ഐ.പി.ഒയില്‍ പണമൊഴുക്ക് കുറഞ്ഞു; റീട്ടെയില്‍ നിക്ഷേപകര്‍ക്ക് പ്രിയമായത് ഐഡിയഫോര്‍ജ്

ഈ വര്‍ഷം ഇതുവരെ ലിസ്റ്റ് ചെയ്തവയില്‍ 10 ശതമാനത്തിലധികം റിട്ടേണ്‍ നല്‍കിയത് 20 കമ്പനികള്‍

Update: 2023-10-05 09:13 GMT

Image : Canva

ഇന്ത്യയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) ആദ്യ പകുതിയില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) പ്രാരംഭ ഓഹരി വില്‍പനയിലൂടെ (ഐ.പി.ഒ/IPO) ഓഹരി വിപണിയിലേക്ക് ചുവടുവച്ചത് 31 കമ്പനികള്‍. ഇവ സംയുക്തമായി സഹാഹരിച്ചത് 26,300 കോടി രൂപയും. ഇതുപക്ഷേ, കഴിഞ്ഞവര്‍ഷത്തെ (2022-23) സമാനകാലത്ത് 14 കമ്പനികള്‍ ചേര്‍ന്ന് സമാഹരിച്ച 35,456 കോടി രൂപയേക്കാള്‍ 26 ശതമാനം കുറവാണെന്ന് പ്രൈംഡേറ്റാബേസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞവര്‍ഷം നടന്ന എല്‍.ഐ.സി ഐ.പി.ഒ മാറ്റിനിറുത്തിയാല്‍, ഇത്തവണത്തെ ഐ.പി.ഒ സമാഹരണത്തില്‍ 76 ശതമാനം വളര്‍ച്ചയുണ്ട്. എല്‍.ഐ.സി തനിച്ച് സമാഹരിച്ചത് 20,550 കോടി രൂപയായിരുന്നു.
തിളങ്ങി ഓഗസ്റ്റ്-സെപ്റ്റംബര്‍
നടപ്പുവര്‍ഷം ഇതിനകമുള്ള 31 ഐ.പി.ഒകളില്‍ 21 എണ്ണവും നടന്നത് ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവിലാണ്. 28 ഐ.പി.ഒകളുടെ സമാഹരണ വിവരങ്ങള്‍ പ്രൈംഡേറ്റാബേസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ 19 ഐ.പി.ഒകള്‍ക്ക് നിക്ഷേപകരില്‍ നിന്ന് 10 മടങ്ങിലധികം അപേക്ഷകള്‍ ലഭിച്ചു. 9 ഐ.പി.ഒകള്‍ നേടിയത് 50 മടങ്ങിലധികം അപേക്ഷകളാണ്.
റീട്ടെയിലുകാരുടെ ആഘോഷം
ഈ വര്‍ഷത്തെ ഇതുവരെയുള്ള ഐ.പി.ഒകള്‍ റീട്ടെയില്‍ നിക്ഷേപകര്‍ ആഘോഷമാക്കിയെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. റീട്ടെയില്‍ നിക്ഷേപകരില്‍ നിന്ന് ഏറ്റവുമധികം അപേക്ഷകള്‍ ലഭിച്ചത് ഐഡിയഫോര്‍ജിനാണ് - 22.29 ലക്ഷം. ഏറോഫ്‌ളെക്‌സ് (21.62 ലക്ഷം), എസ്.ബി.എഫ്.സി ഫിനാന്‍സ് (20.19 ലക്ഷം) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്.
എല്ലാ ഐ.പി.ഒകള്‍ക്കും കൂടി റീട്ടെയില്‍ നിക്ഷേപകരില്‍ നിന്ന് ആകെ 55,516 കോടി രൂപയുടെ അപേക്ഷകള്‍ ലഭിച്ചു. അതേസമയം, റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ആകെ അനുവദിച്ച ഓഹരികള്‍ 6,506 കോടി രൂപയുടേത് മാത്രമാണ്; അതായത് മൊത്തം ഐ.പി.ഒ സമാഹരണത്തിന്റെ 26 ശതമാനം.
ലിസ്റ്റിംഗിലെ നേട്ടം
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ആദ്യപകുതിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ കന്നി വ്യാപാര ദിനത്തിലെ ശരാശരി നേട്ടം 11.56 ശതമാനമായിരുന്നെങ്കില്‍ നടപ്പുവര്‍ഷം അത് 29.44 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നടപ്പുവര്‍ഷം ലിസ്റ്റ് ചെയ്ത 28 കമ്പനികളില്‍ ഇതിനകം 20 എണ്ണം നിക്ഷേപകര്‍ക്ക് 10 ശതമാനത്തിലധികം നേട്ടം തിരികെ നല്‍കിയിട്ടുണ്ട്.
ഐഡിയഫോര്‍ജാണ് താരം
ഈ വര്‍ഷം ഐ.പി.ഒയിലൂടെ ഓഹരി വിപണിയിലേക്ക് ചുവടുവച്ച കമ്പനികളില്‍ നിക്ഷേപകര്‍ക്ക് ഏറ്റവുമുയര്‍ന്ന നേട്ടം സമ്മാനിച്ചത് ഐഡിയഫോര്‍ജാണ്; 93 ശതമാനം. ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (92 ശതമാനം), നെറ്റ്‌വെബ് ടെക് (82 ശതമാനം) എന്നിവയാണ് തൊട്ട് പിന്നാലെയുള്ളത്.
ഇനിയും പെയ്യും ഐ.പി.ഒ പെരുമഴ
ഐ.പി.ഒ നടത്താനായി സെബിയുടെ (SEBI) അനുമതി ലഭിച്ച 28 കമ്പനികള്‍ ഉടന്‍ നിക്ഷേപകരിലേക്കെത്തും. ഇവ സംയുക്തമായി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് 38,000 കോടിയോളം രൂപയാണ്. സെബിക്ക് അപേക്ഷ സമര്‍പ്പിച്ച് 41 കമ്പനികളും കാത്തിരിപ്പുണ്ട്. ഇവ 44,000 കോടി രൂപയും സമാഹരിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അതായത്, 69 കമ്പനികളാണ് ഐ.പി.ഒയ്ക്കായി കളമൊരുക്കി കാത്തിരിക്കുന്നത്.
Tags:    

Similar News