ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ജിയോജിത്, സ്‌റ്റോക്കലുമായി ചേര്‍ന്ന് യു എസ് വിപണിയില്‍ തുടക്കം

ഗൂഗിള്‍, ആപ്പിള്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ലിക്സ് ഓഹരികള്‍ ഇനി അനായാസം വാങ്ങാം

Update: 2020-10-29 10:44 GMT

ഇന്ത്യയിലെ പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പുതിയ ആഗോള നിക്ഷേപ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ജിയോജിത്തിലെ ഒറ്റ എക്കൗണ്ടിലൂടെ യുഎസ് വിപണിയിലോ വൈവിധ്യമാര്‍ന്ന ആഗോള ആസ്തികളിലോ അനായാസം നിക്ഷേപം നടത്താന്‍ ഇതിലൂടെ സാധിക്കും. ഗൂഗിള്‍, ആപ്പിള്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ലിക്സ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരികള്‍ ലോകത്തെവിടെ നിന്നും ഇനി അനായാസം വാങ്ങാം. തുടക്കത്തില്‍ യു എസ് ഓഹരി വിപണിയും പിന്നാലെ യു കെ, ജപ്പാന്‍, ഹോങ്കോങ്, ജര്‍മനി, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യാന്തര വിപണികളും പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും.

ന്യൂയോര്‍ക്ക് ആസ്ഥാനമായ  ഗ്ലോബല്‍ വെല്‍ത്ത് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ സ്‌റ്റോക്കലിന്റെ പങ്കാളിത്തത്തോടെയാണ് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ഗ്ലോബല്‍ പ്ലാറ്റ്‌ഫോം ജിയോജിത് സാധ്യമാക്കിയത്. ജിയോജിതിന്റെ 10 ലക്ഷത്തില്‍ പരം ഉപഭോക്താക്കള്‍ക്കും ഇന്ത്യയിലെ റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കും  കൂടിയ ആസ്തി മൂല്യമുള്ള നിക്ഷേപകര്‍ക്കും ആഗോള ആസ്തികളില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുള്ള വിദേശ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കുമൊക്കെ പുതിയ പ്ലാറ്റ്‌ഫോം ഒരു പോലെ ഗുണകരമാണ്.

മറ്റു ആഗോള നിക്ഷേപ സംവിധാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കുകളാണ് ജിയോജിത് വാഗ്ദാനം ചെയ്യുന്നതെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ് മേനോന്‍ പറഞ്ഞു. മിനിമം ബാലന്‍സ് വേണ്ടാത്ത, താഴ്ന്ന കമ്മീഷന്‍ നിരക്കുള്ള സംവിധാനമാണിത്. ഉയര്‍ന്ന ആസ്തികള്‍ കൈകാര്യം ചെയ്യുന്ന നിക്ഷേപകരില്‍ നിന്നും വ്യാപാരികളില്‍ നിന്നും  ബിപിഎസ് അടിസ്ഥാനത്തിലുള്ള നിരക്കാണ് ഈടാക്കുക.

നിക്ഷേപകര്‍ക്ക് ഡിജിറ്റല്‍ ഓണ്‍ബോര്‍ഡിംഗ്, ഇ കെ വൈ സി, സോഫ്ട്‌വെയര്‍ ടൂള്‍സ് എന്നിവയടക്കമുള്ള വിവരങ്ങള്‍ യഥേഷ്ടം ലഭിക്കുന്നതിന്  8.5 ലക്ഷം ഡാറ്റയുള്ള വിവര വിനിമയ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഓണ്‍ലൈനായി ലഭിക്കുന്ന വിദഗ്ധ നിര്‍ദ്ദേശങ്ങളിലൂടെ നിക്ഷേപകര്‍ക്ക് ചെറിയ മൂലധനത്തിലൂടെ പോര്‍ട്‌ഫോളിയോ വൈവിധ്യം ഉറപ്പാക്കാനും സാധിക്കും.

വ്യക്തിഗതമായ നിക്ഷേപ ആശയങ്ങളും ഉള്‍ക്കാഴ്ചകളും അവതരിപ്പിക്കാനും, കമ്പ്യൂട്ടര്‍ സഹായത്തോടെ പോര്‍ട്‌ഫോളിയോ നിരീക്ഷണം നിര്‍വഹിക്കാനും ട്രേഡിംഗ് നടത്താനും പുതിയ പഌറ്റ്‌ഫോമിലൂടെ സാധ്യമാണ്. ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (എല്‍ ആര്‍ എസ്) വഴി ഓണ്‍ലൈനില്‍ പണമടയ്ക്കുന്നതിന് ഇന്ത്യയിലെ മൂന്നു ബാങ്കുകളുമായി പുതിയ പോര്‍ട്ടല്‍  ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്.

പുതിയ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ആഗോള വിപണിയില്‍ നിക്ഷേപിക്കുന്നത് പ്രാദേശിക വിപണികളില്‍ നിക്ഷേപിക്കുന്നതു പോലെ അങ്ങേയറ്റം ആയാസ രഹിതമാണെന്ന് സതീഷ് മേനോന്‍ പറഞ്ഞു. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തുന്ന പുതിയ ഈ നിക്ഷേപ സംവിധാനം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള വിപണികളും സുരക്ഷിതമായ ആഗോള നിക്ഷേപ പോര്‍ട്‌ഫോളിയോകളും കണ്ടെത്താന്‍ അവരെ സഹായിക്കും. കഴിഞ്ഞ 12 മാസക്കാലയളവില്‍ ആഗോള ആസ്തികള്‍ക്ക് ഇന്ത്യയില്‍ ധാരാളം ആവശ്യക്കാരുണ്ടായി. 2020 ന്റെ തുടക്കം മുതല്‍ ഇന്ത്യയിലെ ആയിരക്കണക്കിന് ചില്ലറ നിക്ഷേപകര്‍ 350 കോടി രൂപയിലേറെ വിദേശ വിപണികളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ നിന്ന്  പ്രതിദിനം 2 മില്യണ്‍  അമേരിക്കന്‍ ഡോളറോളം കൈകാര്യം ചെയ്യാവുന്ന സമഗ്രമയ സംവിധാനമാണു സ്‌റ്റോക്കലിനുള്ളതെന്നും ജിയോജിതുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും സ്‌റ്റോക്കല്‍ സ്ഥാപകനും സിഇഒയുമായ സിതാശ്വ ശ്രീവാസ്തവ പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് ഇതുവരെയായി ഇടിഎഫ് ഓഹരി സൂചികയിലൂടെയും, ആപ്പിള്‍, ആമസോണ്‍, ഗൂഗിള്‍, നെറ്റ്ഫ്ലിക്സ്, ഫെയ്‌സ് ബുക്ക്, മൈക്രോ സോഫ്റ്റ് എന്നിവയുടെ വന്‍കിട ഓഹരികളിലൂടെയും, ടെസ്ല തുടങ്ങിയവയിലൂടെയും, സ്വര്‍ണം, വെള്ളി ഉല്‍പന്ന ഇടിഎഫുകളിലൂടെയും എണ്ണ, ട്രഷറി ഇടിഎഫുകളിലൂടെയും 1200 കോടി രൂപയ്ക്കുള്ള വ്യാപാര വിനിമയങ്ങള്‍ സ്‌റ്റോക്കല്‍ നടത്തിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News