ഫാക്ടിന് റെക്കോഡ് ലാഭവും വിറ്റുവരവും; ഓഹരികളില്‍ 8% ഇടിവ്

നാലാംപാദത്തിലെ ലാഭത്തകര്‍ച്ച ഓഹരികളെ ബാധിച്ചു

Update:2023-05-05 21:14 IST

Courtesy-FACT

കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ വളം നിര്‍മ്മാണക്കമ്പനിയായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (ഫാക്ട്/FACT) കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) ലാഭത്തിലും വിറ്റുവരവിലും കുറിച്ചത് പുതിയ റെക്കോഡ്. 612.99 കോടി രൂപയുടെ പ്രവര്‍ത്തനലാഭമാണ് കഴിഞ്ഞവര്‍ഷം നേടിയത്. ഇത് റെക്കോഡാണ്. 2021-22ല്‍ ലാഭം 353.28 കോടി രൂപയായിരുന്നു.

Also Read : ഷെൻഗെൻ മാതൃകയിൽ വീസ നൽകാൻ ഗൾഫ് രാഷ്ട്രങ്ങൾ

വിറ്റുവരവ് 4,424.80 കോടി രൂപയില്‍ നിന്ന് എക്കാലത്തെയും ഉയരമായ 6,198.15 കോടി രൂപയിലുമെത്തി.
നാലാംപാദവും ഓഹരിവില ഇടിവും
സാമ്പത്തിക വര്‍ഷത്തെ നാലാംപാദമായ ജനുവരി-മാര്‍ച്ചില്‍ ലാഭം 26.9 ശതമാനം താഴ്ന്ന് 165.60 കോടി രൂപയിലെത്തിയതും വിറ്റുവരവ് 26.2 ശതമാനം കുറഞ്ഞ് 1,248 കോടി രൂപയായതും ഇന്ന് കമ്പനിയുടെ ഓഹരിവിലയില്‍ ഇടിവിന് വഴിയൊരുക്കി. വ്യാപാരാന്ത്യം 7.72 ശതമാനം നഷ്ടവുമായി 323.2 രൂപയിലാണ് ഓഹരിവിലയുള്ളത്.
വളം വില്‍പനയും ലാഭവിഹിതവും
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 9.83 ലക്ഷം ടണ്‍ വളം വില്‍പനയാണ് ഫാക്ട് നടത്തിയത്. ഫാക്ടംഫോസ് 7.42 ലക്ഷം ടണ്‍, അമോണിയം സള്‍ഫേറ്റ് 2.20 ലക്ഷം ടണ്‍, ജൈവവളം 0.20 ലക്ഷം ടണ്‍ എന്നിങ്ങനെയായിരുന്നു വില്‍പന. 43,712 ടണ്‍ കാപ്രോലാക്ടവും വിറ്റഴിച്ചു.
ഫാക്ടംഫോസ് ഉത്പാദനം 8.28 ലക്ഷം ടണ്ണാണ്; ഉത്പാദനശേഷിയുടെ 131 ശതമാനം. ഇത് റെക്കോഡാണ്. 109 ശതമാനമാണ് അമോണിയം സള്‍ഫേറ്റ് ഉത്പാദനം. ഓഹരിയൊന്നിന് ഒരുരൂപ വീതം 2022-23 വര്‍ഷത്തെ അന്തിമ ലാഭവിഹിതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Tags:    

Similar News