ഓഹരി ഉടമകള്‍ക്ക് 1550 ശതമാനം ലാഭവിഹിതവുമായി എച്ച്ഡിഎഫ്സി ബാങ്ക്
2022 മെയ് 13 ആണ് റെക്കോര്‍ഡ് തീയതിയായി ബാങ്ക് നിശ്ചയിച്ചിരിക്കുന്നത്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വായ്പാ ദാതാവായ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി ഉടമകള്‍ക്ക് 1 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 15.50 രൂപ അഥവാ 1,550 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. 2022 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതമാണ് ബാങ്ക് പ്രഖ്യാപിച്ചത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ബോര്‍ഡ് യോഗത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് ഒരു ഇക്വിറ്റി ഷെയറിന് 15.50 രൂപ ലാഭവിഹിതം ശുപാര്‍ശ ചെയ്തതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. എന്നിരുന്നാലും, ശുപാര്‍ശ കമ്പനിയുടെ ആനുവല്‍ ജനറല്‍ മീറ്റ് അംഗീകാരത്തിന് വിധേയമാണ്.
ലാഭവിഹിതത്തിന് 2022 മെയ് 13 ആണ് റെക്കോര്‍ഡ് തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. നികുതിയിനത്തില്‍ 2,989.50 കോടി രൂപ നല്‍കിയതിന് ശേഷമുള്ള കമ്പനിയുടെ മാര്‍ച്ച് പാദത്തിലെ അറ്റാദായം 23 ശതമാനം ഉയര്‍ന്ന് 10,055.20 കോടി രൂപയായതായി കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് 8,187 കോടി രൂപയായിരുന്നു ബാങ്കിന്റെ ലാഭം.
ലയന സാധ്യതകളുടെയും ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന്റെയും അടിസ്ഥാനത്തില്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഭാവി വളര്‍ച്ചാ പാത പോസിറ്റീവായി തുടരുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഇന്ന് (25-04-2022) 1,350.75 രൂപ എന്ന നിലയിലാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നത്.