ഉഗ്രന്‍ തിരിച്ചുവരവ്; വിദേശികള്‍ കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ ഓഹരികളില്‍ ഒഴുക്കിയത് രണ്ടുലക്ഷം കോടിയിലേറെ
കടപ്പത്ര വിപണിക്കും മികച്ച നേട്ടം
ആഗോളതലത്തില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷവും പണപ്പെരുപ്പവും ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ അലയടിച്ചിട്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിലുണ്ടായത് മികച്ച വർധനയെന്ന് കണക്കുകൾ. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (FPIs) കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഒഴുക്കിയ നിക്ഷേപം 2.08 ലക്ഷം കോടി രൂപയാണ്. 1.2 ലക്ഷം കോടി രൂപയുടെ ഇന്ത്യന്‍ കടപ്പത്രങ്ങളും (debts) അവര്‍ വാങ്ങി. മൂലധന വിപണിയിലേക്ക് ആകെ എത്തിയ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപമാകട്ടെ 3.4 ലക്ഷം കോടി രൂപയും.
തൊട്ടുമുമ്പത്തെ വര്‍ഷം (2022-23) ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് 37,632 കോടി രൂപ പിന്‍വലിച്ചശേഷമാണ് കഴിഞ്ഞവര്‍ഷം വിദേശ നിക്ഷേപകര്‍ ഉഷാറോടെ തിരികെവന്നത്. 2021-22ല്‍ അവര്‍ 1.4 ലക്ഷം കോടി രൂപയും പിന്‍വലിച്ചിരുന്നു. 2020-21ല്‍ 2.74 ലക്ഷം കോടി രൂപ നിക്ഷേപമൊഴുക്കിയ ശേഷമായിരുന്നു തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങളില്‍ നിക്ഷേപം വന്‍തോതില്‍ പിന്‍വലിച്ചത്.
എന്തുകൊണ്ട് ഇന്ത്യയോട് ഇഷ്ടം?
അമേരിക്കയിലും യു.കെയിലും മറ്റും പണപ്പെരുപ്പം പരിധിവിട്ടുയര്‍ന്നതും സാമ്പത്തിക വളര്‍ച്ചാനിരക്ക് കിതച്ചതും വിദേശ നിക്ഷേപകരെ സുരക്ഷിത താവളങ്ങള്‍ തേടിപ്പോകാന്‍ പ്രേരിപ്പിച്ചു. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും (Geopolitical tensions) ക്രൂഡോയില്‍ വിലവര്‍ധനയും മറ്റൊരു കാരണമാണ്. അതേസമയം, ഇന്ത്യയില്‍ പണപ്പെരുപ്പവും അടിസ്ഥാന പലിശനിരക്കും ആശ്വാസപരിധിയിലാണെന്നതും ഓഹരി, കടപ്പത്ര വിപണികളുടെ ഭേദപ്പെട്ട പ്രകടനവും എതിരാളികളേക്കാള്‍ മികച്ച ജി.ഡി.പി വളര്‍ച്ചയും വിദേശ നിക്ഷേപകരെ ആകര്‍ഷിച്ചു.
ആഗോളതലത്തില്‍ നിരവധി വെല്ലുവിളികള്‍ ഉയര്‍ന്നെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കാര്യമായ പരിക്കേൽക്കാതെ പിടിച്ചുനിന്നതും വിദേശ നിക്ഷേപം വന്‍തോതില്‍ എത്താന്‍ വഴിയൊരുക്കി. ചൈനീസ് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഇനിയും മോചിതമായിട്ടില്ലെന്നതും ഇന്ത്യക്ക് ഗുണമായെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സമ്പദ് വ്യവസ്ഥ
മൊത്തം നിക്ഷേപ പങ്കാളിത്തം ദശാബ്ദത്തിലെ താഴ്ചയില്‍
മികച്ച തിരിച്ചുവരവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ നടത്തിയെങ്കിലും ഇന്ത്യന്‍ ഓഹരികളിലെ അവരുടെ നിക്ഷേപ പങ്കാളിത്തം പക്ഷേ, ദശാബ്ദത്തിലെ താഴ്ചയിലാണുള്ളത്. ഇന്ത്യന്‍ ഓഹരികളുടെ മൊത്തം വിപണിമൂല്യത്തില്‍ 16.2 ശതമാനമേയുള്ളൂ വിദേശ നിക്ഷേപം.
അമേരിക്കയിലെ പണപ്പെരുപ്പവും അടിസ്ഥാന പലിശനിരക്ക് പരിഷ്‌കരണം സംബന്ധിച്ച ആശങ്കകളും മൂലം ഐ.ടി ഓഹരികളില്‍ നിന്ന് വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ചതാണ് മൊത്തം നിക്ഷേപ പങ്കാളിത്തത്തെ ബാധിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. ധനകാര്യ ഓഹരികളിലും വിറ്റൊഴിയല്‍ സമ്മര്‍ദ്ദമുണ്ടായി.