സ്വര്‍ണം: രാജ്യാന്തരതലത്തില്‍ നിരക്ക് താഴ്ന്നിട്ടും കേരളത്തില്‍ ഉയര്‍ന്നുതന്നെ

ദേശീയ തലത്തിലും സ്വര്‍ണവില ഇടിവ് തുടരുന്നു

Update: 2022-06-14 06:12 GMT

രാജ്യാന്തര നിരക്കിലെ മാറ്റങ്ങളെ അവഗണിച്ച് സംസ്ഥാനത്ത് സ്വര്‍ണവില (Gold price today) ഉയര്‍ന്നുതന്നെ തുടരുന്നു. ഇന്ന് രാജ്യാന്തര തലത്തില്‍ വ്യാവസായിക ലോഹങ്ങളും സ്വര്‍ണവും ഓഹരികള്‍ക്കൊപ്പം കുത്തനെ താണു. പലിശ കൂടും എന്നു സൂചിപ്പിച്ച് സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ വില ഇടിഞ്ഞു. ക്രൂഡ് ഓയില്‍ (Crude Oil) ഉയര്‍ന്നു. കറന്‍സികള്‍ താഴോട്ടു നീങ്ങി. ഡോളര്‍ 78 രൂപയ്ക്കു മുകളിലായി. യുഎസിലെ നാണയപ്പെരുപ്പം 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.6 ശതമാനത്തിലാണ് നില്‍ക്കുന്നത്.

ആഗോള വിപണിയിലെ(Global Market) ചാഞ്ചാട്ടത്തിനൊപ്പം ഇന്ന് ഇന്ത്യന്‍ വിപണിയിലെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില സമീപകാല നഷ്ടം തുടരാനിടയാക്കി. എംസിഎക്സില്‍, സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍(Gold Futures) 0.4 ശതമാനം കുറഞ്ഞ് 10 ഗ്രാമിന് 50483 രൂപയായപ്പോള്‍ വെള്ളി കിലോയ്ക്ക് 0.43 ശതമാനം ഇടിഞ്ഞ് 60,049 രൂപയായി.
തിങ്കളാഴ്ച സ്വര്‍ണവില 2 ശതമാനവും വെള്ളി വില (Silver Price) 2.6 ശതമാനവും ഇടിഞ്ഞു. ആഗോള വിപണിയില്‍ സ്വര്‍ണം നാലാഴ്ചത്തെ ഏറ്റവും താഴ്ന്ന നിരക്കായ ഔണ്‍സിന് 1,825.97 ഡോളര്‍ എന്ന നിലയിലേക്കെത്തി. ശക്തമായ യുഎസ് ഡോളറും മറ്റ് ആസ്തികളിലെ നഷ്ടം നികത്താന്‍ ബുള്ളിയന്‍ ലിക്വിഡേഷനും സ്വര്‍ണത്തെ സമ്മര്‍ദ്ദത്തിലാക്കിയതായി വിശകലന വിദഗ്ധര്‍ പറയുന്നു. അതേസമയം രാജ്യാന്തര ഇടിവിനെ അവഗണിച്ച് സംസ്ഥാനത്ത് സ്വര്‍ണവില ഉയരത്തില്‍ തന്നെ തുടരുകയാണ്.
കേരളത്തില്‍ ഉയര്‍ന്ന് തന്നെ
സംസ്ഥാനത്ത് സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ശനിയാഴ്ച പവന് 480 രൂപ വര്‍ധിച്ച സ്വര്‍ണ്ണവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38680 രൂപയായി. വെളളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞിരുന്നു. ഇന്ന് 4835 രൂപയാണ് ഒരു ഗ്രാം 22 ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില.
സ്വര്‍ണം ഗ്രാമിന് 60 രൂപയുടെ വര്‍ധനയാണ് ശനിയാഴ്ച ഉണ്ടായത്. കഴിഞ്ഞ ശനിയാഴ്ച 35 രൂപ കുറഞ്ഞിരുന്നു. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും മാറ്റമില്ല. ഇന്നലെ 50 രൂപയാണ് ഉയര്‍ന്നത്.
വെളളിയാഴ്ച 15 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ശനിയാഴ്ച 30 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3995 രൂപയാണ്. ജൂണ്‍ മൂന്നിന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 45 രൂപ വര്‍ധിച്ചിരുന്നു.


Tags:    

Similar News