അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം

നാല് ദിവസം കൊണ്ട് ഉയര്‍ന്നത് ₹1,320

Update:2023-10-21 12:34 IST

റെക്കോഡ് ഉയരത്തിലേക്കടുത്ത് സ്വര്‍ണ വില. രാജ്യാന്തര വിപണിയില്‍ ഇന്നലെ 1,979 ഡോളറായിരുന്നു. ഇന്ന് ഔണ്‍സ് സ്വര്‍ണം 1,981.22 ഡോളറായി. ആഗോള വിപണിയിലെ കയറ്റം ആഭ്യന്തര വിപണികളിലും പ്രകടമാണ്.

കേരളത്തില്‍ ഇന്ന് വീണ്ടും സ്വര്‍ണ വില കുതിച്ചു.ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 5,660 രൂപയും പവന് 160 രൂപ ഉയര്‍ന്ന് 45,280 രൂപയുമായി. നാല് ദിവസത്തില്‍ 1,320 രൂപയുടെ കയറ്റമുണ്ടായപ്പോള്‍ പവന് കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായി.

ആഗോള വിപണിയില്‍ ഇനിയും സ്വര്‍ണം ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തിയത്. ഇത് ശരിവയ്ക്കുന്നതാണ് ഇക്കഴിഞ്ഞ ദിനങ്ങളിലെ വിലക്കയറ്റം. കഴിഞ്ഞവാരം ഔണ്‍സിന് 1,919 ഡോളറായിരുന്നു.

ആഭരണം വാങ്ങുമ്പോള്‍

പവന്‍ വില ഇന്ന് 45,280 രൂപയാണ്. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, ഹോള്‍മാര്‍ക്ക് ഫീസ് എന്നിവ കൂടി നല്‍കണം. അപ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 55,200 രൂപയോ അതിലധികമോ വേണ്ടി വരും. പല ജൂവല്‍റികളിലും പണിക്കൂലി വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ സ്വര്‍ണ വിലയും മറ്റു ചാര്‍ജുകളും കൂട്ടി അതിനൊപ്പം എത്ര ശതമാനം പണിക്കൂലി എന്നുള്ളതു കൂടി കണക്കാക്കണം.

സ്വര്‍ണ വില കഴിഞ്ഞ മാസങ്ങളിലെ ഏറ്റവും ഉയരത്തിലേക്ക് കുതിച്ചെങ്കിലും റീറ്റെയ്ല്‍ വിപണിയില്‍ സ്വര്‍ണ വില്‍പ്പന മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതായാണ് പ്രമുഖ ജൂവല്‍റികളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ആഭരണം വാങ്ങുന്നവര്‍ക്കൊപ്പം സ്വര്‍ണച്ചിട്ടികളിലും സ്‌കീമുകളിലും ചേരുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ടത്രെ.

Read This : സ്വര്‍ണത്തില്‍ ഇപ്പോള്‍ നിക്ഷേപിക്കുന്നത് ബുദ്ധിയാണോ? കേള്‍ക്കാം വിദഗ്ധരുടെ വാക്കുകള്‍

18 കാരറ്റ് സ്വര്‍ണവും വെള്ളിയും

18 കാരറ്റ് സ്വര്‍ണത്തിനും നാല് ദിവസമായി വിലക്കയറ്റമാണ്. ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,698 രൂപയായി. വെള്ളി വിലയില്‍ ഇന്നു നേരിയ വര്‍ധന ഉണ്ടായി. സാധാരണ വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കൂടി 79 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് മാറ്റമില്ല, ഗ്രാമിന് 103 രൂപ.

Tags:    

Similar News