''സ്വര്‍ണ്ണവില കുറയാം, ഇപ്പോള്‍ നിക്ഷേപിക്കരുത്'' അക്ഷയ് അഗര്‍വാള്‍ എഴുതുന്നു

Update: 2020-06-04 07:41 GMT

സ്വര്‍ണ്ണം ഇപ്പോള്‍ നിക്ഷേപത്തിന് അനുയോജ്യമാണോ? പലരും ചോദിക്കുന്ന ചോദ്യമാണിത്. നമുക്കറിയാം, സ്വര്‍ണ്ണവില ഇപ്പോള്‍ നല്ല രീതിയില്‍ കൂടിയാണ് നില്‍ക്കുന്നത്. സാധാരണഗതിയില്‍ ഓഹരിവിപണി താഴുമ്പോഴാണല്ലോ സ്വര്‍ണ്ണത്തിന്റെ വില കൂടുന്നത്. സാമ്പത്തികപ്രതിസന്ധിയില്‍ നിന്ന് ലോകം തിരിച്ചുവരവ് നടത്തുന്ന സാഹചര്യത്തില്‍ സ്വര്‍ണ്ണവില കുറയാനുള്ള സാധ്യതയാണുള്ളത്. സാമ്പത്തികവ്യവസ്ഥ തിരിച്ചുവരുന്ന ഘട്ടത്തില്‍ എന്തായാലും കൂടാനുള്ള സാധ്യത കാണുന്നില്ല. അതുകൊണ്ട് ഈ നിലവാരത്തില്‍ സ്വര്‍ണ്ണം ഒരു ബുദ്ധിപരമായ നിക്ഷേപമായി എനിക്ക് തോന്നുന്നില്ല.

റിയല്‍ എസ്‌റ്റേറ്റ് ഫണ്ടുകള്‍

സ്ഥലവിലയില്‍ ഒരു തിരുത്തല്‍ വന്നിട്ടുണ്ട്. അതുകൊണ്ട് നിക്ഷേപിക്കാന്‍ റിയല്‍ എസ്‌റ്റേറ്റ് നല്ലൊരു ഓപ്ഷനാണ്. എന്നാല്‍ റെറയില്‍ രജിസ്റ്റര്‍ ചെയ്ത റിയല്‍ എസ്റ്റേറ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്. മുമ്പ് ഇവയില്‍ നിയന്ത്രണങ്ങള്‍ കുറവായിരുന്നതിനാല്‍ റിസ്‌ക് കൂടുതലായിരുന്നു. ഇപ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നതിനാല്‍ റിസ്‌ക് കുറവാണ്. ചെറിയ തുകയാണെങ്കില്‍ സ്ഥലം വാങ്ങിക്കുന്നതിനെക്കാള്‍ നല്ലത് മികച്ച റിയല്‍ എസ്റ്റേറ്റ് ഫണ്ടുകള്‍ തെരഞ്ഞെടുക്കുന്നതായിരിക്കും.

നിഫ്റ്റി താഴുമ്പോള്‍ നിക്ഷേപിക്കാം

ഒരു വര്‍ഷത്തിന് മുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കുമെങ്കില്‍ ഓഹരിവിപണി തെരഞ്ഞെടുക്കാം. എന്നാല്‍ വളരെ കുറഞ്ഞ കാലത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് അനുയോജ്യമല്ല. കോവിഡ് 19 പ്രതിസന്ധിക്കൊപ്പം യു.എസ്-ചൈന പ്രശ്‌നങ്ങളും നിലനില്‍ക്കുന്നു. ഇത്രത്തോളം തിരുത്തല്‍ വന്നതിനാല്‍ പഴയതുപോലെ നഷ്ടമുണ്ടായേക്കില്ല. ജൂലൈ അവസാനത്തോടെ കമ്പനികളുടെ പാദഫലങ്ങള്‍ വന്നുതുടങ്ങും. ഈ സാഹചര്യത്തില്‍ അത് മോശമായേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ സമയത്തായിരിക്കാം ഒരുപക്ഷെ വിപണി ഏറ്റവും താഴേക്ക് പോകുന്നത്.  ഈ സമയത്ത് ഒരു കുതിപ്പുണ്ടായതുകൊണ്ട് തിരുത്തല്‍ വരുമ്പോഴാണ് നിക്ഷേപിക്കേണ്ടത്. നിഫ്റ്റി 8500-8800 വരെ താഴുമ്പോള്‍ നിക്ഷേപിക്കാന്‍ മികച്ച സമയമാണ്.

മ്യുച്വല്‍ ഫണ്ടില്‍ എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കാം. ഏറ്റവും മോശം സമയമാണ് ഏറ്റവും നല്ലത്. പലിശനിരക്ക് കുറയാനുള്ള സാഹചര്യമാണ് മുന്നില്‍ കാണുന്നത് എന്നതിനാല്‍ ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ നേട്ടം തരുന്നത് ഓഹരിവിപണി തന്നെയായിരിക്കും.

സുരക്ഷിത നിക്ഷേപത്തിന് ഡെബ്റ്റ് ഫണ്ടുകള്‍

റിസ്‌ക് എടുക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് പലരും ബാങ്ക് നിക്ഷേപം തെരഞ്ഞെടുക്കുന്നത്. എന്നാല്‍ സുരക്ഷിതനിക്ഷേപമാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ അതിന് കൂടുതല്‍ നല്ലത് ഡെബ്റ്റ് ഫണ്ടുകളാണ്. പക്ഷെ സ്ഥിരനിക്ഷേപത്തേക്കാള്‍ ഇതിന് നേട്ടം കിട്ടുമെങ്കിലും വളര്‍ച്ചയുണ്ടാകുന്നില്ലാത്തതിനാല്‍ പണപ്പെരുപ്പത്തെ നേരിടാനാകില്ല. സമ്പത്ത് വളരണം എന്നുണ്ടെങ്കില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ തന്നെ തെരഞ്ഞെടുക്കണം. പക്ഷെ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാന്‍ തയാറാകണം.

റിസ്‌ക് എടുക്കാന്‍ തയാറല്ലാത്തവര്‍ ഒരു ഭാഗം ഡെബ്റ്റ് ഫണ്ടുകളിലും ബാക്കി ലാര്‍ജ് ക്യാപ്പ് മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കാം. പ്രതിസന്ധി കഴിഞ്ഞ് വേഗം തിരിച്ചെത്തുന്നത് വലിയ കമ്പനികളായിരിക്കും എന്നതിനാല്‍ ലാര്‍ജ് ക്യാപ്പ് ഫണ്ടുകളില്‍ റിസ്‌ക് കുറവായിരിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News