ഫെഡറല്‍ ബാങ്ക്-കോട്ടക് ലയന വാര്‍ത്ത: ഓഹരിവിലയ്ക്ക് എന്ത് സംഭവിച്ചു?

ലയന വാര്‍ത്തയും വാര്‍ത്തയ്ക്ക് പിന്നാലെ ബാങ്കിന്റെ വിശദീകരണവും ഓഹരിവിലയെ ചാഞ്ചാട്ടത്തിലേക്ക് നയിച്ചതെങ്ങനെ, കാണാം

Update:2022-09-07 16:50 IST

Image Courtesy: Vijay/Dhanam

ഫെഡറൽ ബാങ്ക് - കോട്ടക് മഹീന്ദ്ര ബാങ്ക്  ലയന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടെ ഫെഡറല്‍ ബാങ്ക് ഓഹരി ഇന്നലെ 1.74 ശതമാനം താഴ്ന്ന് 121.4 രൂപയായി. കോട്ടക് മഹീന്ദ്ര ബാങ്ക് ഓഹരിയും ഒരു ശതമാനത്തിലേറെ താഴ്ന്നു. ഫെഡറല്‍ ബാങ്ക് സാരഥി ശ്യാം ശ്രീനിവാസന്‍ ലയന റിപ്പോര്‍ട്ടുകള്‍ വീണ്ടും നിഷേധിച്ചിട്ടുണ്ട്. തങ്ങള്‍ എവിടെയെങ്കിലും ലയിക്കാനല്ല, മറ്റു ബാങ്കുകളെ ഏറ്റെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നു ശ്രീനിവാസന്‍ പറഞ്ഞു. 

ഇന്ന് വ്യാപാരം അവസാനിപ്പിക്കുമ്പോൾ (സെപ്തംബർ 7) 118.85 രൂപയിലാണ് ഓഹരികൾ നിൽക്കുന്നത്. വാര്‍ത്ത നിഷേധിച്ച് കൊണ്ട് കഴിഞ്ഞ ദിവസം തന്നെ ഫെഡറല്‍ ബാങ്ക് പ്രസ്താവന പുറത്തിറക്കിയിരുന്നു. കോട്ടക് മഹീന്ദ്ര ബാങ്ക് ഇക്കാര്യം സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫെഡറലിനെ ഏറ്റെടുക്കുന്നത് കൊട്ടക് മഹീന്ദ്രയുടെ ഇപിഎസ് 12-13 ശതമാനം വര്‍ധിപ്പിക്കുമെന്ന് ഒരു ബ്രോക്കറേജ് വിശകലന റിപ്പോര്‍ട്ടില്‍ പറഞ്ഞു.

എച്ച്ഡിഎഫ്‌സി ദ്വയങ്ങളുടെ ലയനം വലുപ്പവും വിപണിയിലെ പങ്കാളിത്തവും വര്‍ധിപ്പിക്കാന്‍ മറ്റു സ്വകാര്യ മേഖലാ ബാങ്കുകളെ നിര്‍ബന്ധിതമാക്കുന്ന സാഹചര്യമുണ്ട്.

ഫെഡറല്‍ ബാങ്കിനെക്കുറിച്ചുള്ള ലയന വാര്‍ത്തകള്‍ മുമ്പും പുറത്തുവന്നിരുന്നു. മുമ്പും കേരളത്തില്‍ നിന്നും നിരവധി ബാങ്കുകള്‍ ദേശീയ തല ബാങ്കുകളുമായി ലയിച്ചിട്ടുണ്ട്. കൊച്ചിന്‍ ബാങ്ക്, പറവൂര്‍ സെന്‍ട്രല്‍ ബാങ്ക്, ലോര്‍ഡ് കൃഷ്ണ ബാങ്ക്, എസ്ബിടി എന്നിവ അവയില്‍ ചിലതാണ്. 

ബാങ്കുകളുടെ ലയനം മുമ്പ് കേരളത്തില്‍ വലിയ സമരങ്ങള്‍ അടക്കമുള്ള എതിര്‍പ്പുകള്‍ക്ക് വഴിവച്ചിരുന്നു. ഇനി ഭാവിയില്‍ ലയനം നടന്നാല്‍ തന്നെ വലിയ എതിര്‍പ്പുകള്‍ വരാനുള്ള സാധ്യത കുറവാണ്. മുമ്പ് ബാങ്ക് ജീവനക്കാരുമായി ഉപഭോക്താക്കള്‍ നേരിട്ട് ആശയവിനിമയം നടത്തിയിരുന്നുവെങ്കില്‍ ഇന്ന് അത്തരം ആവശ്യകതകള്‍ പലരും ഡിജിറ്റലാക്കിയിരിക്കുകയാണ്.

ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ സേവനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ ലഭ്യമാക്കുന്ന ബാങ്കുകളിലൊന്നാണ് ഫെഡറല്‍ ബാങ്ക്. ഡിജിറ്റല്‍ ബാങ്കിംഗ്് ശക്തി പ്രാപിച്ചതിനാല്‍ തന്നെ ബാങ്ക് ജീവനക്കാരുടെ എണ്ണം ബാങ്കുകള്‍ക്ക് പ്രശ്നമല്ലാതെയുമായിരിക്കുന്നു. ഇതിനാല്‍ തന്നെ ബാങ്കിന്റെ ലയന വാര്‍ത്തകള്‍ വന്നാലും വലിയ എതിര്‍പ്പുകള്‍ക്ക് സാധ്യതയില്ല.

ശക്തരായ ഓഹരി ഉടമകള്‍ ഇല്ല എന്നുള്ളതും ബാങ്കിന്റെ ലയനത്തിന് ഭാവിയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കില്ല. അതേസമയം കേരളത്തിന്റെ അഭിമാന സ്തംഭങ്ങളിലൊന്നായ ഫെഡറല്‍ ബാങ്കും കേരളത്തിന് നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് പല ഇടപാടുകാരും ജീവനക്കാരും.


ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണില്‍ ലഭിക്കാന്‍ join Dhanam Telegram Channel

Tags:    

Similar News