ശരീഅത്ത് മ്യൂച്വല്‍ ഫണ്ടുകള്‍, അറിയേണ്ടതെല്ലാം

ഇന്ത്യയില്‍ ശരീഅ നിയമപ്രകാരമുള്ള ഫണ്ടുകളേതൊക്കെ, എങ്ങനെ നിക്ഷേപിക്കാം, എന്താണതിന്റെ സവിശേഷത?

Update:2021-11-23 07:15 IST

Business photo created by sentavio - www.freepik.com

ഇന്ന് എല്ലാവര്‍ക്കുമിടയിലും സുപരിചിതമായ ഒരു നിക്ഷേപമാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ട്. ജാതിമത ഭേദമന്യേ നിരവധി പേര്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നുണ്ട്. എന്നിരുന്നാലും, മുസ്ലിം മതവിശ്വാസികളില്‍നിന്ന് പലരും ചോദിക്കുന്ന ഒരു കാര്യമാണ്, ശരീഅ നിയമപ്രകാരം നിക്ഷേപിക്കുന്ന ഫണ്ടുകള്‍ വേണമെന്നുള്ളത്. കാരണം, ഇസ്ലാമിലെ ശരീഅ നിയമമനുസരിച്ച്, അവര്‍ക്ക് എല്ലാ മേഖലകളിലും നിക്ഷേപിക്കുന്നതിന് പരിമിതികളുണ്ട്. ഉദാഹരണത്തിന്, പലിശയും മദ്യവുമൊക്കെ ഇസ്ലാം മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിഷിദ്ധമായതിനാല്‍ ഇതുമായി ബന്ധപ്പെട്ടുകിടക്കുന്ന കമ്പനികളുടെ ഓഹരികളിലും, ബാങ്കുകളിലും അവര്‍ നിക്ഷേപിക്കാറില്ല. അതുകൊണ്ടാണ്, ഇസ്ലാം മതവിശ്വാസികള്‍ക്ക് ശരീഅത്ത് നിയമമനുസരിച്ച് നിക്ഷേപിക്കാവുന്ന രീതിയില്‍ അത്തരം കമ്പനികളെ ഒഴിവാക്കി, സെബി പ്രത്യേകമായി ശരീഅ മ്യൂച്വല്‍ ഫണ്ട് അല്ലെങ്കില്‍ എത്തിക്കല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് രൂപം നല്‍കിയത്. ഇസ്ലാം മതവിശ്വാസിയായ ഒരാള്‍ക്ക് പൂര്‍ണമായും തന്റെ വിശ്വാസമനുസരിച്ച് നിക്ഷേിക്കാവുന്ന മ്യൂച്വല്‍ ഫണ്ടുകളാണിത്.

എത്തിക്കല്‍ മ്യൂച്വല്‍ ഫണ്ടുകളും സെര്‍റ്റിഫിക്കേഷനും
ഇന്ത്യയില്‍ സെബി (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കാറ്റഗറൈസ് ചെയ്തിട്ടുള്ള രണ്ട് ശരീഅ ഫണ്ടുകളാണുള്ളത്. ടാറ്റ മ്യൂച്വല്‍ കമ്പനിയുടെ ടാറ്റ എത്തിക്കല്‍ ഫണ്ടും ടോറസ് മ്യൂച്വല്‍ ഫണ്ട് കമ്പനിയുടെ ടോറസ് എത്തിക്കല്‍ ഫണ്ടും. ഇത് കൂടാതെ ഒരു ഇടിഎഫ് കൂടിയുണ്ട് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) നിപ്പോണ്‍ ഇടിഎഫ് ശരീഅ ബീസും ശരീഅ നിയമമനുസരിച്ച് നിക്ഷേപിക്കാവുന്ന ഒരു ഇന്‍ഡക്സ് ഫണ്ടാണ്.

സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയാണ് ശരീഅ ഫണ്ടുകള്‍ കാറ്റഗറൈസ് ചെയ്തത്. ഇതിനുവേണ്ടി മുംബൈയിലെ തഖ്വ അഡൈ്വസറി ആന്റ് ശരീഅ ഇന്‍വെസ്റ്റ്മെന്റ സൊലൂഷന്‍ (TASIS) എന്ന സ്ഥാപനമാണ് ശരീഅ നിയമങ്ങളും നിയന്ത്രണങ്ങളും വ്യക്തമാക്കിയിട്ടുള്ളത്. ഇതിന്റെ ബോര്‍ഡാണ് ശരീഅ മ്യൂച്വല്‍ ഫണ്ടുകളുടെ ഓഡിറ്റിംഗും ശരീഅ നിയമമനുസരിച്ചാണോ നിക്ഷേപിക്കുന്നത് എന്ന പരിശോധിച്ച് ശരിഅ സര്‍ട്ടിഫിക്കേഷനും നല്‍കുന്നത്. അതിനനുസരിച്ചാണ് ഈ രണ്ട് ശരീഅ മ്യൂച്വല്‍ ഫണ്ടുകളും സെബി കാറ്റഗറൈസ് ചെയ്തിട്ടുള്ളത്.
ശരിയാ ഫണ്ടുകള്‍ എവിടെ നിക്ഷേപിക്കുന്നു, നിക്ഷേപ പ്രക്രിയ എങ്ങനെ?
പ്രധാനമായും മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ശരീഅ മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപം.

1.ബിസിനസ് പോയ്ന്റ് ഓഫ് വ്യൂ: കമ്പനി ഏത് ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്നു, കമ്പനിയുടെ പ്രവര്‍ത്തന മേഖല എന്ത് തുടങ്ങിയ കാര്യങ്ങള്‍ നോക്കിയാണ് ശരീഅ ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്. പ്രധാനമായും പലിശയിലൂടെ വരുമാനം നേടുന്ന കമ്പനികള്‍, അല്ലെങ്കില്‍ ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികളില്‍ ശരീഅ ഫണ്ടുകള്‍ നിക്ഷേപിക്കില്ല. കൂടാതെ എന്‍ബിഎഫ്സികള്‍, മദ്യം വില്‍ക്കുന്ന/ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍, പുകയില ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന അല്ലെങ്കില്‍ വില്‍ക്കുന്ന കമ്പനികള്‍, ആയുധങ്ങള്‍ നിര്‍മിക്കുന്ന അല്ലെങ്കില്‍ വില്‍ക്കുന്ന കമ്പനികള്‍, ചൂതാട്ടം നടത്തുന്ന കമ്പനികള്‍, അതുകൊണ്ട് തന്നെ സ്റ്റോക്ക് ബ്രോക്കിംഗുമായി ബന്ധപ്പെട്ട കമ്പനികള്‍, സിനിമ കൈകാര്യം ചെയ്യുന്ന കമ്പനികള്‍, നോണ്‍ ഹലാല്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കമ്പനികള്‍ എന്നിവയിലൊന്നും ശരീഅ നിയമപ്രകാരം നിക്ഷേപം പാടില്ല.

2.ഫിനാന്‍ഷ്യല്‍ പോയ്ന്റ് ഓഫ് വ്യൂ: ഇതില്‍ പ്രധാനമായും പരിശോധിക്കപെടുന്നത് കമ്പനികള്‍ കടം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെപ്പറ്റിയാണ്. ഒരു പരിധിയില്‍ കൂടുതല്‍ കടമുള്ള കമ്പനികളിലുള്ള നിക്ഷേപം പാടില്ല. അതായത്, ഒരു കമ്പനിയുടെ മൊത്തം ആസ്തിയുടെ 25 ശതമാനത്തിലധികം കടമുള്ള കമ്പനികളില്‍ നിക്ഷേപിക്കുന്നതില്‍ പരിമിതികളുണ്ട്. കൂടാതെ, കമ്പനിയുടെ മൊത്തം ആസ്തിയുടെ 90 ശതമാനത്തില്‍ കൂടുതല്‍ ഫ്രീ ക്യാഷ് സംഭരിച്ചു കൈകാര്യം ചെയ്യുന്ന കമ്പനികളുടെ ഓഹരികളിലും നിക്ഷേപം പറ്റില്ല.

