നഷ്ടപ്പെട്ടവരില്‍ മലയാളികളും, ഹാക്കര്‍മാര്‍ കൊണ്ടുപോയത് 100 മില്യണിലധികം ഡോളറിന്റെ എന്‍എഫ്ടികള്‍

ക്രിപ്റ്റോ ആസ്തികള്‍ സൂക്ഷിക്കുന്ന വാലറ്റ് ഐഡികളാണ് ഹാക്ക് ചെയ്യപ്പെടുന്നത്. 2022 മെയില്‍ മാത്രം ഹാക്ക് ചെയ്യപ്പെട്ടത് ഏകദേശം 24 മില്യണ്‍ ഡോളറോളം മൂല്യമുള്ള 4,600 എന്‍എഫ്ടികള്‍

Update:2022-08-26 15:51 IST

കോവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് ഇന്ത്യയില്‍ എന്‍എഫ്ടികളുടെ പ്രചാരം വര്‍ധിച്ചത്. തുടര്‍ന്ന് സിനിമാതാരങ്ങള്‍ മുതല്‍ വലിയ കമ്പനികള്‍ വരെ എന്‍എഫ്ടി കളക്ഷനുകള്‍ അവതരിപ്പിച്ചു. ഇന്ന് എന്‍എഫ്ടിയില്‍ ഉള്‍പ്പടെ ക്രിപ്റ്റോ മേഖലയില്‍ ഹാക്കിംഗ് വലിയ ചര്‍ച്ചയാണ്. 2021 ജൂലൈ മുതല്‍ 2022 ജൂലൈവരെയുള്ള കാലയളവില്‍ 100 മില്യണ്‍ ഡോളറിന് (ഏകദേശം 800 കോടി) മുകളില്‍ മൂല്യമുള്ള എന്‍എഫ്ടികള്‍ മോഷ്ടിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ എലിപ്റ്റിക് (Elliptic) ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2022 മെയില്‍ മാത്രം ഹാക്ക് ചെയ്യപ്പെട്ടത് ഏകദേശം 24 മില്യണ്‍ ഡോളറോളം മൂല്യമുള്ള 4,600 എന്‍എഫ്ടികളാണ്. മോഷ്ടിക്കപ്പെടുന്ന ക്രിപ്റ്റോ ഫണ്ടുകള്‍ വെളുപ്പിക്കാന്‍ ഈ എന്‍എഫ്ടികള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് എലിപ്റ്റിക് പറയുന്നത്.

കേരളത്തിലും ഇത്തരത്തില്‍ ഹാക്കിംഗിലൂടെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവരുണ്ട്. ഇവരുടെയൊക്കെ എഥറിയം വാലറ്റ് ഐഡി ഹാക്ക് ചെയ്ത് എന്‍എഫ്ടികളും ക്രിപ്റ്റോയും ട്രാന്‍ഫര്‍ ചെയ്യുകയായിരുന്നു. പ്രമുഖ എന്‍എഫ്ടി പ്ലാറ്റ്ഫോമായ ഓപ്പണ്‍സീയില്‍ ഹാക്കിംഗ് റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരമുണ്ട്. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ ഹാക്ക് ചെയ്യപ്പെട്ട എന്‍എഫ്ടിയുടെ ഇടപാട് താല്‍ക്കാലികമായി മരവിപ്പിക്കാന്‍ കഴിയും. പക്ഷെ ഇതിന് കുറഞ്ഞത് ഒരു മാസമെങ്കിലും സമയം എടുക്കുമെന്നും അതിനുള്ളില്‍ ഹാക്കര്‍മാര്‍ എന്‍എഫ്ടികള്‍ വില്‍ക്കുമെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നത്.

ഇത്തരത്തില്‍ മോഷ്ടിക്കപ്പെട്ട എന്‍എഫ്ടികള്‍, അറിയാതെ ഹാക്കര്‍മാരില്‍ നിന്ന് വാങ്ങി പണിമേടിച്ചവരും കേരളത്തില്‍ ഉണ്ട്. ഇവര്‍ എന്‍എഫ്ടി വാങ്ങിയ ശേഷമാവും ഹാക്കിംഗ് കണ്ടെത്തിയ ഓപ്പണ്‍സീ ഇടപാട് മരവിപ്പിക്കുക. നിയമപരായ പിന്തുണയൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്‍എഫ്ടി പ്ലാറ്റ്ഫോമുകളില്‍ ഹാക്കിംഗ് റിപ്പോര്‍ട്ട് ചെയ്യുകയത് അവരുടെ മറുപടിക്കായി കാത്തിരിക്കുക മാത്രമാണ് ഏകവഴി.

എങ്ങനെയാണ് എന്‍എഫ്ടികള്‍ ഹാക്ക് ചെയ്യപ്പെടുന്നത്

ഭൂരിഭാഗം സാഹചര്യങ്ങളിലും ഏതെങ്കിലും ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെയാണ് ഹാക്കിംഗ് നടക്കുന്നത്. ക്രിപ്റ്റോ ആസ്തികള്‍ സൂക്ഷിക്കുന്ന വാലറ്റ് ഐഡികളാണ് (മെറ്റാമാസ്‌ക്)ഹാക്ക് ചെയ്യപ്പെടുന്നത്. കൂടുതല്‍ സുരക്ഷിതമെന്ന് കരുതപ്പെടുന്ന ഹാര്‍ഡ്വെയര്‍ വാലറ്റുകളും ഹാക്ക് ചെയ്യപ്പെടാറുണ്ടെന്ന് മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

ഹാക്കിംഗ് കൂടാതെ റഗ്പുള്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകളും (നിക്ഷേപവുമായി പ്രോജക്ട് ഡെവലപ്പര്‍മാര്‍ കടന്നുകളയുന്ന രീതി) എന്‍ഫ്ടിയില്‍ വ്യാപകമാണ്. കഴിഞ്ഞ ദിവസം സുഡോറെയര്‍ (SudoRare) എന്ന എന്‍എഫ്ടി പ്ലാറ്റ്ഫോം പ്രവര്‍ത്തനം ആരംഭിച്ച് ആറുമണിക്കൂറിനുള്ളില്‍ ഇടപാടുകള്‍ അവസാനിപ്പിച്ച് നിക്ഷേപവുമായി കടന്നുകളഞ്ഞിരുന്നു.

ഹാക്കിംഗ് ഭയന്ന് ഇപ്പോള്‍ പലരും ക്രിപ്റ്റോ, എന്‍എഫ്ടി ഇടപാടുകള്‍ നടത്തുന്ന ബ്രൗസര്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറില്ല. ഭൂരിഭാഗവും ക്രിപ്റ്റോ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത് ബ്രേവ് ബ്രൗസര്‍ ആണ്. ഹാക്കിംഗ് ഭയന്ന് വിന്‍ഡോസ് ഒഎസും ക്രോം ബ്രൗസറും ഉപേക്ഷിച്ചവരും ഉണ്ട്.

Tags:    

Similar News