ഓഹരി നിക്ഷേപകര്‍ക്ക് ഒരേ സമയം പ്രതീക്ഷയും ആശങ്കയുമായാണ് പുതുവര്‍ഷം കടന്നു വന്നിരിക്കുന്നത്. അതിന്റെ പ്രധാന കാരണം നിക്ഷേപകര്‍ക്ക് കടുത്ത നിരാശ സമ്മാനിച്ചാണ് 2018 കടന്നു പോയതെന്നതു തന്നെ. ശക്തമായ ചാഞ്ചാട്ടങ്ങളാണ് വിപണിയിലുണ്ടായത്.
ഈ വര്‍ഷവും വിപണിയെ സ്വാധീനിക്കാവുന്ന നിരവധി കാര്യങ്ങളുണ്ട്. വരാ നിരിക്കുന്ന പൊതു തെരഞ്ഞെടുപ്പാണ് ഏവരും ഉറ്റുനോക്കുന്ന, വിപണിയെ സ്വാധീനിക്കാവുന്ന ഏറ്റവും പ്രധാന കാര്യം.
രൂപയുടെ മൂല്യത്തിലുള്ള മാറ്റങ്ങള്‍, ക്രൂഡ് ഓയ്ല്‍ വിലയിലെ വ്യതിയാനങ്ങള്‍, ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങള്‍, വ്യാപാരയുദ്ധം, യുഎസ് തുടര്‍ന്നും പലിശ നിരക്ക് കൂട്ടാനുളള സാധ്യത എന്നിങ്ങനെ വിപണിയെ സ്വാധീനിക്കാവുന്ന നിരവധി കാര്യങ്ങളാണ് 2019 ലും നിക്ഷേപകരെ കാത്തിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ആശങ്ക വേണ്ട
ഈ സമയത്ത് നിക്ഷേപിക്കണോ അതോ വിപണിയില്‍ ഒരു സ്ഥിരത കൈവരുന്നതുവരെ കാത്തുനില്‍ക്കണോ? പല നിക്ഷേപകരെയും കുഴപ്പിക്കുന്ന കാര്യമാണിത്. എന്നാല്‍ ഇത്തരം ആശങ്കകള്‍ക്കൊന്നും സ്ഥാനമില്ലെന്ന സൂചനകളാണ് ഓഹരി വിപണിയിലെ വിദഗ്ധര്‍ നല്‍കുന്നത്. കാരണം തെരഞ്ഞെടുപ്പിന് മുമ്പുളള ചാഞ്ചാട്ട വേളകളില്‍ നിക്ഷേപം നടത്തുന്നവര്‍ അടുത്ത രണ്ട് വര്‍ഷങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കിയതായാണ് മുന്‍കാല പഠനങ്ങള്‍ തെളിയിക്കുന്നത്.
തെരഞ്ഞെടുപ്പ് യഥാര്‍ത്ഥത്തില്‍ വലിയ പ്രതിഫലനമൊന്നും വിപണിയില്‍ ഉണ്ടാക്കില്ലെന്നാണ് ക്രെഡിറ്റ് സൂസെയുടെ ഇന്ത്യ ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് നീലകാന്ത് മിശ്ര പറയുന്നത്. ആറു മുതല്‍ 12 മാസം വരെയുള്ള ഹ്രസ്വകാല നിക്ഷേപങ്ങളെ പോലും തെരഞ്ഞെടുപ്പ് ബാധിക്കില്ലെന്നാണ് അദ്ദേ ഹം പറയുന്നത്. എന്നാല്‍ നയപരമായ കാര്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ദീര്‍ഘകാലത്തില്‍ വിപണിയെ ബാധിച്ചേക്കാം.
സ്‌മോള്‍കാപ് വിഭാഗത്തിലുണ്ടായ കനത്ത നഷ്ടം പല മ്യൂച്വല്‍ഫണ്ട് നിക്ഷേപകരേയും തങ്ങളുടെ മിഡ് കാപ് -സ്‌മോള്‍ കാപ് ഫണ്ടുകളെ കുറിച്ച് ആശങ്കാകുലരാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്‌മോള്‍കാപ് മ്യൂച്വല്‍ ഫണ്ടുകള്‍ നെഗറ്റീവ് (-21.45 ശതമാനം) റിട്ടേണുകളാണ് നല്‍കിയത്. എന്നാല്‍ ഇതുകൊണ്ടൊന്നും സ്‌മോള്‍കാപ് ഫണ്ടുകളെ എഴുതി തള്ളേണ്ട കാര്യമില്ലെന്നാണ് ഫണ്ട് മാനേജര്‍മാരും അഡൈ്വസര്‍മാരും പറയുന്നത്. ദീര്‍ഘകാലത്തില്‍ ഉയര്‍ന്ന റിട്ടേണ്‍ നല്‍കാന്‍ സ്‌മോള്‍കാപ് മ്യൂച്വല്‍ഫണ്ട് വിഭാഗത്തിനു സാധിക്കും. അഞ്ചു വര്‍ഷ കാലയളവില്‍ 21.47 ശതമാനം റിട്ടേണ്‍ നല്‍കാന്‍ ഈ വിഭാഗത്തിന് സാധിച്ചിട്ടുണ്ട്.
മികച്ച കാലത്തേക്ക് നല്ല ബ്രോക്കര്‍മാരുടെ സഹായത്തോടെ മിഡ്കാപ് ഓഹരികള്‍ തെരഞ്ഞെടുക്കുന്നത് ഗുണകരമായിരിക്കും.
