റിക്കാര്‍ഡുകള്‍ കുറിക്കുന്നതുമാണ് അവരില്‍ ഏറെപ്പേരും നേരിട്ടു കണ്ടിട്ടുള്ളത്. സെന്‍സെക്‌സ് 2020 മാര്‍ച്ച് 24 ലെ 25,638.9 ല്‍ നിന്ന് 19 മാസം കൊണ്ട് 142.78 ശതമാനം ഉയര്‍ന്ന് 2021 ഒക്ടോബര്‍ 21ന് 62,245.43 ല്‍ എത്തുന്ന രോമാഞ്ചജനകമായ ദൃശ്യമാണ് അവരുടെ കാഴ്ചയില്‍ ഉള്ളത്. ഇതേ കാലത്തു നിഫ്റ്റി 50 കുതിച്ചത് 147.69 ശതമാനം. 7511.1 ല്‍ നിന്ന് 18,604.45 ലേക്ക്.
കുതിപ്പ് കഴിഞ്ഞു കിതപ്പ്
ഈ മഹാ കുതിപ്പ് കഴിഞ്ഞിട്ട് നാലുമാസമാകുന്നു. ഫെബ്രുവരി 18-നു സെന്‍സെക്‌സ് റിക്കാര്‍ഡില്‍ നിന്ന് 7.1 ശതമാനവും നിഫ്റ്റി 7.2 ശതമാനവും താഴെയാണ്. (ഡിസംബറില്‍ ഈ സൂചികകള്‍ ഇതിനേക്കാള്‍ താഴ്ന്നു നിന്നിരുന്നു).

ഇതെന്താണ് ഇങ്ങനെ? ഇതുപോലെ താഴുന്നതിന്റെ കാരണമെന്ത്? ഇനി എന്നാണ് ഉയരുക? ഇങ്ങനെ ചോദ്യങ്ങള്‍ അനവധി.

നിരന്തരം ഉയരുന്ന ഒരു വിപണിയെ കണ്ടു പരിചയിച്ചിട്ട് ഇപ്പോള്‍ ഇങ്ങനെ മാറുന്നതിന്റെ കാരണമാണ് എല്ലാവരും അന്വേഷിക്കുന്നത്. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ സംഭവിക്കും എന്ന ഒരു പതിവു വിശദീകരണമുണ്ട്. ഒന്നും രണ്ടും വര്‍ഷം കൂടുമ്പോള്‍ 10 ശതമാനം തിരുത്തല്‍, കുറേക്കൂടി അകലത്തില്‍ 20 ശതമാനം തിരുത്തല്‍, ഓരോ ദശകത്തിലും 50 ശതമാനം തകര്‍ച്ച എന്നൊക്കെ ചേര്‍ത്ത ഒരു വിശദീകരണം. പക്ഷേ, അതൊരു വിശദീകരണമല്ല. കുറച്ചു കാലത്തെ ചരിത്രം നോക്കിയിട്ടു നടത്തുന്ന സാമാന്യവല്‍ക്കരണമാണ്. പക്ഷേ അതിനെ സാധൂകരിക്കുന്നതല്ല ദീര്‍ഘകാല ചരിത്രം. അലാറം വച്ചു പ്രവര്‍ത്തിക്കുന്നതല്ലല്ലോ വിപണികള്‍.

