നിക്ഷേപിക്കാം, നേട്ടസാധ്യതയുള്ള 6 പൊതുമേഖലാ പ്രതിരോധ ഓഹരികളില്‍

ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയോ അതിലധികമോ ആയി വില ഉയര്‍ന്ന ഓഹരികള്‍

Update:2024-06-09 12:00 IST

പൊതുമേഖലാ പ്രതിരോധ ഓഹരികള്‍ കുറേ നാളായി ഇന്ത്യന്‍ വിപണിയുടെ ഇഷ്ടതാരങ്ങളാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പല പൊതുമേഖലാ പ്രതിരോധ ഓഹരികളുടെയും വില ഇരട്ടിയോ അതിലധികമോ ആയി. കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ നയവും പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന സമീപനവും ചേര്‍ന്നപ്പോള്‍ ഇവയിലേക്കു കൂടുതല്‍ ശ്രദ്ധ വന്നു. ഒപ്പം പ്രതിരോധ സേനകളുടെ ആധുനികീകരണ ആവശ്യവും കൂടി ആയപ്പോള്‍ ഈ കമ്പനികളുടെ വളര്‍ച്ചാസാധ്യത കുതിച്ചുയര്‍ന്നു. സുഹൃദ് രാജ്യങ്ങള്‍ക്ക് ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും നല്‍കാമെന്നു വന്നത് ഈ കമ്പനികളുടെ കയറ്റുമതി സാധ്യത വര്‍ധിപ്പിക്കുന്നു.സര്‍ക്കാരില്‍ നിന്നു തന്നെ മിക്ക കമ്പനികള്‍ക്കും ആയിരക്കണക്കിനു കോടി രൂപയുടെ കരാറുകള്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ നല്‍കി. സര്‍ക്കാരുകള്‍ മാറുന്നത് ഈ കമ്പനികളെ ബാധിക്കില്ല. അത്തരം ചില ഓഹരികള്‍ ചുവടെ: (ഓഹരി വില മെയ് 28ലേത്).

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (1,910 രൂപ, പിഇ അനുപാതം 89)

ഈ വര്‍ഷം ഇതുവരെ 180% കയറ്റം. ഒരു വര്‍ഷം കൊണ്ട് വളര്‍ച്ച 684 ശതമാനം. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം 259 കോടി രൂപ. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് ലാഭം ആറിരട്ടിയിലേറെ. വിമാനവാഹിനികളും അന്തര്‍വാഹിനികളും പടക്കപ്പലുകളും അടക്കം വലിയ നിര്‍മാണങ്ങള്‍ക്കുള്ള കരാറുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനു കിട്ടിയിട്ടുണ്ട്. രണ്ടു വര്‍ഷത്തേക്ക് ലാഭവര്‍ധന ഉയര്‍ന്ന തോതിലാകുമെന്ന് അനലിസ്റ്റുകള്‍ കണക്കാക്കുന്നു.

എച്ച്എഎല്‍ (5,012 രൂപ, പിഇ അനുപാതം 44)

ഈ വര്‍ഷം ഇതുവരെ 77 ശതമാനം കയറ്റം. ഒരു വര്‍ഷം കൊണ്ട് 233 ശതമാനം വളര്‍ച്ച. നാലാം പാദ വരുമാനം 18.2% കൂടി. പ്രവര്‍ത്തന ലാഭം 140 ശതമാനവും  അറ്റാദായം 52 ശതമാനവും ഉയര്‍ന്നു. ചെറു പോര്‍ വിമാനം തേജസ്, ലൈറ്റ് കോംബാക്റ്റ് ഹെലികോപ്റ്റര്‍, സുഖോയ് 30 വിമാനത്തിന്റെ എന്‍ജിന്‍ എന്നിവ നിര്‍മിക്കുന്ന ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സിന് റിപ്പയറിംഗ്, മെയിന്റനന്‍സ് ജോലികളും ധാരാളമായി ഉണ്ട്. അടുത്ത മൂന്ന് വര്‍ഷം കമ്പനി ലാഭം വര്‍ധിപ്പിച്ചുകൊണ്ടിരിക്കും എന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.

ഭാരത് ഇലക്ട്രോണിക്‌സ് (288.85 രൂപ, പിഇ അനുപാതം 53)

ഈ വര്‍ഷം ഇതുവരെ 56 ശതമാനം കയറ്റം. ഒരു വര്‍ഷത്തെ വളര്‍ച്ച 159 ശതമാനം. നാലാം പാദത്തില്‍ അറ്റാദായം 30 ശതമാനം കുതിച്ചു. വരുമാനവും കുതിച്ചു. പ്രതിരോധ വിഭാഗങ്ങളില്‍ നിന്നുള്ള കരാറുകള്‍ വരുന്ന മൂന്നു വര്‍ഷം ശരാശരി 20 ശതമാനം ഇ.പി.എസ് വളര്‍ച്ച നല്‍കുമെന്നാണ് അനലിസ്റ്റുകള്‍ കരുതുന്നത്. 2015ലും 2022ലും ബോണസ് ഇഷ്യു നടത്തിയിട്ടുണ്ട്.

