ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡിന്റെ മൂന്നാംപാദ ലാഭത്തില്‍ 22.4% വര്‍ധന

പ്രീമിയം വരുമാനത്തില്‍ വിപണിയേക്കാള്‍ മികച്ച വളര്‍ച്ചാനിരക്ക്

Update:2024-01-25 16:46 IST

Image : ICICI Lombard and Canva

വിപണിയേക്കാള്‍ മികച്ച പ്രകടനവുമായി ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ പ്രമുഖ ഇന്‍ഷ്വറന്‍സ് സേവന കമ്പനിയായ ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ്. നടപ്പുവര്‍ഷത്തെ (2023-24) മൂന്നാംപാദത്തില്‍ 22.4 ശതമാനം വളര്‍ച്ചയോടെ 431 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്.

ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് കഴിഞ്ഞവര്‍ഷത്തെ സമാനപാദത്തില്‍ നേടിയ ലാഭം 353 കോടി രൂപയായിരുന്നു. നടപ്പുവര്‍ഷം ആദ്യ 9 മാസക്കാലത്ത് (ഏപ്രില്‍-ഡിസംബര്‍) ലാഭം 1,292 കോടി രൂപയില്‍ നിന്ന് 1,399 കോടി രൂപയിലുമെത്തി. 8.3 ശതമാനമാണ് വളര്‍ച്ച.
മോട്ടോര്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ് കരുത്ത്
ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് നടപ്പുവര്‍ഷം ഏപ്രില്‍-ഡിസംബറില്‍ നേരിട്ടുള്ള മൊത്ത പ്രീമിയം വരുമാനത്തില്‍ (GDPI) 16.5 ശതമാനം വളര്‍ച്ച നേടി. വിപണിയുടെ വളര്‍ച്ചയായ 14 ശതമാനത്തേക്കാള്‍ മികച്ച പ്രകടനം നടത്താനും കഴിഞ്ഞു.
16,048 കോടി രൂപയില്‍ നിന്ന് 18,703 കോടി രൂപയിലേക്കാണ് ഇക്കാലയളവില്‍ കമ്പനിയുടെ ജി.ഡി.പി.ഐ ഉയര്‍ന്നത്. മൂന്നാംപാദത്തില്‍ ഇത് 5,493 കോടി രൂപയില്‍ നിന്ന് 6,230 കോടി രൂപയിലേക്കും മെച്ചപ്പെട്ടു. വിപണിയുടെ വളര്‍ച്ചാനിരക്കായ 12.3 ശതമാനത്തെ 13.4 ശതമാനം വളര്‍ച്ചയോടെ മൂന്നാംപാദത്തിലും കമ്പനി മറികടന്നു.
ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡിന്റെ മൊത്തം പ്രീമിയം വരുമാനത്തില്‍ 50.8 ശതമാനവും മോട്ടോര്‍ വാഹന ഇന്‍ഷ്വറന്‍സുകളില്‍ നിന്നാണ്. മോട്ടോര്‍, ഹെല്‍ത്ത്, ഫയര്‍ ഇന്‍ഷ്വറന്‍സ് സേവനങ്ങളാണ് കമ്പനി നല്‍കുന്നത്. അതിവേഗം വളരുന്ന ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് വിഭാഗത്തിന്റെ പങ്ക് 42.4 ശതമാനമാണ്. ഇന്ന് ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ചപ്പോള്‍ 1.75 ശതമാനം താഴ്ന്ന് 1,482.20 രൂപയിലാണ് കമ്പനിയുടെ ഓഹരികളുള്ളത്.
Tags:    

Similar News