കടം വീട്ടാന്‍ ഐപിഒയ്ക്ക് ഒരുങ്ങി ഗോ എയര്‍ലൈന്‍സ്

നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 923 കോടിയുടെ അറ്റനഷ്ടമാണ് ഗോ എയര്‍ലൈന്‍സ് രേഖപ്പെടുത്തിയത്

Update:2021-11-19 11:39 IST

ഗോ ഫസ്റ്റിൻ്റെ മാതൃസ്ഥാപനം ഗോ എയര്‍ലൈന്‍സ് പ്രാരംഭ ഓഹരി വില്‍പന ഡിസംബറില്‍. ഐപിഒയിലൂടെ 3,600 കോടി രൂപ സമാഹക്കാനാണ് ലക്ഷ്യമിടുന്നത്. ഡിസംബര്‍ 8ന് ഐപിഒ ആരംഭിക്കാനാണ് പദ്ധതി. ഐപിഒയിലൂടെ ലഭിക്കുന്ന തുക കടബാധ്യത തീര്‍ക്കാനും ഓയില്‍ കമ്പനികള്‍ക്കുള്ള കുടിശ്ശിക നല്‍കാനും ഉപയോഗിക്കും.

923 കോടിയുടെ അറ്റനഷ്ടമാണ് വാഡിയാ ഗ്രൂപ്പിന് കീഴിലുള്ള ഗോ എയര്‍ലൈന്‍സ് നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 299 കോടിയായിരുന്നു കമ്പനിയുടെ നഷ്ടം. നിലവില്‍ കമ്പനി ചെലവ് കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ്. 1202 കോടിയായിരുന്നു ഇ സാമ്പത്തിക വര്‍ഷം ആദ്യപകുതിയിലെ വരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം ഇരട്ടിയായി ഉയര്‍ന്നിരുന്നു. കൊവിഡ് നിയന്ത്രണങ്ങളില്‍ വന്ന ഇളവാണ് വരുമാനം ഉയരാന്‍ കാരണം.
നിലവില്‍ കമ്പനിയുടേതായി 310 സര്‍വീസുകളാണ് നടത്തുന്നത്. ഡിസംബറോടെ ഇത് 340-350 ആയി ഉയര്‍ത്തുമെന്ന് ഗോ ഫസ്റ്റ് അറിയിച്ചു. കമ്പനിയുടെ ഫ്‌ളീറ്റിലുള്ള 57 വിമാനങ്ങളില്‍ 45 എണ്ണമാണ് സര്‍വീസ് നടത്തുന്നത്. ഐപിഒയ്ക്ക് ശേഷം ഇപ്പോഴുള്ള എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ക്ക് പകരം 30-40 സീറ്റുകള്‍ കൂടുതലുള്ള എ321 വിമാനങ്ങള്‍ എത്തിക്കാനും പദ്ധതിയുണ്ട്.
2021-22 സാമ്പത്തിക വര്‍ഷം ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം 45-50 ശതമാനവും ആന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 80-85 ശതമാനവും വര്‍ധിക്കുമെന്നാണ് ഐസിആര്‍എയുടെ വിലയിരുത്തല്‍.ഇന്റിഗോയുടെ, സ്‌പൈസ് ജെറ്റ്, പ്രൈവറ്റ് ഹെലികോപ്റ്റര്‍ സേവനങ്ങള്‍ നല്‍കുന്ന ഗ്ലോബല്‍ വെക്ട്ര എന്നിവരാണ് രാജ്യത്തെ ലിസ്റ്റ് ചെയ്ത എയര്‍ലൈന്‍ കമ്പനികള്‍.


Tags:    

Similar News