ഇന്ത്യയില്‍ ഐ.പി.ഒ മഹാമഹം! ഇക്കൊല്ലം കമ്പനികള്‍ വാരിയത് ₹62,000 കോടി

ഏറ്റവുമധികം പണം സമാഹരിച്ചത് മാന്‍കൈന്‍ഡ് ഫാര്‍മ

Update: 2024-03-28 10:52 GMT

Image : Canva

പ്രാരംഭ ഓഹരി വില്‍പന (IPO) നടത്തി നടപ്പ് സാമ്പത്തികവര്‍ഷം (2023-24) ഓഹരി വിപണിയിലേക്ക് ചുവടുവച്ചത് 76 കമ്പനികള്‍. ഇവ സംയുക്തമായി സമാഹരിച്ചതാകട്ടെ 61,915 കോടി രൂപയും; തൊട്ടുമുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധന.
കഴിഞ്ഞവര്‍ഷം (2022-23) 37 കമ്പനികളാണ് ഐ.പി.ഒ സംഘടിപ്പിച്ചത്. ഇവ നേടിയത് 52,116 കോടി രൂപയായിരുന്നു. ഇന്ത്യന്‍ ചരിത്രത്തില്‍ ഐ.പി.ഒ വഴി ഏറ്റവുമധികം തുക സമാഹരിച്ചെന്ന റെക്കോഡ് എല്‍.ഐ.സിയുടെ പേരിലാണ്. 2022 മേയില്‍ നടന്ന ഐ.പി.ഒയിലൂടെ 21,000 കോടി രൂപയായിരുന്നു എല്‍.ഐ.സി സമാഹരിച്ചത്. അതേസമയം, എല്‍.ഐ.സിയുടെ ഐ.പി.ഒയെ ഒഴിച്ചുനിറുത്തിയാല്‍ നടപ്പുവര്‍ഷത്തെ സമാഹരണത്തിലെ വളര്‍ച്ച 58 ശതമാനമാണ്.
മുന്നില്‍ മാന്‍കൈന്‍ഡ് ഫാര്‍മ
നടപ്പുവര്‍ഷം ഐ.പി.ഒ വഴി ഏറ്റവുമധികം തുക സമാഹരിച്ചത് മാന്‍കൈന്‍ഡ് ഫാര്‍മയാണ് (4,326 കോടി രൂപ). ടാറ്റാ ടെക്‌നോളജീസ് 3,043 കോടി രൂപയും ജെ.എസ്.ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ 2,800 കോടി രൂപയും സമാഹരിച്ച് തൊട്ടുപിന്നാലെയുണ്ട്.
71 കോടി രൂപ സമാഹരിച്ച പ്ലാസ വയേഴ്‌സിന്റേതായിരുന്നു ഏറ്റവും കുഞ്ഞന്‍ ഐ.പി.ഒ. 2022-23ലെ ശരാശരി ഐ.പി.ഒ സമാഹരണം 1,409 കോടി രൂപയായിരുന്നെങ്കില്‍ നടപ്പുവര്‍ഷം പക്ഷേ അത് 815 കോടി രൂപയായി താഴ്ന്നു.
മികച്ച പ്രതികരണവും
നടപ്പുവര്‍ഷം നടന്ന ഐ.പി.ഒകളില്‍ 54 എണ്ണത്തിനും 10 മടങ്ങിലേറെ അപേക്ഷകള്‍ ലഭിച്ചു. 22 ഐ.പി.ഒകള്‍ക്ക് ലഭിച്ചത് 50 മടങ്ങിലേറെ അപേക്ഷകളാണ്. 11 ഐ.പി.ഒകള്‍ക്ക് മൂന്ന് മടങ്ങിലധികം അപേക്ഷകളും ലഭിച്ചു. പത്ത് ഐ.പി.ഒകള്‍ക്ക് ലഭിച്ചത് ഒന്നുമുതല്‍ മൂന്നുവരെ മടങ്ങ് അപേക്ഷകളാണ്. റീറ്റെയ്ല്‍ നിക്ഷേപകരില്‍ നിന്ന് മികച്ച പങ്കാളിത്തമുണ്ടായതും ഈ വര്‍ഷം ഐ.പി.ഒകള്‍ക്ക് വലിയ നേട്ടം കൊയ്യാന്‍ വഴിയൊരുക്കി.
റിട്ടേണിലും തിളക്കം
ഈ വര്‍ഷം ഐ.പി.ഒ വഴി പുതുതായി ഓഹരി വിപണിയിലേക്ക് ചുവടുവച്ച 48 കമ്പനികളും ഇതിനകം നിക്ഷേപകര്‍ക്ക് 10 ശതമാനത്തിലധികം നേട്ടം (Return) നല്‍കിയിട്ടുണ്ട്. വിഭോര്‍ സ്റ്റീലാണ് 193 ശതമാനം റിട്ടേണ്‍ നല്‍കി ഏറ്റവും മുന്നിലുള്ളത്. ടാറ്റാ ടെക് 163 ശതമാനം നേട്ടം സമ്മാനിച്ചപ്പോള്‍ ബി.എല്‍.എസ് ഇ-സര്‍വീസസ് നല്‍കിയത് 175 ശതമാനമാണ്.
Tags:    

Similar News