3.പര്‍ജിംഗ് ഓഫ് ഇന്ററസ്റ്റ്: കമ്പനിയുടെ മൊത്തം വരുമാനത്തില്‍ നിന്ന് പലിശ വരുമാനം വേര്‍തിരിച്ചു നീക്കം ചെയ്യുന്ന പ്രക്രിയയാണിത്. ഇന്നത്തെകാലത്തു പലിശ പൂര്‍ണമായും ഒഴിവാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ വിരളമായിരിക്കും. എല്ലാ കമ്പനികളും ഏതെങ്കിലും ഒരു ഘട്ടത്തില്‍ പലിശയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടതായി വരും. അതിനാല്‍ തന്നെ പലിശയുമായി ബന്ധപ്പെട്ടുള്ള കമ്പനികളില്‍ മാനദണ്ഡമനുസരിച്ചുള്ള നിക്ഷേപം അനുവദനീയമാണ്. ഒരു കമ്പനിയുടെ മൊത്തം വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ പലിശയില്‍നിന്നുള്ള വരുമാനം മൂന്ന് ശതമാനത്തില്‍ കൂടുതലാണെങ്കില്‍ അത്തരത്തിലുള്ള കമ്പനികളിലുള്ള നിക്ഷേപം നിഷിദ്ധമാണ്. അത്തരത്തിലുള്ള കമ്പനികളുടെ ഓഹരികളില്‍ ശരിഅ ഫണ്ടുകള്‍ നിക്ഷേപിക്കുന്നില്ല .
ടാറ്റ എത്തിക്കല്‍ ഫണ്ട്
ശരീഅത്ത് മ്യൂച്വല്‍ ഫണ്ടുകളിലെ മികച്ച ഒരു ഫണ്ടാണ് ടാറ്റ എത്തിക്കല്‍ മ്യൂച്വല്‍ ഫണ്ട്. 1996ലാണ് ടാറ്റ എത്തിക്കല്‍ ഫണ്ട് ആരംഭിക്കുന്നത്. 10 രൂപയില്‍ തുടങ്ങിയ എന്‍എവി ഇന്ന് ഏകദേശം 278 രൂപയും ഫണ്ടിന്റെ എ.യു.എം(അസറ്റ് അണ്ടര്‍ മാനേജ്മന്റ്) ഇന്ന് 1,100 കോടിയിലും എത്തി നില്‍ക്കുന്നു . കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 57 ശതമാനത്തോളം ആദായമാണ് ഈ മ്യൂച്വല്‍ ഫണ്ട് നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 110 ശതമാനം റിട്ടേണ്‍സാണ് ഈ ഫണ്ട് രേഖപ്പെടുത്തിയത്. 10 വര്‍ഷം നോക്കുമ്പോള്‍ 390 ശതമാനം റിട്ടേണാണുള്ളത്. ഫണ്ട് തുടങ്ങിയ അന്ന് മുതലുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ഏകദേശം 2,800 ശതമാനം ആദായമാണ് ഈ ഫണ്ട് നല്‍കിയത്.
ടോറസ് എത്തിക്കല്‍ ഫണ്ട്
