ചെറുകിട സമ്പാദ്യപദ്ധതികളുടെ പലിശ കുറയ്ക്കില്ല; പുതിയ കേന്ദ്ര തീരുമാനം ഇങ്ങനെ

ചെറുകിട സമ്പാദ്യ പദ്ധതികളായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്സി) എന്നിവയടക്കമുള്ള വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള തീരുമാനം ധനകാര്യ മന്ത്രാലയം പിന്‍വലിച്ചു.വിശദ വിവരങ്ങളറിയാം.

Update:2021-04-01 11:32 IST

ചെറുകിട സമ്പാദ്യ പദ്ധതികളായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്സി) എന്നിവയടക്കമുള്ള വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ  പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള തീരുമാനം ധനകാര്യ മന്ത്രാലയം പിന്‍വലിച്ചു. അത്തരം പദ്ധതികളുടെ നിരക്ക് ജനുവരി-മാര്‍ച്ച് പാദത്തില്‍ ഉണ്ടായിരുന്നതു പോലെ തുടരുമെന്നാണ് അറിയിപ്പ്.

ഇതോടെ ഈപദ്ധതികളുടെ നിരക്ക് സര്‍ക്കാര്‍ തുടര്‍ച്ചയായി നാലാം പാദത്തിലും നിലനിര്‍ത്തുകയാണ്. ഏറ്റവും പുതിയ തീരുമാനം അനുസരിച്ച് പിപിഎഫും എന്‍എസ്സിയും വരുന്ന മൂന്ന് മാസത്തേക്ക് 7.1 ശതമാനം, 6.8 ശതമാനം പലിശ നല്‍കുന്നത് തുടരും. ജീവനക്കാര്‍ക്ക് ഏറെ ആശ്വാസ ദായകമാണ് ഈ തീരുമാനം.

ഏപ്രില്‍ 1 മുതല്‍ പിപിഎഫ്, 6.4 ശതമാനം എന്‍എസ്സി യ്ക്ക് 5.9 ശതമാനം എന്നിവയാക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഇതാണ് ഇന്നലെ പിന്‍വലിച്ചത്. കേന്ദ്ര ധന മന്ത്രി നിര്‍മലസീതാരാമനാണ് അറിയിപ്പ് പുറത്തിറക്കിയിട്ടുള്ളത്.

നിലവില്‍ ലഭ്യമാകുന്ന പലിശ നിരക്കുകള്‍ തുടരുന്നതോടെ കൂടുതല്‍ നേട്ടമെടുക്കാന്‍ കഴിയുമെന്നതിനാല്‍ വിവിധ മേഖലകളിലുള്ളവര്‍ക്ക് ഗുണകരമാകും.

2020-21 ന്റെ ആദ്യ പാദത്തിൽ 140 ബേസിസ് പോയിൻറുകൾ സർക്കാർ കുറച്ചിരുന്നു.സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം ഇപ്പോൾ വെട്ടിക്കുറച്ചിരുന്നെങ്കിൽ 6.5 ശതമാനമാകുമായിരുന്നു. എന്നാൽ അത് 7.4 ശതമാനം തന്നെയായി തുടരും. അഞ്ച് വർഷത്തെ റെക്കറിംഗ് ഡെപ്പോസൈറ്റുകൾക്ക്  5.3 ശതമാനത്തിന് പകരം 5.8 ശതമാനം പലിശ ലഭിക്കും. 

അതുപോലെ, ഒരു വർഷം മുതൽ മൂന്ന് വർഷം വരെ സമയ നിക്ഷേപം 5.5 ശതമാനം പലിശയുമായി തുടരും. ഇത് 4.4 ശതമാനം പലിശയായി കുറയ്ക്കാനായിരുന്നു മുൻപ് തീരുമാനിച്ചത്. സേവിങ്സ് ഡെപ്പോസിറ്റുകൾക്ക് നാല് ശതമാനം തന്നെ പലിശ ലഭിക്കും.

മാറ്റമുള്ള നിരക്കിൽ സൂചിപ്പിച്ച 5.8 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ചുവർഷത്തെ നിക്ഷേപത്തിന്റെ പലിശ 6.7 ശതമാനമായി തന്നെ നിലനിർത്തും.

കിസാൻ വികാസ് പത്ര 6.2 ശതമാനമാക്കുമായിരുന്നത്  6.9 ശതമാനം പലിശ തന്നെ  ലഭിക്കും. സുകന്യ സമൃദ്ധിക്ക് 7.6% തന്നെ പലിശ ലഭിക്കും. ഇത് 6.9% ആയി കുറയ്ക്കാനായിരുന്നു തീരുമാനം. ചെറു സമ്പാദ്യ പദ്ധതികളുള്ള സാധാരണക്കാർക്ക് ഏറെ ആശ്വാസമാണ് പുതിയ പ്രഖ്യാപനം. 

Tags:    

Similar News