ശക്തി കാന്ത ദാസ് പറഞ്ഞ 5 കാര്യങ്ങൾ ഇതാ
പ്രതീക്ഷ പോലെ പണനയം; വിപണി ചാഞ്ചാടുന്നു
റിസർവ് ബാങ്കും പണനയ കമ്മിറ്റിയും പ്രതീക്ഷിച്ച കാര്യങ്ങൾ എല്ലാം ചെയ്തു. ആവശ്യമായ ഉറപ്പുകൾ വിപണിക്കു നൽകി. പക്ഷേ വിപണി ചാഞ്ചാട്ടത്തിലാണ്.
ഏഷ്യൻ ഓഹരി വിപണികളെല്ലാം താഴോട്ടു പോയ ദിവസം ഇന്ത്യൻ വിപണി ഉയർന്നു തുടങ്ങി; ചെറിയ ചാഞ്ചാട്ടത്തോടെ മേലോട്ടു കയറി. പിന്നീടു പത്തു മണിക്കു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പണനയ കമ്മിറ്റി (എംപിസി ) തീരുമാനം അറിയിച്ചു തുടങ്ങി. ആകാംക്ഷയോടെ കാത്തിരുന്ന വിപണി താമസിയാതെ ഉണർവിലേക്കു വന്നു.
പക്ഷേ ഗവർണറുടെ അറിയിപ്പിനു ശേഷം സൂചികകൾ ചാഞ്ചാടി. ബാങ്ക് ഓഹരികളിലെ വലിയ ചാഞ്ചാട്ടമാണു കാരണം. തുടക്കത്തിൽ ബാങ്ക് ഓഹരികൾ ഗണ്യമായി താണു. അതിനു ശേഷം ബാങ്കുകൾ തിരിച്ചു കയറി. മുഖ്യ സൂചികകളും ഉയരത്തിലേക്കു വന്നു.
ബാങ്കുകൾക്കു കടം പുനർ ക്രമീകരിക്കാൻ കൂടുതൽ സൗകര്യങ്ങൾ നൽകുമെന്ന പ്രതീക്ഷ നിറവേറാത്തതാണ് ബാങ്ക് ഓഹരികൾ താഴാൻ കാരണം.
ഗവർണർ പറഞ്ഞ പ്രധാന കാര്യങ്ങളും അറിയിച്ച തീരുമാനങ്ങളും ഇവയാണ്:
ഒന്ന്: നിരക്കുകളിൽ മാറ്റമില്ല. റീപോ 4.0%, റിവേഴ്സ് റീപോ 3.35%, ബാങ്ക് റേറ്റ് 4.25% എന്നിങ്ങനെ തുടരും. കരുതൽ പണ അനുപാതം (സിആർആർ) നാലു ശതമാനത്തിൽ തുടരും.
രണ്ട്: ഈ ധനകാര്യ വർഷത്തെ വളർച്ച പ്രതീക്ഷ 9.5 ശതമാനമായി കുറച്ചു. 10.5 ശതമാനമാണു നേരത്തേ പ്രതീക്ഷിച്ചത്. ഒന്നാം പാദ വളർച്ച പ്രതീക്ഷ 26.2 ശതമാനത്തിൽ നിന്ന് 18.5 ശതമാനമായി കുറഞ്ഞതാണു കാരണം. കോവിഡ് രണ്ടാം തരംഗത്തിൻ്റെ ഫലമാണിത്. അടുത്ത പാദങ്ങളിൽ 7.9%, 7.2%, 6.6% എന്നിങ്ങനെയാകും ജിഡിപി വളർച്ച.
മൂന്ന്: ഇക്കൊല്ലം ചില്ലറ വിലക്കയറ്റം 5.1 ശതമാനമാകും. ഒന്നാം പാദത്തിൽ 5.2%, രണ്ടിൽ 5.4%, മൂന്നിൽ 4.7% , നാലാം പാദത്തിൽ 5.3% എന്നിങ്ങനെയാകും വിലക്കയറ്റം.
നാല്: ആവശ്യമായ കാലത്തോളം പലിശ താഴ്ത്തി നിർത്താനും പണലഭ്യത കൂട്ടാനും റിസർവ് ബാങ്ക് നടപടി തുടരും.
അഞ്ച്: രണ്ടാം പാദത്തിൽ റിസർവ് ബാങ്ക് 1.2 ലക്ഷം കോടിയുടെ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങും.
അമേരിക്കയിലെ കടപ്പത്രങ്ങൾക്കു വിലയിടിഞ്ഞത് ഇന്ത്യൻ വിപണിയെയും സ്വാധീനിച്ചു. കടപ്പത്ര വിലകൾ താണു. പത്തു വർഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 6.012 ശതമാനത്തിലേക്കു കയറി.
അമേരിക്ക കടപ്പത്രം വാങ്ങൽ സാവധാനം കുറയ്ക്കുമെന്നു സൂചനയുണ്ട്. ഇത് വികസ്വര രാജ്യങ്ങളിലെ വിപണികൾക്കു ദോഷമാണ്.' വിപണിയുടെ ചാഞ്ചാട്ടത്തിന് അതും കാരണമാണ്.
വിദേശത്തെ വിലയിടിവ് കേരളത്തിലെ സ്വർണ വിപണിയിലും പ്രതികരിച്ചു. പവന് 560 രൂപ കുറഞ്ഞ് 36,400 രൂപയായി.