ഇന്‍ഫോസിസിനോട് വിശദീകരണം തേടി സെബി, ബി.എസ്.ഇ

Update: 2019-10-23 09:12 GMT

ഇന്‍ഫോസിസ് മേധാവികള്‍ക്കെതിരേ ആരോപണങ്ങളുമായി ജീവനക്കാര്‍ രംഗത്തെത്തിയതു സംബന്ധിച്ച വിവരം മറച്ചു വച്ചതെന്തെന്ന ചോദ്യവുമായി സെബിയും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും. ഇക്കാര്യത്തില്‍ ഇന്‍ഫോസിസ് മാനേജ്‌മെന്റിനോട് സെബിയും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും വിശദീകരണം തേടി.

കമ്പനിയുടെ ലാഭമുയര്‍ത്താനായി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സലില്‍ പരേഖ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നിലഞ്ജന്‍ റോയ് എന്നിവര്‍ അധാര്‍മികപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായാണ്  കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ക്കു നല്‍കിയ കത്തില്‍ ജീവനക്കാര്‍ ആരോപിച്ചത്.അധാര്‍മികപ്രവര്‍ത്തനങ്ങളുടെ രേഖകള്‍ മേധാവികളുടെ ഇ- മെയിലുകളില്‍നിന്നും ഫോണ്‍ സംഭാഷണരേഖകളില്‍നിന്നും വ്യക്തമാണെന്നും, കമ്പനി ഡയറക്ടര്‍മാരില്‍ ചിലരെ സിഇഒ സലില്‍ പരേഖ് മദ്രാസികളെന്ന് വിളിച്ച് ആക്ഷേപിച്ചെന്നും പരാതിയുണ്ട്. സെപ്റ്റംബര്‍ 20 നാണ് 'എത്തിക്കല്‍ എംപ്ലോയീസിന്റെ' കത്ത് ലഭിച്ചത്.രണ്ടു വര്‍ഷം മുന്‍പ് ഇതുപോലെ ഉയര്‍ന്ന ആരോപണങ്ങളെത്തുടര്‍ന്ന് സിഇഒ: വിശാല്‍ സിക്ക രാജി വയ്‌ക്കേണ്ടി വന്നിരുന്നു.

2018 ല്‍ സലില്‍ പരേഖ് സിഇഒയായി ചുമതലയേറ്റ ശേഷം നടന്ന വമ്പന്‍ ഇടപാടുകള്‍ പരിശോധനയോ വിവിധ തലങ്ങളിലെ അനുമതിയോ കൂടാതെയായിരുന്നെന്നും അവയില്‍നിന്നു ലാഭം കുറവാണെന്ന് കമ്പനി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അറിയാതിരിക്കാനായിരുന്നു ഇതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ധാരാളം ഇടപാടുകള്‍ ലാഭമില്ലാത്തവയാണ്. വീസച്ചെലവ് അടക്കമുള്ള ചെലവുകള്‍ രേഖപ്പെടുത്താതെയും ലാഭം പെരുപ്പിച്ചു കാട്ടുന്നു എന്നാണ് ആരോപണം. ബോര്‍ഡിലെ സ്വതന്ത്ര ഡയറക്ടര്‍മാര്‍ ഇതൊന്നും അറിയേണ്ട കാര്യമില്ലെന്ന് സിഇഒ പറഞ്ഞതിന്റെ ഓഡിയോ ക്ലിപ് ഉണ്ടെന്നും കത്തില്‍ പറയുന്നു.
ആരോപണം പരസ്യമായതിനെത്തുടര്‍ന്ന് ഇന്‍ഫോസിസ് ഓഹരികള്‍ക്കു കനത്ത വിലയിടിവുണ്ടായി.

അതേസമയം, അക്കൗണ്ടിങ് ക്രമക്കേടുകള്‍ വഴി ലാഭം പെരുപ്പിച്ചു കാട്ടാന്‍ സിഇഒയും സിഎഫ്ഒയും ശ്രമിക്കുന്നു എന്നാരോപിച്ചു കിട്ടിയ കത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി അറിയിച്ചു. ഈ മാസം പത്തിനുതന്നെ കത്ത് ഓഡിറ്റ് കമ്മിറ്റിക്കു മുന്നിലെത്തിച്ചിട്ടുണ്ട്.  സ്വതന്ത്ര ഇന്റേണല്‍ ഓഡിറ്റര്‍മാരായി ഏണ്‍സ്റ്റ് ആന്‍ഡ് യങ്ങിനെയും സ്വതന്ത്ര അന്വേഷണത്തിന് ശാര്‍ദ്ദൂല്‍ അമര്‍ചന്ദ് മംഗല്‍ദാസ് കമ്പനിയെയും ചുമതലപ്പെടുത്തിയതായും നിലേകനി അറിയിച്ചു.

Similar News