വിപണി പരസ്പര വിരുദ്ധമായ കാഴ്ചപ്പാടുകളും ഭിന്നതാല്‍പര്യങ്ങളും തമ്മിലുളള ഏറ്റുമുട്ടലിന്റെ വേദിയാണ്. അവിടെ പോസിറ്റീവ് കാഴ്ചപ്പാടുള്ളവര്‍ മുന്‍തൂക്കം നേടുമ്പോള്‍ വിപണി ഉയരുന്നു. മറിച്ചായാല്‍ താഴുന്നു. വളരെ പെട്ടെന്ന് ഉയര്‍ച്ചതാഴ്ചകള്‍ മാറി മാറി വരുമ്പോള്‍ അനിശ്ചിതത്വം ഉണ്ടാകുന്നു. ഇന്ത്യന്‍ വിപണി ഈയാഴ്ചകളില്‍ കാണിക്കുന്നത് അനിശ്ചിതത്വമാണ്. ഭാവി വ്യക്തമല്ലാത്തതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. കൂടുതല്‍ അനിശ്ചിതത്വങ്ങള്‍ മുന്നില്‍ കാണുന്നതാണ് ഇതിന് കാരണം.
വിപണിയിലെ അനിശ്ചിതത്വങ്ങള്‍ എന്തൊക്കെ?
പല തരത്തിലും പല തലങ്ങളിലും ഉള്ള അനിശ്ചിതത്വങ്ങള്‍ ഒത്തു ചേര്‍ന്നിരിക്കുന്നു. യുക്രെയ്‌നിലെ ഭൗമ-രാഷ്ട്രീയ- സാമ്പത്തിക സംഘര്‍ഷ സാധ്യത, വിലക്കയറ്റം, പലിശവര്‍ധന, പണലഭ്യത കുറയ്ക്കല്‍, മൂലധനത്തിന്റെ തിരിച്ചു പോക്ക്. ഇന്ത്യയിലും പുറത്തും മൂലധന - ഉല്‍പ്പന്ന- കറന്‍സി വിപണികളെ ഇപ്പോള്‍ അലട്ടുന്ന വിഷയങ്ങള്‍ ഇവയാണ്.

യുക്രെയ്‌നില്‍ ഒരു മഹായുദ്ധം ഉണ്ടാകുമെന്ന് ആരും ഭയപ്പെടുന്നില്ല. പക്ഷേ യുക്രെയ്‌നെ വരുതിയിലാക്കാനുള്ള റഷ്യന്‍ നീക്കത്തെ തുരത്താന്‍ സാമ്പത്തിക - വാണിജ്യ ഉപരോധങ്ങള്‍ ഉണ്ടാകും. അതാണു പ്രശ്‌നം. റഷ്യയുടെ വാണിജ്യം തടസപ്പെടുത്തുന്നതിന് ബാങ്കിംഗ് സൗകര്യങ്ങള്‍ നിഷേധിക്കാം. രാജ്യാന്തര കറന്‍സി വിനിമയത്തില്‍ നിന്നു റഷ്യന്‍ റൂബിളിനെ മാറ്റി നിര്‍ത്താം. റഷ്യയില്‍ നിന്നുള്ള ഇറക്കുമതിക്കു വായ്പയും കറന്‍സിയും നിഷേധിക്കാം. റഷ്യന്‍ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാം. അതിലുപരിയായി റഷ്യയുടെ ഇന്റര്‍നെറ്റും വാര്‍ത്താവിനിമയവും തടസപ്പെടുത്താം.

ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് ഓയില്‍ ഉല്‍പാദകരാണ് റഷ്യ. ആഗോള ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ 12 ശതമാനം പങ്ക് റഷ്യക്കാണ്. ഇതില്‍ നാലിലൊന്ന് ചൈനയ്ക്കും പകുതി പശ്ചിമ യൂറോപ്പിനും ബാക്കി കിഴക്കന്‍ യൂറോപ്പിനുമാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതിക്കാരും റഷ്യയാണ്. ഇതിന്റെ 70 ശതമാനവും പശ്ചിമ യൂറോപ്പിനാണ്.
  • ക്രൂഡ് @ 120 ഡോളര്‍
റഷ്യന്‍ വാണിജ്യത്തിനുണ്ടാകുന്ന തടസം യൂറോപ്പിനെ സാരമായി ബാധിക്കും. അതേ സമയം റഷ്യക്ക് ഗുരുതര ആഘാതവുമാകും. യൂറോപ്പിന് ഇന്ധനവും ഊര്‍ജവും കിട്ടാന്‍ വേറേ വഴിയുണ്ട്. പക്ഷെ ചെലവേറും. റഷ്യക്ക് ഈ വില്‍പ്പനകളാണ് മുഖ്യ വരുമാനമാര്‍ഗം. അതു മുടങ്ങിയാല്‍ ബദല്‍ മാര്‍ഗം ഇല്ല.

