ആഗോള ഓഹരി വിപണി മൂല്യം; ഇന്ത്യയുടെ സംഭാവന റെക്കോര്‍ഡ് ഉയരത്തില്‍

ഒരു വര്‍ഷം കൊണ്ട് ഇന്ത്യയുടെ വിഹിതം ഉയര്‍ന്നത് 74 ശതമാനം

Update: 2022-10-10 06:54 GMT

ആഗോള ഓഹരി വിപണി മൂല്യത്തില്‍ (World Market Capitalisation) ഇന്ത്യയുടെ സംഭാവന ഏക്കാലത്തെയും ഉയര്‍ന്ന നിലയായ 4 ശതമാനത്തില്‍ എത്തി. ഒരു വര്‍ഷം കൊണ്ട് ഇന്ത്യയുടെ വിഹിതം 74 ശതമാനം ആണ് ഉയര്‍ന്നത്. നിലവില്‍ 92.8 ട്രില്യണ്‍ ഡോളറാണ് ആഗോള വിപണി മൂല്യം. 2021 നവംബറില്‍ ഇത് 122 ട്രില്യണ്‍ ഡോളര്‍വരെ ഉയര്‍ന്നിരുന്നു.

3.5 ട്രില്യണ്‍ ഡോളറാണ് ഇന്ത്യന്‍ ഓഹരികളുടെ വിപണിയുടെ മൂല്യം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നിഫ്റ്റിയും സെന്‍സെക്‌സും റെക്കോര്‍ഡ് നേട്ടം ഉണ്ടാക്കിയപ്പോള്‍ ആഗോള വിപണി മൂല്യത്തില്‍ ഇന്ത്യയുടെ പങ്ക് 2.3 ശതമാനം മാത്രമായിരുന്നു. പിന്നീട് ഇന്ത്യന്‍ വിപണി 3.3 ശതമാനം മാത്രമാണ് ഇടിഞ്ഞത്. ആഗോള തലത്തില്‍ സൂചികകളില്‍ വലിയ ഇടിവ് നേരിട്ടതാണ് വിപണി മൂല്യത്തില്‍ ഇന്ത്യയുടെ സംഭാവന ഉയര്‍ത്തിയത്.

റഷ്യ-യുക്രെയ്ന്‍ യുദ്ധം ഉള്‍പ്പടെയുള്ള ആഗോള പ്രതിസന്ധികളെ തുടര്‍ന്ന് ഏറ്റവും അധികം തിരിച്ചടി നേരിട്ടത് യുഎസ് ഓഹരി വിപണിയാണ്. കഴിഞ്ഞ നവംബറിനെ അപേക്ഷിച്ച് 13 ട്രില്യണ്‍ ഡോളറിന്റെ ഇടിവാണ് യുഎസ് ഓഹരി വിപണിക്ക് ഉണ്ടായത്. അതേ സമയം 40 ട്രില്യണ്‍ ഡോളറിന്റെ മൂല്യവുമായി ആഗോളതലത്തില്‍ 44 ശതമാനവും സംഭാവന ചെയ്യുന്നത് യുഎസ് ആണ്. 10.2 ശതമാനം വിഹിതവുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. ജപ്പാന്‍ (5.4 ശതമാനം), ഹോങ്കോംഗ് (5 ശതമാനം) എന്നിവയാണ് പിന്നാലെ.

Tags:    

Similar News