മള്‍ട്ടിബാഗറായി അദാനി ഓഹരികള്‍; നിക്ഷേപത്തിലൂടെ ജി.ക്യു.ജിക്ക് നേട്ടം ₹17,000 കോടി
രണ്ട് ദിവസം കൊണ്ട് ഈ ഓഹരികള്‍ 20 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കി
ഇന്ത്യന്‍ വംശജനായ രാജീവ് ജെയിന്റെ ഉടമസ്ഥതയിലുള്ള നിക്ഷേപക സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സിന് അദാനി ഗ്രൂപ്പ് കമ്പനികളിലെ നിക്ഷേപം നല്‍കിയത് 17,099 കോടി രൂപയുടെ നേട്ടം. വിവിധ അദാനി കമ്പനികളിലായി ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് നടത്തിയിട്ടുള്ളത് 20,360 കോടി രൂപയുടെ നിക്ഷേപമാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായ കുതിപ്പ് ഈ അമേരിക്കന്‍ നിക്ഷേപക സ്ഥാപനത്തിന്റെ കൈവശമുള്ള ഓഹരികളുടെ മൂല്യം 37,459 കോടിയാക്കി ഉയര്‍ത്തി. ഇന്നലത്തെ ക്ലോസിംഗ് വില അനുസരിച്ച് 84 ശതമാനമാണ് ലാഭം.
ആറ് കമ്പനികളില്‍ നിക്ഷേപം
അദാനി ഗ്രൂപ്പിലെ പത്ത് ലിസ്റ്റഡ് കമ്പനികളില്‍ ആറിലും ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സിന് ഓഹരിയുണ്ട്. അദാനി എന്റര്‍പ്രൈസസില്‍ 2.74 ശതമാനം ഓഹരി സ്വന്തമാക്കാന്‍ 4,404 കോടി രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഇന്നലത്തെ ഓഹരി വിലയനുസരിച്ച് ഇതിന്റെ മൂല്യം 9,258.4 കോടി രൂപയായി. അദാനി പോര്‍ട്‌സ് ആന്‍ഡ് സെസിലെ 3.53 ശതമാനം ഓഹരിയുടെ മൂല്യം 4,545 കോടി രൂപയില്‍ നിന്ന് 7,714.6 കോടി രൂപയായും അദാനി ഗ്രീന്‍ എനര്‍ജിയിലെ 3.55 ശതമാനം ഓഹരിയുടെ മൂല്യം 3,222 രൂപയില്‍ നിന്ന് 7,580.1 കോടി രൂപയുമായി.
ഇതുകൂടാതെ അദാനി എനര്‍ജി സൊല്യൂഷന്‍സില്‍ 2.49 ശതമാനം ഓഹരികളും അംബുജ സിമന്റ്‌സില്‍ 1.80 ശതമാനം ഓഹരികളും അദാനി പവറില്‍ 4.03 ശതമാനം ഓഹരികളുമുണ്ട്. ഈ മൂന്നു കമ്പനികളിലും കൂടിയുള്ള 8,186 കോടിയുടെ നിക്ഷേപം 12,905 കോടി രൂപയായും ഉയര്‍ന്നു.
ആരോപണങ്ങള്‍ക്ക് പിന്നാലെ
കഴിഞ്ഞ ജനുവരിയില്‍ ആദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചുകൊണ്ടുള്ള അമേരിക്കന്‍ നിക്ഷേപക ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബെര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം ആദാനി ഓഹരികളില്‍ വന്‍ ഇടിവുണ്ടായിരുന്നു. അതിനു പിന്നാലെ മാര്‍ച്ചിലാണ് ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് ഗൗതം അദാനി നേതൃത്വം നല്‍കുന്ന അദാനി ഗ്രൂപ്പ് ഓഹരികളില്‍ ആദ്യമായി നിക്ഷേപിക്കുന്നത്. പിന്നീട് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ അദാനി പവറിന്റെ പ്രമോട്ടര്‍മാരില്‍ നിന്ന് 8,700 കോടി രൂപ മൂല്യം വരുന്ന ഓഹരികളും സ്വന്തമാക്കി.
ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് ഇക്വിറ്റി ഫണ്ട്, ഗോള്‍ഡ്മാന്‍ സാക്‌സ്-ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് ഇന്റര്‍നാഷണല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് എന്നിവ വഴിയാണ് ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് അദാനി ഓഹരികളില്‍ നിക്ഷേപിച്ചിട്ടുള്ളത്. എമര്‍ജിംഗ്
കുതിപ്പിന് പിന്നില്‍
ഹിന്‍ഡെന്‍ബെര്‍ഗ് ആരോപണങ്ങള്‍ അപ്രസക്തമാണെന്ന് അമേരിക്കന്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ (DFC) അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതാണ് അദാനി ഓഹരികള്‍ക്ക് നേട്ടമായത്. അദാനി ഗ്രൂപ്പിന്റെ ശ്രീലങ്കയിലെ ടെര്‍മിനല്‍ പദ്ധതിക്ക് ഡി.എഫ്.സി ഏകദേശം 5,000 കോടി രൂപ വായ്പ ലഭ്യമാക്കാമെന്ന് ഏറ്റിട്ടുണ്ട്. ഇതിന് മുന്നോടിയായി നടത്തിയ അന്വേഷണത്തിലാണ് ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണങ്ങളെ ഡി.എഫ്.സി തള്ളിക്കളഞ്ഞത്.
ഇതുകൂടാതെ 5 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നടത്തിയ മുന്നേറ്റവും അദാനി ഓഹരികള്‍ക്ക് തിളക്കം നല്‍കിയിരുന്നു. ഇന്നലെ അദാനി ഗ്രൂപ്പ് ഓഹരികള്‍ 20 ശതമാനം വരെയാണ് ഉയര്‍ന്നത്. ഇന്ന് രാവിലത്തെ സെഷനില്‍ എ.സി.സി ഒഴികെയുള്ള അദാനി ഗ്രൂപ്പ് ഓഹരികള്‍ മുന്നേറ്റത്തിലാണ്. 15 ശതമാനത്തിലധികം നേട്ടവുമായി അദാനി ഗ്രീന്‍ എനര്‍ജിയും അദാനി ടോട്ടല്‍ ഗ്യാസുമാണ് മുന്നേറ്റത്തെ നയിക്കുന്നത്.