ഉപരോധം ക്രൂഡ്, പ്രകൃതി വാതക വിലകളെ വാനോളമുയര്‍ത്തും. ജെ പി മോര്‍ഗന്‍ പ്രവചിച്ച 120 ഡോളറിനു മുകളിലേക്ക് ക്രൂഡ് ഉയരാം. പ്രകൃതി വാതകം ഇപ്പോഴത്തെ നാലു ഡോളറില്‍ നിന്ന് പത്തോ പന്ത്രണ്ടോ ആയാല്‍ അദ്ഭുതമില്ല. ഇതിന്റെ അടുത്ത പ്രത്യാഘാതം കുതിച്ചു പായുന്ന വിലക്കയറ്റമാകും. വിലക്കയറ്റം നേരിടാന്‍ കേന്ദ്ര ബാങ്കുകള്‍ പലിശ കൂട്ടും. ഇതെല്ലാം സാമ്പത്തിക വളര്‍ച്ചയ്ക്കു തടസമാകും. ചിലപ്പോള്‍ മാന്ദ്യത്തിലേക്കു കാര്യങ്ങള്‍ എത്താം.
  • ഡ്രൈവര്‍മാരില്ല, വില കൂടി

യുക്രെയ്ന്‍ വിഷയം ഇല്ലാതെ തന്നെ വിലക്കയറ്റം സാരമായ വിഷയമാണ്. യൂറോപ്പില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ ദൗര്‍ലഭ്യം മൂലം അവരുടെ വേതനം വന്‍തോതില്‍ വര്‍ധിപ്പിച്ചതു പൊതു വിലക്കയറ്റം കൂട്ടി എന്നാണു വിശദീകരണം. യുഎസില്‍ യൂസ്ഡ് കാര്‍ വില അമിതമായി കൂടിയതു വിലക്കയറ്റം വര്‍ധിപ്പിച്ചു. ഇന്ധനവില രണ്ടിടത്തും ഉയര്‍ന്നു പോകുകയാണ്. യൂറോപ്പില്‍ അഞ്ചു ശതമാനത്തിനും അമേരിക്കയില്‍ ഏഴു ശതമാനത്തിനും മുകളിലാണു ചില്ലറവിലക്കയറ്റം. നാലു ദശകക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താന്‍ പലിശ കൂട്ടാനാണു കേന്ദ്രബാങ്കുകള്‍ ഒരുങ്ങുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് രണ്ടു തവണയായി കുറഞ്ഞ പലിശ 0.5 ശതമാനത്തിലെത്തിച്ചു. യൂറോപ്യന്‍ കേന്ദ്ര ബാങ്ക് താമസിയാതെ ഈ വഴിക്കു വരും. യുഎസ് ഫെഡ് മാര്‍ച്ചില്‍ പലിശ കൂട്ടിത്തുടങ്ങും. ഈ വര്‍ഷം അഞ്ചു തവണയോ ഏഴു തവണയോ കൂട്ടുമെന്നാണു നിഗമനം.

പലിശ കൂട്ടുമ്പോള്‍ ബിസിനസുകള്‍ക്കു ലാഭ മാര്‍ജിന്‍ കുറയും. അതു കൊണ്ടാണു പലിശയുടെ പേരില്‍ വിപണി ഇടിയുന്നത്.

  • പണം കുറയ്ക്കാന്‍ നടപടി
പലിശ കൂട്ടുന്നതിനൊപ്പം ഫെഡ് വിപണിയിലെ പണലഭ്യത കുറയ്ക്കാനും ഒരുങ്ങുന്നുണ്ട്. രണ്ടു വര്‍ഷം കൊണ്ട് ഫെഡ് ഏകദേശം നാലര ലക്ഷം കോടി ഡോളറിന്റെ കടപ്പത്രങ്ങള്‍ വാങ്ങിക്കൂട്ടിയിരുന്നു. സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ക്കു പുറമേ ബാങ്കുകളുടെ എംബിഎസു (മോര്‍ട്‌ഗേജ് ബായ്ക്ക്ഡ് സെക്യൂരിറ്റീസ്) കളും വാങ്ങി. അതു വഴി വിപണിയില്‍ വേണ്ടതിലേറെ പണലഭ്യതയായി. ഇനി അതു കുറയ്ക്കണം. ആദ്യ ഘട്ടത്തില്‍ ബാങ്ക് എംബിഎസുകള്‍ വില്‍ക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ വിപണിയിലെ പണം കുറയും. പണപ്പെരുപ്പവും വിലക്കയറ്റവും കുറയും.