2009 ലാണ് ടോറസ് ഫണ്ട് ആരംഭിക്കുന്നത്.10 രൂപയില്‍ തുടങ്ങിയ എന്‍എവി 86 രൂപയില്‍ എത്തി നില്‍ക്കുന്നു. നിലവില്‍ 72 കോടിയോളമാണ് ഈ ഫണ്ടിന്റെ എ.യു.എം. ഒരു വര്‍ഷത്തിനിടെ 44 ശതമാനം ആദായമാണ് ഈ മ്യൂച്വല്‍ ഫണ്ട് നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 110 ശതമാനവും 10 വര്‍ഷത്തിനിടെ 256 ശതമാനവും, ഫണ്ട് തുടങ്ങിയത് മുതല്‍ ഇന്നുവരെ 766 ശതമാനം റിട്ടേണ്‍സുമാണ് ഈ ഫണ്ടിനുള്ളത്. ഈ രണ്ട് ഫണ്ടുകളും മികച്ച ഫണ്ടുകളാണ്, എന്നിരുന്നാലും ടാറ്റ എത്തിക്കല്‍ ഫണ്ടാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ നിര്‍ദേശിക്കപ്പെടുന്നത്. ഈ രണ്ടു മ്യൂച്വല്‍ ഫണ്ടുകളും ഓഹരിയാധിഷ്ഠിത ഫണ്ടുകളും ടാക്സേഷന്‍ ഇക്വിറ്റി ടാക്സേഷനുമാണ്.
നിപ്പോണ്‍ ഇന്ത്യ ഇ.ടി.എഫ് ശരീഅ ബീസ്
2009 ലാണ് ഈ ഫണ്ട് ആരംഭിക്കുന്നത്. മറ്റു രണ്ടു ഫണ്ടുകളില്‍ നിന്നും വിഭിന്നമായി 100 രൂപ എന്‍.എ.വി യില്‍ തുടങ്ങിയ ഫണ്ടിന്റെ എന്‍.എ.വി ഇന്ന് 440 രൂപയാണ്. താരതമ്യേന കുറഞ്ഞ എയുഎം ആണ് ഫണ്ടിനുള്ളത്. ഏകദേശം 13 കോടി രൂപ . കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 44 ശതമാനത്തോളം ആദായമാണ് ഈ ഇ.ടി.ഫ് നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 124 ശതമാനം റിട്ടേണ്‍സാണ് ഈ ഫണ്ട് രേഖപ്പെടുത്തിയത്. 10 വര്‍ഷം നോക്കുമ്പോള്‍ 266 ശതമാനം റിട്ടേണാണുള്ളത്. തുടങ്ങിയ അന്ന് മുതലുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ഏകദേശം 346 ശതമാനം ആദായമാണ് ഈ ഫണ്ട് നല്‍കിയത്.
എങ്ങനെ നിക്ഷേപിക്കാം
സാധാരണയായി മറ്റേതൊരു മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാവുന്നത് പോലെ തന്നെ ഈ രണ്ട് മ്യൂച്വല്‍ ഫണ്ടുകളിലും ആര്‍ക്കും നിക്ഷേപിക്കാവുന്നതാണ്. ഒരു ഫിനാന്‍ഷ്യല്‍ അഡൈ്വസറുടെ നിര്‍ദേശമനുസരിച്ചോ അല്ലെങ്കില്‍ നേരിട്ട് മ്യൂച്വല്‍ ഫണ്ട് കമ്പനികളില്‍ പോയിട്ടോ, ഓണ്‍ലൈനായോ നിക്ഷേപിക്കാവുന്നതാണ്. ഈ രണ്ട് മ്യൂച്വല്‍ ഫണ്ടുകളും ഇക്വിറ്റി ടാക്സേഷനാണ്. അതുപോലെ തന്നെ നിപ്പോണ്‍ ഇടിഎഫ് ശരീഅ ബീസ് മ്യൂച്വല്‍ ഫണ്ട് ഇ.ടി. എഫ് ആയതിനാല്‍ ഡീമാറ്റ് അക്കൗണ്ട് എടുത്തുവേണം നിക്ഷേപിക്കാന്‍.

(ഫിനാന്‍ഷ്യല്‍ അഡൈ്വസറും കോര്‍പ്പറേറ്റ് ട്രെയ്നറുമാണ് ലേഖകന്‍. ഇ മെയ്ല്‍: sree@scripon.com, ഫോണ്‍: 99955 55026)


Tags:    

Similar News