ഓഹരിവിപണിയില്‍ ആദ്യമായി നിക്ഷേപിക്കാനൊരുങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

ഓഹരിവിപണിയിലേക്ക് പുതുതായി ഇറങ്ങുന്നവര്‍ പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ വായിക്കാം.

Update:2021-08-12 15:09 IST

കോവിഡ് തംരംഗവും മറ്റ് ആഗോള പ്രശ്‌നങ്ങളും കയറ്റിറക്കങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ഓഹരികള്‍ അടുത്ത കാലത്ത് മികച്ച ഫലങ്ങളാണ് പല നിക്ഷേപകര്‍ക്കും സമ്മാനിച്ചത്. ഓഹരി നിക്ഷേപത്തിലേക്ക് നിരവധി പേരാണ് ഇപ്പോള്‍ ഇറങ്ങാന്‍ തയ്യാറായി ഇരിക്കുന്നത്. ഓഹരിവിപണിയിലെ ഐപിഓ തരംഗവും പുതു നിക്ഷേപകരെ ആകര്‍ഷിക്കുന്നു. വിപണിയുമായി ബന്ധപ്പെട്ട റിസ്‌കുകള്‍ ഉണ്ടെങ്കിലും ഭാവിയിലേക്ക് കരുതലെന്നോണം വിവിധ നിക്ഷേപ മാര്‍ഗങ്ങള്‍ക്കൊപ്പം ഓഹരികളും തെരഞ്ഞെടുക്കാം. പക്ഷെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പ് തീര്‍ച്ചയായും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. 

1. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ മനസ്സിലാക്കുക
ഓരോ വ്യക്തിയുടെയും ജീവിതം പോലെ തന്നെ, സാമ്പത്തിക ലക്ഷ്യങ്ങള്‍ വ്യത്യസ്തമായിരിക്കാം. അതുപോലെ അവരുടെ നിക്ഷേപ മാര്‍ഗങ്ങളും വ്യത്യാസപ്പെടും. ഇന്ത്യയിലെ സ്റ്റോക്ക് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന രീതി മനസ്സിലാക്കുന്നതിനുമുമ്പ്, ആദ്യം അവരവരുടെ സാമ്പത്തിക ലക്ഷ്യങ്ങളും എത്രത്തോളം നിക്ഷേപം നടത്താന്‍ കഴിയുമെന്നും ഭാവിയില്‍ എത്ര സമ്പാദ്യം വേണ്ടി വരുമെന്നും മനസ്സിലാക്കണം.
ദീര്‍ഘകാല നിക്ഷേപം തെരഞ്ഞെടുക്കുന്നത് ഉയര്‍ന്ന വരുമാനം നല്‍കുമെന്ന് പലപ്പോഴും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, നിങ്ങള്‍ നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളും നിക്ഷേപത്തിനായി മാറ്റി വയ്ക്കാവുന്ന തുകയും മനസ്സിലാക്കണം.
2. എത്ര റിസ്‌ക് എടുക്കാം?
റിസ്‌ക് അപെറ്റൈറ്റ് അഥവാ നിക്ഷേപത്തിനൊരുങ്ങും മുമ്പ് എടുക്കാന്‍ കഴിയുന്ന റിസ്‌കുകളും മനസ്സിലാക്കിയിരിക്കുക. നിങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്ന് വലിയ നിശ്ചിത വരുമാനം പ്രതീക്ഷിക്കുക എന്നത് എപ്പോഴും പ്രാവര്‍ത്തികമാകുന്ന സമീപനമെന്ന് കരുതാന്‍ കഴിയില്ല.
വ്യക്തികളുടെ പ്രായം ഇതില്‍ വലിയൊരു ഘടകമാണ്. ജോലി ചെയ്ത് അല്ലെങ്കില്‍ ബിസിനസില്‍ നിന്നുള്ള ആദ്യ ലാഭങ്ങള്‍ കിട്ടി തുടങ്ങുമ്പോഴുള്ളത് പോലെ ആകില്ല റിട്ടയര്‍മെന്റ് കാലത്തെ നിക്ഷേപം.
നിങ്ങള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുമ്പോള്‍, അതുമായി ബന്ധപ്പെട്ട അപകടസാധ്യതകളും ഓര്‍ക്കണം. നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളും റിസ്‌ക് അപെറ്റൈറ്റും മനസ്സിലാക്കി കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് വിദഗ്‌ധോപദേശത്തോടെ തീരുമാനം എടുക്കാം.
3. കടം വാങ്ങി നിക്ഷേപിക്കരുത്
ആദ്യമായി നിക്ഷേപിക്കുമ്പോള്‍ മിക്കവരും വരുത്തുന്ന ഏറ്റവും വലിയ തെറ്റ് നിങ്ങള്‍ക്ക് താങ്ങാനാകാത്ത നിക്ഷേപം നടത്തുന്നു എന്നതാണ്. ഓഹരിവിപണിയിലെ നേട്ടത്തിന്റെ കഥകളും ലാഭം നല്‍കുന്ന ഓഹരികളും കണ്ടും കയ്യിലുള്ളതെല്ലാം എടുക്കുന്നത് കൂടാതെ സുഹൃത്തുക്കളുടെ അടുത്തുനിന്നും മറ്റും പണം കടമെടുത്ത് നിക്ഷേപിക്കുന്ന പ്രവണത കാണാറുണ്ട്. ഇത് പാടില്ല.
സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് നിങ്ങളുടെ നിക്ഷേപ തുക ഏറ്റവും മിച്ച ഫണ്ടുകള്‍ കണ്ടെത്തി അവയില്‍ മാത്രം നിക്ഷേപിക്കുക എന്നാണ്. കാരണം സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നത് അപകടസാധ്യതകളും കൂടി മുന്നില്‍ കണ്ടാണ്.
ഓഹരിവിപണിയുമായി ബന്ധപ്പെട്ട അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് സ്വയം ബോധവത്കരിക്കേണ്ടത് പ്രധാനമാണ്. ഓണ്‍ലൈന്‍ വ്യാപാരവും നിക്ഷേപവുമായി ബന്ധപ്പെട്ട പദങ്ങള്‍ ആദ്യം പഠിക്കുക. ഓഹരി വിപണി വിലയിരുത്തുന്ന വിദഗ്ധരുടെ ലേഖനങ്ങളും സദാ പിന്തുടരുക. നേരിട്ട് നിക്ഷേപിക്കുന്നതിനേക്കാള്‍ എസ്‌ഐപി പോലുള്ള പ്രാരംഭ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
4. വികാരങ്ങളെ മാറ്റിവയ്ക്കുക
'നിങ്ങളുടെ വ്യക്തിജീവിതവും പ്രൊഫഷണല്‍ ജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെ'ന്ന പ്രസിദ്ധമായ പൊതുവായ വാചകം, നിക്ഷേപത്തിനും പ്രായോഗികമാണ്. നിക്ഷേപിക്കുമ്പോള്‍ നിങ്ങളുടെ വികാരങ്ങള്‍ ഓഹരികളില്‍ നിന്നും നിക്ഷേപ തുകയില്‍ നിന്നും ഒഴിവാക്കുക. ഒരു നിശ്ചിത സ്റ്റോക്കുമായി ഒരിക്കലും മൈന്‍ഡ് ഫിക്‌സ് ചെയ്യരുത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഭയവും അത്യാഗ്രഹവും ഒഴിവാക്കുക എന്നതും പ്രധാനമാണ്. അത് പോലെ മറ്റുള്ളവര്‍ക്ക് നേട്ടം നല്‍കിയ സ്‌റ്റോക്കിന് പിന്നാലെ പോകരുത്. കമ്പനിയെക്കുറിച്ച് പഠിക്കാതെ ഒരു കമ്പനിയുടെ ഷെയറും വാങ്ങരുത്, മാര്‍ക്കറ്റ് ഹിസ്റ്ററി അഥവാ ഷെയറിന്റെ ചരിത്രം മനസ്സിലാക്കുക.
5. ഭാവിയിലെ സാധ്യത, റിസ്‌ക് എന്നിവ അറിയുക
നിങ്ങള്‍ നിക്ഷേപിക്കുന്ന കമ്പനി ദീര്‍ഘകാല നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ളതാണോ എന്നറിയുക. അതിന് ഭാവിയിലും നിലനില്‍ക്കുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണോ കമ്പനിയുടേതെന്ന് അറിയുക. അതേ മേഖലയിലെ മറ്റു കമ്പനികളുമായി ഓഹരികള്‍ താരതമ്യം ചെയ്യുക. പ്രസിദ്ധിയാര്‍ജിച്ച കമ്പനി ആണെന്നത് കൊണ്ട് മാത്രം ഓഹരി നിക്ഷേപകര്‍ക്ക് നേട്ടം നല്‍കണമെന്നില്ല.


Tags:    

Similar News