സീറോധയ്ക്ക് പിന്നാലെ ഗ്രോയും ലാഭത്തില്‍, വരുമാനവും 266% വര്‍ധിച്ചു

മൊത്ത വരുമാനം 1,427 കോടി രൂപ

Update:2023-10-25 17:43 IST

ബ്രോക്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപനമായ ഗ്രോ (Groww) 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 448 കോടി രൂപ ലാഭം നേടി. പ്രവര്‍ത്തന വരുമാനം 266 ശതമാനം വര്‍ധിച്ച് 1,277 കോടി രൂപയായതാണ് ലാഭത്തിലേക്ക് കമ്പനിയെ നയിച്ചതെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയ രേഖകള്‍ വ്യക്തമാക്കുന്നു.

ഉയര്‍ന്ന ചെലവുകള്‍ മൂലം തൊട്ടു മുന്‍  സാമ്പത്തിക വര്‍ഷം (2021-22) ഗ്രോ 239 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രോയുടെ മൊത്തം ചെലവ് 932 കോടി രൂപയാണ്. അതേസമയം 2022 സാമ്പത്തിക വര്‍ഷത്തിലിത് 660 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഗ്രോയുടെ മൊത്ത വരുമാനം ഏകദേശം 1,427 കോടി രൂപയാണ്.
ചെലവഴിക്കലുകളുടെ നേട്ടം
2022 സാമ്പത്തിക വര്‍ഷത്തിലെ ചെലവഴിക്കലുകളുടെ നേട്ടം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് കമ്പനിക്ക് നേടാനായത്. മാത്രമല്ല മറ്റ് ബിസിനസുകളിലും മികച്ച വളര്‍ച്ച നേടാനായി. ഉപസ്ഥാപനങ്ങളെ ഒഴിവാക്കിയുള്ള കമ്പനിയുടെ ലാഭം തൊട്ട് മുന്‍ വര്‍ഷത്തെ 6.8 കോടി രൂപയില്‍ നിന്ന് 73 കോടി രൂപയായി.
കഴിഞ്ഞ വര്‍ഷമാദ്യം 40 ലക്ഷമായിരുന്ന ഉപയോക്താക്കളുടെ എണ്ണം ഈ വര്‍ഷം 60 ലക്ഷമായത് കമ്പനിയുടെ സാമ്പത്തിക കണക്കുകള്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചതായി റേറ്റിംഗ് ഏജന്‍സി ഐ.സി.ആര്‍.എ ഒക്ടോബര്‍ 5ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ബംഗളൂരു ആസ്ഥാനമായ ഫിന്‍ടെക് കമ്പനിയായ ഗ്രോ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ഉത്പന്ന വിഭാഗങ്ങളിലേക്ക് കടന്നിരുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ ട്രാന്‍സാക്ഷന്‍ ഹിഹിസ്റ്ററിയെ അടിസ്ഥാനപ്പെടുത്തി 2022 ജനുവരി മുതല്‍ ചെറു വായ്പകള്‍ അനുവദിച്ചു വരുന്നുണ്ട്. ഇതു കൂടാതെ ബ്രോക്കിംഗ് ആപ്പില്‍ യു.പി.ഐ പേമെന്റ് സൗകര്യവും അവതരിപ്പിച്ചിരുന്നു.
2016ൽ തുടക്കം
ഫ്‌ളിപ്കാര്‍ട്ടിന്റെ മുന്‍ എക്‌സിക്യൂട്ടീവ്മാരായ ലളിത് കേശ്രേ, ഹര്‍ഷ് ജെയിന്‍, നീരജ് സിംഗ്, ഇഷാന്‍ ബന്‍സാല്‍ എന്നിവര്‍ ചേര്‍ന്ന് 2016ലാണ് ഗ്രോ ആപ്പിന് തുടക്കം കുറിക്കുന്നത്. മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദേല്ലയിൽ നിന്ന് അടുത്തിടെ നിക്ഷേപം സ്വീകരിക്കുകയും  അഡ്വൈസറായി നിയമിക്കുകയും ചെയ്തു.

2021ല്‍ യൂണികോണ്‍ കമ്പനിയായ വളര്‍ന്ന ഗ്രോ മാസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ട് ഫണ്ടിംഗ് റൗണ്ടുകളിലൂടെ 300 കോടി ഡോളര്‍ മൂല്യമുള്ള കമ്പനിയായി മാറിയിരുന്നു. 100 കോടി ഡോളറിലധികം മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളെയാണ് യൂണികോണ്‍ സ്റ്റാര്‍ട്ടപ്പ് എന്നു പറയുന്നത്.

ഗ്രോയുടെ മുഖ്യ എതിരാളിയായ സീറോധ 2023 സാമ്പത്തിക വര്‍ഷത്തില്‍ 6,875 കോടി രൂപയാണ് വരുമാനം നേടയത്. 2,907 കോടി രൂപയുടെ ലാഭവും കമ്പനി രേഖപ്പെടുത്തിയിരുന്നു.

Tags:    

Similar News