പക്ഷേ ഇതു ചെയ്യുമ്പോള്‍ വിപണിയെ ഉയര്‍ത്തുന്ന പണലഭ്യത കുറയുകയാണു ചെയ്യുന്നത്. സ്വാഭാവികമായും ഓഹരികളിലുള്ള നിക്ഷേപം കുറയും. ഓഹരിവില കുറയും.
  • മൂലധനത്തിന്റെ തിരിച്ചൊഴുക്ക്
യുഎസ് പലിശ കൂട്ടലും പണലഭ്യത കുറയ്ക്കലും ഓഹരികളില്‍ നിന്നു കടപ്പത്രങ്ങളിലേക്ക് നിക്ഷേപക താല്‍പര്യം മാറ്റും. ഒപ്പം വികസ്വര രാജ്യങ്ങളില്‍ നിന്നു യുഎസ് വിപണിയിലേക്കും പണത്തെ മാറ്റും. സ്വാഭാവികമായും വികസ്വരരാജ്യങ്ങളിലെ നിക്ഷേപം കുറയ്ക്കാന്‍ വിദേശ ഫണ്ടുകള്‍ ശ്രമിക്കും. മൂലധനത്തിന്റെ ഈ തിരിച്ചൊഴുക്ക് എല്ലാവരും എന്നും ഭയപ്പെടുന്നതാണ്.

ഇന്ത്യന്‍ ഓഹരിവിപണിയുടെ മൊത്തം മൂല്യത്തിന്റെ 20 ശതമാനം ഇന്നു വിദേശ നിക്ഷേപകരുടെ കൈയിലാണ്. ഏകദേശം 60,000 കോടി ഡോളര്‍. ഇന്ത്യയുടെ വിദേശനാണ്യ റിസര്‍വിന്റെ (63,000 കോടി ഡോളര്‍) അടുത്തു വരുന്ന തുക.
  • ബദലായി സ്വദേശി മൂലധനം
ഒക്ടോബറിനു ശേഷം ഫെബ്രുവരി 18 വരെ വിദേശികള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നു പിന്‍വലിച്ചത് 1100 കോടി ഡോളര്‍ (82,500 കോടി രൂപ) മാത്രമാണ്. മൊത്തം നിക്ഷേപത്തിന്റെ രണ്ടു ശതമാനത്തില്‍ താഴെ. ഇത് ഇന്ത്യന്‍ വിപണിയില്‍ ഏഴര ശതമാനം ഇടിവിനു കാരണമായി. കൂടുതല്‍ ഇടിവ് വരാത്തത് ഇതേ കാലയളവില്‍ സ്വദേശി നിക്ഷേപം വലുതായി നടന്നതു കൊണ്ടാണ്. ഒക്ടോബറിനു ശേഷം മ്യൂച്വല്‍ ഫണ്ടുകളും സ്വദേശി ധനകാര്യ സ്ഥാപനങ്ങളും കൂടി 1.62 ലക്ഷം കോടി നിക്ഷേപിച്ചു. ചില്ലറ നിക്ഷേപകരും വലിയ തോതില്‍ പണമിറക്കി. കഴിഞ്ഞ മാര്‍ച്ച് അവസാനം നിഫ്റ്റി 500 കമ്പനികളില്‍ 7.6 ശതമാനം ഓഹരികള്‍ ചില്ലറ നിക്ഷേപകരുടെ കൈയിലായിരുന്നത് ഡിസംബര്‍ ഒടുവില്‍ 8.5 ശതമാനമായി വര്‍ധിച്ചു. (രാജ്യത്തെ മൊത്തം വിപണി മൂല്യത്തിന്റെ 90 ശതമാനം നിഫ്റ്റി 500 കമ്പനികളുടേതാണ്).

