സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസത്തിന്റെ രണ്ടാം ദിനം,വിലയില്‍ ഇന്നും ഇടിവ്

പവന് ഇന്ന് 400 രൂപ കുറഞ്ഞു

Update:2023-10-31 11:30 IST

സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസമായി രണ്ടാം ദിനവും വിലയിടിവ്. ശനിയാഴ്ച (ഒക്ടോബര്‍ 28) റെക്കോഡ് നിരക്കിൽ ആയിരുന്ന സ്വര്‍ണ വില  ഇന്നലെ നേരിയ ഇടിവോടെ ഗ്രാമിന് 5,740 രൂപയിലേക്ക് ഇറങ്ങിയിരുന്നു. പവന്‍ വില 45,760 രൂപയായിരുന്നു. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഇടിഞ്ഞ് 5,670 രൂപയും 45,360 രൂപയുമായി. 

ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണം 1,994.65 ഡോളറിലാണ് നില്‍ക്കുന്നത്. ഇന്നലെ രാവിലെ 2001 ഡോളറിലായിരുന്നു നിന്നിരുന്നത്.

കേരളത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില ശനിയാഴ്ച രേഖപ്പെടുത്തിയ 45,920 രൂപയാണ്.

18 കാരറ്റ് സ്വർണം, വെള്ളി വിലകൾ 

18 കാരറ്റ് സ്വര്‍ണത്തിനും തുടര്‍ച്ചയായ രണ്ടാം ദിവസം വിലയിടിവ് രേഖപ്പെടുത്തി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 4,700 രൂപയായി.

വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല, സാധാരണ വെള്ളിക്ക് ഗ്രാമിന് 79 രൂപയും പരിശുദ്ധ വെള്ളിക്ക് 103 രൂപയുമാണ് വില.

വില ചാഞ്ചാട്ടത്തിന് പിന്നില്‍

ഇസ്രായേല്‍-ഹമാസ് യുദ്ധം, ഓഹരി വിപണികളുടെ തളര്‍ച്ച തുടങ്ങിയ പ്രതിസന്ധികള്‍ക്കിടെ സുരക്ഷിത നിക്ഷേപമെന്ന പെരുമ ലഭിച്ചതാണ് ആഗോളതലത്തില്‍ സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളില്‍ കൂടാനിടയാക്കിയത്.

രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് കഴിഞ്ഞവാരം 2006 ഡോളര്‍ വരെ എത്തിയത് കേരളത്തിലും വില കുതിക്കാന്‍ ഇടവരുത്തി. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും ആഭ്യന്തര വിപണിയില്‍ വിലക്കുതിപ്പുണ്ടാക്കി. രാജ്യാന്തര വില, രൂപയുടെ മൂല്യം തുടങ്ങിയവ ആഭ്യന്തര സ്വര്‍ണവിലയെ നിശ്ചയിക്കുന്ന ഘടകങ്ങളാണ്.

ഓഹരി വിപണികള്‍ക്ക് തളര്‍ച്ചയുണ്ടാകുമ്പോള്‍ നിക്ഷേപം പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് മാറ്റാറുണ്ട് നിക്ഷേപകര്‍. അതോടെ സ്വര്‍ണവില ഉയരും. പിന്നീട്, ഓഹരി വിപണി നേട്ടത്തിന്റെ ട്രാക്കിലാകുമ്പോള്‍ സ്വര്‍ണത്തിലെ നിക്ഷേപം പിന്‍വലിച്ച് വീണ്ടും ഓഹരികളിലേക്കും ഒഴുക്കും. അപ്പോള്‍ സ്വര്‍ണവില താഴുകയും ചെയ്യും.

ഈ ജൂവല്‍റിയിലെ ആഭരണങ്ങള്‍ക്ക് വില ₹10ലക്ഷത്തിന് മുകളില്‍; കയറി കാണണമെങ്കിലും പ്രത്യേക ക്ഷണം വേണം

Tags:    

Similar News