ഭെല്‍ (291.20 രൂപ, പിഇ അനുപാതം 359)

തുടര്‍ച്ചയായി മികച്ച ബിസിനസ് വളര്‍ച്ച കാണിക്കുന്ന ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ഈ വര്‍ഷം ഇതുവരെ 47 ശതമാനം കയറി. ഒരു വര്‍ഷത്തെ നേട്ടം 251 ശതമാനം. നാലാം പാദത്തില്‍ വരുമാന വര്‍ധന നാമമാത്രമായിരുന്നു. അറ്റാദായം 25 ശതമാനം കുറഞ്ഞു. ആദ്യ രണ്ട് പാദങ്ങളില്‍ കമ്പനി പ്രവര്‍ത്തന നഷ്ടം കാണിച്ചിരുന്നു. ആണവ നിലയങ്ങള്‍ക്കു വേണ്ട ടര്‍ബൈന്‍ ജനറേറ്റര്‍ മുതല്‍ നേവിയുടെ ത്രിശൂല്‍ മിസൈല്‍ ലോഞ്ചര്‍ വരെ നിര്‍മിക്കുന്ന കമ്പനിയാണു ഭെല്‍. കമ്പനിക്ക് 1.34 ലക്ഷം കോടി രൂപയുടെ ഓര്‍ഡറുകള്‍ നിലവില്‍ ഉണ്ട്. വരും വര്‍ഷങ്ങളില്‍ 12 മുതല്‍ 15 ശതമാനം വരെ വരുമാന വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഭാരത് ഡൈനാമിക്‌സ് (1,454 രൂപ, പിഇ അനുപാതം 112)

ഓഹരി മുഖവില 10 രൂപയില്‍ നിന്ന് അഞ്ചു രൂപ ആക്കുന്നതിനു മുമ്പുള്ള വിലയാണിത്. ഈ വര്‍ഷം ഇതുവരെ 68 ശതമാനം നേട്ടം. ഒരു വര്‍ഷത്തെ വളര്‍ച്ച 177 ശതമാനം. മിസൈലുകള്‍ അടക്കം ഗതി നിയന്ത്രിത സംവിധാനങ്ങളും ടോര്‍പ്പിഡോകളും പടക്കോപ്പുകളും നിര്‍മിക്കുന്ന കമ്പനിയാണിത്. 20,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. മൂന്നാം പാദത്തില്‍ വരുമാനം 30 ശതമാനവും അറ്റാദായം 61 ശതമാനവും വര്‍ധിച്ചു. പ്രവര്‍ത്തന ലാഭ മാര്‍ജിനും മെച്ചപ്പെട്ടു.

മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സ് (2,892.60 രൂപ, പിഇ അനുപാതം 36.46)

ഈ വര്‍ഷം ഇതുവരെ 33 ശതമാനം കയറ്റം. ഒരു വര്‍ഷത്തെ നേട്ടം 292 ശതമാനം. നാവിക സേനകള്‍ക്കു വേണ്ടി പടക്കപ്പലുകളും അന്തര്‍ വാഹിനികളും മറ്റും നിര്‍മിക്കുന്ന കമ്പനി എണ്ണ ഖനനത്തിനു വേണ്ട ഓഫ് ഷോര്‍ പ്ലാറ്റ്‌ഫോമുകളും സഹായക യാനങ്ങളും നിര്‍മിക്കുന്നുണ്ട്. നീണ്ട കാലത്തേക്കുള്ള കരാറുകള്‍ കമ്പനിക്കു ലഭിച്ചിട്ടുണ്ട്. മൂന്നാം പാദത്തില്‍ 30 ശതമാനം വരുമാന വര്‍ധനയില്‍ 76 ശതമാനം ലാഭവര്‍ധന കമ്പനിക്കുണ്ടായി. വരും വര്‍ഷങ്ങളില്‍ കമ്പനിയുടെ പ്രതി ഓഹരി വരുമാനം ഗണ്യമായി കൂടുമെന്ന് അനലിസ്റ്റുകള്‍ കരുതുന്നു. 

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക. ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന കമ്പനികളുടെ ഓഹരികള്‍ വാങ്ങാനുള്ള നിര്‍ദേശമല്ല)

(ജൂണ്‍ 15 ലക്കം ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)

Tags:    

Similar News