ഹ്യുണ്ടായ് ഇന്ത്യ ഐ.പി.ഒ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചു, ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ, ₹ 25,000 കോടി സമാഹരണം ലക്ഷ്യം

ഒക്‌ടോബർ 15 മുതല്‍ 17 വരെ റീട്ടെയിൽ നിക്ഷേപകര്‍ക്ക് ഐ.പി.ഒ സബ്‌സ്‌ക്രിപ്‌ഷനുകൾ സ്വീകരിക്കാം

Update:2024-10-09 12:34 IST

Image Courtesy: x.com/HyundaiIndia

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഐ.പി.ഒ സബ്‌സ്‌ക്രിപ്‌ഷനുകൾ അടുത്തയാഴ്ച ആരംഭിക്കും. ഓഹരിക്ക് 1,865 രൂപ മുതൽ 1,960 രൂപ വരെയാണ് വില. രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ യാണ് ഹ്യുണ്ടായ് നടത്തുന്നത്. ഇതോടെ 1.6 ലക്ഷം കോടി രൂപയാകും കമ്പനിയുടെ മൂല്യം എന്നാണ് കണക്കാക്കുന്നത്.
25,000 കോടി രൂപയുടെ ഐ.പി.ഒ ഒക്ടോബർ 14 ന് വൻകിട സ്ഥാപന നിക്ഷേപകർക്ക് സബ്‌സ്‌ക്രിപ്‌ഷനുകൾക്കായി തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒക്‌ടോബർ 15-17 കാലയളവിൽ റീട്ടെയിൽ നിക്ഷേപകര്‍ക്ക് സബ്‌സ്‌ക്രിപ്‌ഷനുകൾ സ്വീകരിക്കാവുന്നതാണ്.
2003 ൽ മാരുതി സുസുക്കി ഐ.പി.ഒ അവതരിപ്പിച്ച ശേഷം രണ്ട് പതിറ്റാണ്ടിനുള്ളിൽ ഐ.പി.ഒ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ കാർ നിർമ്മാതാവായി ഹ്യുണ്ടായ് മാറുന്നതാണ്.
"ഓഫർ ഫോർ സെയിൽ" വഴി ദക്ഷിണ കൊറിയൻ പാരന്റിന്റെ 17.5 ശതമാനം ഓഹരികൾ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് വിൽക്കാനാണ് ഐ.പി.ഒ യിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം ഐ.പി.ഒയിൽ ഹ്യൂണ്ടായ് പുതിയ ഓഹരികൾ ഇഷ്യൂ ചെയ്യുന്നില്ല.

കാർ വിപണിയുടെ 15 ശതമാനം ഹ്യുണ്ടായിക്ക് സ്വന്തം

കൊറിയ ആസ്ഥാനമായുള്ള ഹ്യുണ്ടായ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 1996 ലാണ് സ്ഥാപിതമാകുന്നത്.
സെഡാനുകൾ, ഹാച്ച്ബാക്കുകൾ, എസ്‌.യു.വികൾ, ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി കൾ) എന്നിവയുൾപ്പെടെ വിപുലമായ ഫോർ വീലർ പാസഞ്ചർ വാഹനങ്ങളുടെ ശ്രേണിയാണ് കമ്പനിക്കുളളത്. 13 മോഡലുകളാണ് ഹ്യുണ്ടായി വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുളളത്. 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യന്‍ കാർ വിപണിയുടെ 15 ശതമാനത്തോളം ഹ്യുണ്ടായ് സ്വന്തമാക്കി. ഇതോടെ മാരുതി സുസുക്കിക്ക് പിന്നിൽ രണ്ടാം സ്ഥാനവും ഹ്യുണ്ടായ് കൈവരിച്ചു.
ഐ.പി.ഒ വഴി 25,000 കോടി രൂപ സമാഹരിക്കുന്നതിലൂടെ എൽ.ഐ.സി യുടെയും പേയ്ടിഎമ്മിന്റെയും ഐ.പി.ഒ റെക്കോഡുകൾ ഭേദിക്കാനാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്.
Tags:    

Similar News