എല്‍ഐസിക്ക് പിന്നാലെ മറ്റൊരു പൊതുമേഖലാ സ്ഥാപനം കൂടി ലിസ്റ്റിംഗിന്

നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ തന്നെ പ്രാഥമിക ഓഹരി വില്‍പ്പനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്

Update:2022-07-27 11:56 IST

എല്‍ഐസിക്ക് പിന്നാലെ ഓഹരി വിപണിയില്‍ ലിസ്റ്റിംഗിനൊരുങ്ങി പൊതുമേഖലാ സ്ഥാപനമായ ഇസിജിസി (Export Credit Guarantee Corporation of India). എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഏജന്‍സിയുടെ ഓഹരി വിപണിയിലേക്കുള്ള പ്രവേശനം നടപ്പു സാമ്പത്തിക വര്‍ഷത്തോടെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഏജന്‍സിയുടെ ലിസ്റ്റിംഗ് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ നടക്കുമെന്ന് ഇസിജിസി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം സെന്തില്‍നാഥനാണ് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ ഐപിഒ ഉടനുണ്ടാകുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (LIC) ഐപിഒയ്ക്ക് (LIC Ipo) ശേഷം ഇസിജിസിയുടെ ലിസ്റ്റിംഗ് നടക്കുമെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിപാം) സൂചിപ്പിച്ചതായി സെന്തില്‍നാഥന്‍ പറഞ്ഞു.
'ഇസിജിസിയുടെ പ്രാരംഭ അവലോകനം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റാണ് നടത്തിയത്, അടുത്ത നീക്കം അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ലിസ്റ്റിംഗ് നടക്കുമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു'' സെന്തില്‍നാഥന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കയറ്റുമതിക്കാര്‍ക്ക് ക്രെഡിറ്റ് റിസ്‌ക് ഇന്‍ഷുറന്‍സും (Credit Risk Insurance) കയറ്റുമതിക്കായി ബന്ധപ്പെട്ട സേവനങ്ങളും നല്‍കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്.



Tags:    

Similar News