ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാന്‍ ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പ്

ഈ വര്‍ഷം അവസാനത്തോടെ പ്രാഥമിക രേഖകള്‍ സെബിക്ക് മുമ്പാകെ സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്

Update:2022-09-21 14:13 IST

ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഐഡിയഫോര്‍ജ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു. 2023 ല്‍ കമ്പനി പ്രാഥമിക ഓഹരി വില്‍പ്പന നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി പ്രാഥമിക ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസ് സെബിക്ക് മുമ്പാകെ ഡിസംബറില്‍ സമര്‍പ്പിച്ചേക്കും.

ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം ഐഡിയഫോര്‍ജ് ഏകദേശം 125 മില്യണ്‍ ഡോളറാണ് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ 700 മില്യണ്‍ ഡോളര്‍ മൂല്യം നേടാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഫ്‌ലോറിന്‍ട്രീ ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സിന്റെ നേതൃത്വത്തില്‍ 2022 ഏപ്രിലില്‍ ഐഡിയഫോര്‍ജ് അവസാനമായി 20 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. Tracxn അനുസരിച്ച്, കമ്പനിയുടെ അവസാന മൂല്യം 122 മില്യണ്‍ ഡോളറാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, സെബിയുടെ അനുമതി ലഭിച്ചാല്‍ 2023 ന്റെ ആദ്യ പാദത്തില്‍ തന്നെ ഐപിഒ അരങ്ങേറും. അങ്കിത് മേത്ത, രാഹുല്‍ സിംഗ്, വിപുല്‍ ജോഷി, ആശിഷ് ഭട്ട് എന്നിവര്‍ ചേര്‍ന്ന് 2007ലാണ് ഐഡിയ ഫോര്‍ജ് സ്ഥാപിച്ചത്. ആളില്ലാ വിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ ലൈസന്‍സ് കമ്പനിക്കുണ്ട്. ഡ്രോണ്‍ കമ്പനികള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 23 സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണിത്.

ഇന്ത്യയിലെ ഏറ്റവും പഴയ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായ ഐഡിയ ഫോര്‍ജിന് ക്വാല്‍കോം വെഞ്ചേഴ്‌സും ഇന്‍ഫോസിസും ഉള്‍പ്പെടെ നിരവധി നിക്ഷേപകര്‍ പിന്തുണ നല്‍കിയിട്ടുണ്ട്.

Tags:    

Similar News