റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷനിലെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രം

കോര്‍പറേഷിനില്‍ റെയില്‍വെ മന്ത്രായലത്തിനുള്ള ഓഹരി വിഹിതം 75 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഓഹരി വില്‍പ്പനയിലൂടെ കേന്ദ്രത്തിന് 5,118 കോടി രൂപയോളം സമാഹരിക്കാനാവും

Update:2022-12-21 12:54 IST

ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷനിലെ (IRFC) 11 ശതമാനം ഓഹരികള്‍ കേന്ദ്ര സര്‍ക്കാര്‍ വിറ്റേക്കും. കോര്‍പറേഷിനില്‍ റെയില്‍വെ മന്ത്രായലത്തിനുള്ള ഓഹരി വിഹിതം 75 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഐആര്‍എഫ്‌സിയുടെ 86.36 ശതമാനം ഓഹരികളാണ് മന്ത്രാലയത്തിന് കീഴിലുള്ളത്.

2021 ജനുവരി 29ന് വിപണിയില്‍ ലിസ്റ്റ് ചെയ്ത ഐആര്‍എഫ്‌സിയുടെ 13.64 ശതമാനം ഓഹരികളും നിക്ഷേപകരുടെ കൈവശമാണ്. 2023-24 സാമ്പത്തിക വര്‍ഷമായിരിക്കും ഐആര്‍എഫ്‌സിയിലെ ഓഹരി വില്‍പ്പന. നിലവിലെ വിപണി മൂല്യമനുസരിച്ച് ഓഹരി വില്‍പ്പനയിലൂടെ കേന്ദ്രത്തിന് 5,118 കോടിയോളം രൂപ സമാഹരിക്കാനാവും. എന്നാല്‍ ഏത് രീതിയാലാവും ഓഹരി വില്‍പ്പന എന്ന് വ്യക്തമല്ല. കഴിഞ്ഞ ആഴ്ച ഓഫര്‍ ഫോര്‍ സെയിലിലൂടെ ഐആര്‍സിസിടിസിയിലെ 5 ശതമാനം ഓഹരികള്‍ കേന്ദ്രം വിറ്റിരുന്നു.

2021-22 സാമ്പത്തിക വര്‍ഷം 20,302 കോടി രൂപയായിരുന്നു കോര്‍പറേഷന്റെ വരുമാനം. 6,090 കോടി രൂപയുടെ അറ്റാദായവും കമ്പനി ഇക്കാലയളവില്‍ നേടി. 2022 മാര്‍ച്ചിലെ കണക്കുകള്‍ അനുസരിച്ച് 415,238 കോടി രൂപയുടെ ആസ്തികളാണ് (AUM) കോര്‍പറേന്‍ കൈകാര്യം ചെയ്യുന്നത്. റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി 1986ല്‍ രൂപീകരിച്ച സ്ഥാപനമാണ് ഐആര്‍എഫ്‌സി. നിലവില്‍ 34.65 (12.30 PM) രൂപയാണ് ഐആര്‍എഫ്‌സി ഓഹരികളുടെ വില.

Tags:    

Similar News