വമ്പന്‍ നേട്ടത്തില്‍ ഡ്രോണ്‍ആചാര്യ ലിസ്റ്റിംഗ്; ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടില്‍
ഇഷ്യൂ വിലയെക്കാള്‍ 90 ശതമാനം നേട്ടത്തിലായിരുന്നു ലിസ്റ്റിംഗ്
ഡ്രോണ്‍ആചാര്യ ഏരിയല്‍ ഇന്നൊവേഷന്‍സ് (Droneacharya Aerial Innovations) ഓഹരികള്‍ ബിഎസ്ഇ എസ്എംഇ (BSE SME) എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയെക്കാള്‍ 90 ശതമാനം നേട്ടത്തില്‍ 102 രൂപയ്ക്കായിരുന്നു ലിസ്റ്റിംഗ്. 52-54 രൂപയായിരുന്നു ഐപിഒയുടെ പ്രൈസ് ബാന്‍ഡ്.
ലിസ്റ്റിംഗിന് ശേഷം 107.10 രൂപയിലെത്തിയ ഓഹരികള്‍ നിലവില്‍ അപ്പര്‍ സര്‍ക്യൂട്ടിലാണ്. ഒരുവേള ഓഹരികള്‍ 96.90 രൂപ വരെ ഇടിഞ്ഞിരുന്നു. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഡ്രോണ്‍ആചാര്യ. ഡിസംബര്‍ 13 മുതല്‍ 15 വരെയായിരുന്നു ഐപിഒ. പുതിയ ഓഹരികളിലൂടെ 34 കോടി രൂപയാണ് കമ്പനി സമാഹരിക്കാന്‍ ലക്ഷ്യമിട്ടത്.
ഡ്രോണ്‍ നിര്‍മാണം, ഏരിയന്‍ സിനിമാട്ടോഗ്രഫി, ഡ്രോണ്‍ ഡാറ്റ പ്രോസസിംഗ് തുടങ്ങി ഏഴോളം മേഖലകളില്‍ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഡ്രോണ്‍ആചാര്യ. ഐപിഒയിലൂടെ സമാഹരിക്കുന്ന തുക ഡ്രോണുകളും നിര്‍മാണ സാമഗ്രികളും വാങ്ങാനാവും കമ്പനി ഉപയോഗിക്കുക. 2023 മാര്‍ച്ചിനുള്ളില്‍ 12 പുതിയ പരിശീലന കേന്ദ്രങ്ങളും തുടങ്ങും. 2022 മാര്‍ച്ച് മുതല്‍ 180 പേര്‍ക്കാണ് ഡ്രോണ്‍ആചാര്യ ഡ്രോണ്‍ പൈലറ്റ് പരിശീലനം നല്‍കിയത്. 2021-22 സാമ്പത്തിക വര്‍ഷം 3.58 കോടി രൂപയുടെ വരുമാനം നേടിയ കമ്പനിയുടെ അറ്റാദായം 40.65 ലക്ഷം രൂപയായിരുന്നു.