തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് ഉയര്‍ന്ന സ്വര്‍ണവില

Update: 2020-10-13 10:35 GMT

സംസ്ഥാനത്ത് ഒക്‌റ്റോബറിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില തുടര്‍ച്ചയായ നാലാം ദിവസവും തുടരുന്നു.  ഇന്നും സ്വര്‍ണ വില പവന് വില 37,800 രൂപയാണ്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് പവന് 37,800 രൂപയായത്. പിന്നീടിങ്ങോട്ട് അതേ വില തുടരുകയായിരുന്നു. 4,725 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബര്‍ അഞ്ചിന് രേഖപ്പെടുത്തിയ 37120 രൂപയാണ്. ദേശീയ വിപണിയില്‍ ഇന്ന് വില ഇടിവ് രേഖപ്പെടുത്തി.

ആഗോള വിപണിയിലെ വില ഇടിവിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വിപണികളിലും  സ്വര്‍ണ്ണം, വെള്ളി വിലകള്‍  ഇന്ന് കുറഞ്ഞത്. എംസിഎക്സില്‍ ഡിസംബറിലെ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ 0.55 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 50,826 രൂപ എന്ന നിലയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 1.2 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 62,343 രൂപയുമായി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണവും വെള്ളിയും യഥാക്രമം 0.55 ശതമാനവും 0.26 ശതമാനവുമാണ് ഉയര്‍ന്നത്.

ആഗോള വിപണികളില്‍ ഇന്ന് സ്പോട്ട് സ്വര്‍ണം ഔണ്‍സിന് 0.1 ശതമാനം ഇടിഞ്ഞ് 1,919.51 ഡോളറിലെത്തി. മൂല്യമേറിയ മറ്റ് ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 0.4 ശതമാനം ഇടിഞ്ഞ് 25.02 ഡോളറിലെത്തി. പ്ലാറ്റിനം വില 873.46 ഡോളറായി. ഡോളര്‍ സൂചിക 0.09 ശതമാനം ഉയര്‍ന്നു.

ഗോള്‍ഡ് ഇടിഎഫുകളുടെ വാങ്ങല്‍ നിരക്ക് ഉയര്‍ന്നു. സ്വര്‍ണ്ണത്തിന്റെ സമീപകാല നേട്ടങ്ങള്‍ ഇടിഎഫ് വാങ്ങലുകള്‍ക്ക് കാരണമായി. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിലെ ഹോള്‍ഡിംഗ്‌സ് തിങ്കളാഴ്ച 0.48 ശതമാനം ഉയര്‍ന്ന് 1,277.65 ടണ്ണായി വര്‍ധിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News