പറഞ്ഞു വരുന്നത് ഇതാണ്. വിദേശ ഫണ്ടുകള്‍ വിറ്റതിന്റെ പേരില്‍ ഇതുവരെ വലിയ തകര്‍ച്ച വിപണിയില്‍ ഉണ്ടായിട്ടില്ല. ചില്ലറ നിക്ഷേപകര്‍ നേരിട്ടും മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയും നടത്തിയ നിക്ഷേപങ്ങളും സ്വദേശി ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപവുമാണ് വിപണിയെ താങ്ങി നിര്‍ത്തിയത്. ഇത് ഇനിയും തുടരുമോ എന്നതാണു ചോദ്യം.
നിക്ഷേപകരുടെ വിശ്വാസം നഷ്ടമാകുന്നോ?
മുകളില്‍ പറഞ്ഞ അനിശ്ചിതത്വങ്ങള്‍ അടുത്തു വരുംതോറും വേറൊന്ന് രൂപപ്പെടുന്നുണ്ട്. വിപണി തകരും എന്ന ഭീതി ശക്തമാകുന്നു. ഏതാനുമാഴ്ചകള്‍ക്കു മുമ്പ് ഉണ്ടായിരുന്ന വിശ്വാസം ചില്ലറനിക്ഷേപകര്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നില്ല. ഡിസംബറിനു ശേഷം ഓഹരികളുടെ ക്യാഷ് സെക്ഷനില്‍ നെറ്റ് ട്രേഡിംഗ് 13.9 ശതമാനം കുറഞ്ഞു. ഡെറിവേറ്റീവ് വ്യാപാരത്തില്‍ നെറ്റ് ട്രേഡിംഗ് ഏഴു ശതമാനമാണു കുറഞ്ഞത്. ചില്ലറ നിക്ഷേപകരാണ് ഇന്റര്‍നെറ്റിലൂടെ വ്യാപാരം നടത്തുന്നത്. അവര്‍ക്കു വിപണിയിലുള്ള വിശ്വാസം കുറയുന്നു എന്നാണ് ഇതു കാണിക്കുന്നത്.

മറ്റു പല അനിശ്ചിതത്വങ്ങളേക്കാളും ഗൗരവമുള്ളതാണ് ഈ വിശ്വാസനഷ്ടം. അനിശ്ചിതത്വങ്ങള്‍ വരും, പോകും. പക്ഷേ വിപണിയുടെ മുന്നോട്ടുള്ള ഗതിയില്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ അതല്ല നില. വിപണി വരുന്ന ദിവസങ്ങളില്‍ നേരിടേണ്ട വലിയ വിഷയമാണത്.

കമ്പനികളുടെയോ വ്യവസായങ്ങളുടെയോ പ്രശ്‌നം കൊണ്ടല്ലാതെ ഓഹരികള്‍ ഇടിയുമ്പോള്‍ നിക്ഷേപകര്‍ ചഞ്ചലിക്കും. ആഗോളവും ദേശീയവുമായ അനിശ്ചിതത്വങ്ങളും ആശങ്കകളും ആണ് പ്രത്യേക കാരണമില്ലാതെ നല്ല ഓഹരികളെയും ദുര്‍ബല ഓഹരികളെയും ഒരേ പോലെ താഴ്ത്തുന്നത്. ആ സംഗതികളെപ്പറ്റിയുള്ള കാഴ്ചപ്പാട് മാറുമ്പോള്‍ വിലകള്‍ ഉയരുകയും ചെയ്യുന്നു. ഇതു പല തവണ ആവര്‍ത്തിക്കുമ്പോഴാണു നിക്ഷേപകര്‍ക്കു വിശ്വാസം നഷ്ടമാകുന്നത്.


Tags:    

Similar News