ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അറ്റാദായത്തില്‍ 41% വര്‍ധന

കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ മാന്ദ്യത്തില്‍ നിന്നും സൂക്ഷ്മ, ചെറുകിട സംരംഭകര്‍ കരകയറിത്തുടങ്ങിയതായി ഈ വളര്‍ച്ചാ ഫലത്തെ കണക്കാക്കാമെന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ പോള്‍ തോമസ്

Update:2020-11-11 18:57 IST

സെപ്തംബര്‍ 30ന് അവസാനിച്ച പാദത്തില്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അറ്റാദായം 41.09 ശതമാനം വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 92.44 കോടി രൂപയുടെ അറ്റാദായം ഇത്തവണ 130.42 കോടി രൂപയായി വര്‍ധിച്ചു. ഈ കാലയളവില്‍ 35.06 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ബാങ്കിന്റെ ബിസിനസ് 15,582 കോടി രൂപയിലെത്തി. നിക്ഷേപങ്ങള്‍ 35.38 ശതമാനം വര്‍ധിച്ച് 8208 കോടി രൂപയായി.

'ബാങ്ക് മികച്ച പ്രകടനമാണ് ഇത്തവണയും കാഴ്ചവെച്ചത്. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ മാന്ദ്യത്തില്‍ നിന്നും സൂക്ഷ്മ, ചെറുകിട സംരംഭകര്‍ കരകയറിത്തുടങ്ങി എന്നാണ് ഈ വളര്‍ച്ചാ ഫലം കാണിക്കുന്നത്. ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണപരമായ ഒരു സൂചനയാണ്,' ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ പോള്‍ തോമസ് പറഞ്ഞു.

വായ്പകള്‍ 34.70 ശതമാനം വര്‍ധിച്ച് 7374 കോടി രൂപയിലെത്തി. മൊത്തം വായ്പകളിലെ നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 1.76 ശതമാനമെന്ന നിരക്കില്‍ നിന്നും ഇത്തവണ 1.32 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 0.62 ശതമാനത്തില്‍ നിന്നും 0.19 ശതമാനമായും കുറഞ്ഞു. വായ്പകളിന്‍മേലുള്ള നീക്കിയിരുപ്പ് അനുപാതം 81.53 ശതമാനത്തില്‍ നിന്നും 93.45 ശതമാനമായി മെച്ചപ്പെട്ടു. മൂലധന പര്യാപ്തതാ അനുപാതം 24.29 ശതമാനമാണ്.

'പ്രതിസന്ധി ഘട്ടം മറികടക്കുന്നതില്‍ ഉപഭോക്താക്കള്‍ വലിയ തിരിച്ചുവരവാണ് നടത്തിയത്. സാധാരണ നില വീണ്ടെടുക്കുന്നതിന് ബാങ്ക് അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുകയും പര്യാപ്തമായ സുരക്ഷയും പിന്തുണയും ഉപഭോക്താക്കള്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്,' പോള്‍ തോമസ് വ്യക്തമാക്കി.

സെപ്തംബര്‍ 30ന് അവസാനിച്ച പാദത്തില്‍ ഇസാഫ് 29 പുതിയ ശാഖകള്‍ കൂടി തുറന്നിട്ടുണ്ട്. ഇതോടെ 19 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ശാഖകളുടെ എണ്ണം 483 ആയി ഉയര്‍ത്തിയിട്ടുണ്ട്.

Tags:    

Similar News