പ്രതീക്ഷിച്ച മൈലേജ് ഇല്ലാതെ ഹ്യുണ്ടായ് ഐ.പി.ഒ, ഇനി നോട്ടം ലിസ്റ്റിംഗില്‍

ഗ്രേ മാര്‍ക്കറ്റില്‍ ഹ്യുണ്ടായിയെ കടത്തിവെട്ടി രണ്ട് എസ്.എം.ഇ ഐ.പി.ഒകള്‍

Update:2024-10-17 18:35 IST

Image : Canva

രാജ്യം കണ്ട ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയുമായാണ് പ്രമുഖ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യന്‍ കമ്പനി ഓഹരി വിപണിയിലേക്ക് എത്തിയത്. പക്ഷെ പ്രതീക്ഷിച്ചത്ര കോളിളക്കം വിപണിയിലുണ്ടാക്കാന്‍ ഹ്യുണ്ടായ് ഇന്ത്യക്ക് സാധിച്ചില്ല. വില്‍പ്പനയ്ക്ക് വച്ച മൊത്തം ഓഹരികളുടെ 28 ശതമാനം മാത്രമാണ് ആദ്യ രണ്ടു ദിവസം കൊണ്ട് സബ്‌സ്‌ക്രിപ്ഷന്‍ നേടാനായത്. എന്നാൽ അവസാന ദിനമായ ഇന്ന് ഐ.പി.  200 ശതമാനം സബ്‌സ്‌ക്രിപ്ഷന്‍ നേടി. പക്ഷെ, അടുത്തിടെ നടന്ന മറ്റ് പല ഐ.പി.ഒകളുമായി നോക്കുമ്പോള്‍ നിക്ഷേപകരില്‍ നിന്നുള്ള പ്രതികരണം അത്ര ആവേശകരമല്ലെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.

മൊത്തം 9.97 കോടി ഓഹരികള്‍ ഹ്യുണ്ടായി വില്‍പ്പനയ്ക്ക് വച്ചപ്പോള്‍ 22.08 കോടി ഓഹരികള്‍ക്ക് അപേക്ഷകള്‍ ലഭിച്ചു. അതായത് 2.37 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരാണ് വില്‍പ്പനയ്ക്ക് പ്രധാനമായും ചുക്കാന്‍ പിടിച്ചത്. 1.82 കോടി ഓഹരികള്‍ ഇവര്‍ക്ക് വാഗ്ദാനം ചെയ്തപ്പോള്‍ 18.68 കോടി ഓഹരികള്‍ക്ക് അപേക്ഷ ലഭിച്ചു. 6.97 മടങ്ങ് അധികം അപേക്ഷകളാണ് ഈ വിഭാഗത്തില്‍ ലഭിച്ചത്.
സ്ഥാപന ഇതര നിക്ഷേപകരില്‍ നിന്ന് 0.60 മടങ്ങും റീറ്റെയില്‍ നിക്ഷേപകരില്‍ നിന്ന് 0.50 മടങ്ങും അപേക്ഷകള്‍ ലഭിച്ചു. ജീവനക്കാര്‍ക്കായി നീക്കി വച്ച ഓഹരികള്‍ക്ക് 1.73 മടങ്ങ് അപേക്ഷകളും ലഭിച്ചു.
വെള്ളിയാഴ്ചയാണ് ഓഹരിയുടെ അലോട്ട്‌മെന്റ് പ്രതീക്ഷിക്കുന്നത്. കിന്‍ഫിന്‍ ടെക്‌നോളജി ലിമിറ്റഡിന്റെ വെബ്‌സൈറ്റ് വഴി നിക്ഷേപകര്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ചോയെന്ന് ചെക്ക് ചെയ്യാം. ഒക്ടോബര്‍ 22ന് ഓഹരികള്‍ ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ലിസ്റ്റ് ചെയ്‌തേക്കാം.

ഇനി നോട്ടം ലിസ്റ്റിംഗില്‍, ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ശോഷിച്ചു

ലിസ്റ്റിംഗില്‍ നേട്ടമുണ്ടാക്കുമോ എന്നതാണ് ഇനി നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. ഇന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഓഹരികള്‍ അനൗദ്യോഗിക വിപണിയില്‍ (ഗ്രേ മാര്‍ക്കറ്റ്) വ്യാപാരം നടത്തുന്നത് വെറും 14 രൂപ മാത്രം പ്രീമിയത്തിലാണ്. ഐ.പി.ഒയുടെ പ്രൈസ് ബാന്‍ഡ് 1,960 രൂപയാണ്. നിലവിലെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം വില അനുസരിച്ച് ഓഹരിയുടെ ലിസ്റ്റിംഗ് 1,974 രൂപ വരെ മാത്രമാണ് ഉയരാന്‍ സാധ്യത. അതായത് ഒരു ശതമാനത്തിൽ താഴെ നേട്ടം. സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ച ദിവസം 63 രൂപ വരെ 
ഗ്രേ
 മാര്‍ക്കറ്റ് പ്രീമിയം ഉണ്ടായിരുന്നതാണ്.

പ്രതീക്ഷയായി ഈ എസ്.എം.ഇ ഐ.പി.ഒകള്‍

അതേ സമയം ഈ ആഴ്ച ഐ.പി.ഒയുമായെത്തിയ എസ്.എം.ഇ വിഭാഗത്തില്‍പെട്ട ഫ്രെഷാര അഗ്രോ എക്‌സ്‌പോര്‍ട്‌സ്, ലക്ഷ്യ പവര്‍ എന്നിവ വിപണിയില്‍ മികച്ച പ്രതികരണം നേടുന്നുണ്ട്. 110-116 രൂപയാണ് ഫെഷാര അഗ്രോയുടെ ഐ.പി.ഒ വില. ഗ്രേ മാര്‍ക്കറ്റില്‍ 90 രൂപ ഉയര്‍ന്നാണ് ഇന്ന് ഓഹരിയുടെ വ്യാപാരം. അതനുസരിച്ച് 206 രൂപയിലാണ് ലിസ്റ്റിംഗ് പ്രതീക്ഷിക്കുന്നത്. 77.59 ശതമാനമാണ് നേട്ടം.
ലക്ഷ്യ പവര്‍ടെക് ഐ.പി.ഒയുടെ പ്രൈസ് ബാന്‍ഡ് 171-180 രൂപയാണ്. 160 രൂപ പ്രീമിയത്തില്‍ ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം നടക്കുന്ന ഓഹരി 352 രൂപ വരെയാണ് ലിസ്റ്റിംഗില്‍ ഉയരാന്‍ സാധ്യത. അതായത് 95.56 ശതമാനം ലിസ്റ്റിംഗ് നേട്ടം. അടുത്തയാഴ്ച സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കുന്ന വാരി എനര്‍ജീസ് ഓഹരിയും ഗ്രേ മാര്‍ക്കറ്റില്‍ വലിയ പ്രീമിയത്തിലാണ് വ്യാപാരം നടത്തുന്നത്. 1,427-1,503 രൂപയാണ് ഓഹരിയുടെ പ്രൈസ് ബാന്‍ഡ്. നിലവില്‍ ഗ്രേ മാര്‍ക്കറ്റില്‍ 1,545 രൂപ വരെ ഉയര്‍ന്നാണ് ഓഹരിയുടെ വ്യാപാരം. അതായത് 102.79 ശതമാനം വരെ നേട്ടമാണ് പ്രതീക്ഷിക്കുന്നത്.

Similar News