ഉത്തമം എസ്‌ഐപി
ദീര്‍ഘകാല ലക്ഷ്യങ്ങളോടെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനില്‍ നിക്ഷേപം നടത്തുന്നത് ഈ സമയത്ത് നല്ലതാണ്. വിപണി ഉയരുമ്പോഴും ഇടിയുമ്പോഴും നി ക്ഷേപം തുടരാനും, വില ഇടിയുമ്പോള്‍ കൂടുതല്‍ യൂണിറ്റു കള്‍ വാങ്ങാനും, വില ഉയരുമ്പോള്‍ കുറഞ്ഞ എണ്ണം യൂണിറ്റുകള്‍ വാങ്ങാ നും അതിലൂടെ വില ഒരു ശരാശരി നിലവാരത്തില്‍ തുടരാനും സാധിക്കുന്നു
വെന്നതാണ് എസ്‌ഐപിയുടെ ഗുണം. അതുകൊണ്ട് തന്നെ 2019 ന്റെ തുടക്കം നിക്ഷേപം തുടങ്ങുന്നതിനുളള മികച്ച അവസരമായി പ്രയോജനപ്പെടുത്താം.
വിദഗ്ധര്‍ പറയുന്നു, ഇത് നിക്ഷേപത്തിനുള്ള സമയം
2018 നെ അപേക്ഷിച്ച് പുതുവര്‍ഷത്തില്‍ വിപണിയില്‍ ചാഞ്ചാട്ടം കുറയാനാണ് സാധ്യതയെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍. തെരഞ്ഞെടുപ്പു വരെ വ്യതിയാന സാധ്യത കൂടുതലായിരിക്കുമെങ്കിലും ആദ്യ രണ്ടു പാദങ്ങള്‍ പിന്നിടുന്നതോടെ സ്ഥിരത പ്രാപിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ഏപ്രില്‍ മുതല്‍ പലസ്ഥലങ്ങളിലും വോട്ടെടുപ്പ് തുടങ്ങും. മേയ് മാസം പകുതിയോടെ തന്നെ കേന്ദ്രത്തില്‍ ആരു ഭരിക്കുമെന്നതിനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചു തുടങ്ങും. അതിനു ശേഷം മാത്രമായിരിക്കും വിപണി സ്ഥിരതയോടെ മുന്നോട്ടു പോവുക.
ഓഹരി വിപണി മനുഷ്യനേക്കാള്‍ ബുദ്ധിപൂര്‍വം പെരുമാറുമെന്നതിനാല്‍ വരാനിരിക്കുന്ന പ്രതിസന്ധികള്‍ ഏറെ മുന്‍കൂട്ടികാണാന്‍ വിപണിക്ക് സാധിക്കുമെന്നാണ് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ സി.ജെ ജോര്‍ജ് അഭിപ്രായപ്പെടുന്നത്.
''ഇതുവരെയുള്ള തെരഞ്ഞെടുപ്പുകള്‍ നോക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമുള്ള കാലയളവില്‍ മികച്ച നേട്ടമുണ്ടാക്കിയിട്ടുണ്ട്. കാരണം തെരഞ്ഞെടുപ്പ് കാലത്ത് ഭീതി മൂലം ഭൂരിഭാഗം നിക്ഷേപകരും വിപണിയില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോള്‍ നല്ല ഓഹരികള്‍ താരതമ്യേന കുറഞ്ഞ വിലയില്‍ ലഭിക്കും.'' സി.ജെ ജോര്‍ജ് പറയുന്നു.
നല്ല പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കാം
ദീര്‍ഘകാലത്തില്‍ ഒരു മികച്ച പോര്‍ട്ട് ഫോളിയോ രൂപപ്പെടുത്താനുള്ള അവസരമായി നിക്ഷേപകര്‍ക്ക് ഈ അവസരത്തെ വിനിയോഗിക്കാനാകും. നല്ല കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം തുടരുക. പത്തു വര്‍ഷമെങ്കിലും കാലവധി നിശ്ചയിച്ചു വേണം നിക്ഷേപം. ഫണ്ടുകളുടേയും സെക്ടറുകളുടേയും പ്രകടനം അനുസരിച്ച് സമയാസമയങ്ങളില്‍ നിക്ഷേപം പുന:ക്രമീകരിക്കണം. ഇതിന് വിദഗ്ധ അഡൈ്വസറുടെ സേവനം തേടുന്നത് നല്ലതായിരിക്കും.
സാധാരണ ഗതിയില്‍ 75-80 ശതമാനം ലാര്‍ജ് കാപും 20-25 ശതമാനം മിഡ്& സ്‌മോള്‍ കാപ്പുമാണ് നല്ലൊരു പോര്‍ട്ട്‌ഫോളിയോയെങ്കില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ മിഡ്കാപില്‍ 30-45 ശതമാനം വരെയാകാമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് വിഭാഗം മേധാവി വിനോദ് നായര്‍ പറയുന്നു.
മിഡ്കാപുകളുടെ വര്‍ഷം
വരും ക്വാര്‍ട്ടറുകളില്‍ മിഡ്-സ്‌മോള്‍ കാപ്പുകള്‍ തിരിച്ചു വരാനുള്ള സാധ്യതയിലേക്കാണ് വിപണി നിരീക്ഷകര്‍ വിരല്‍ ചൂണ്ടുന്നത്. ഇപ്പോള്‍ ഔട്ട് പെര്‍ഫോമിംഗ് ആയിട്ടുള്ള മിഡ്കാപുകള്‍ വരും ക്വാര്‍ട്ടറുകളില്‍ മെച്ചപ്പെട്ടേക്കും. ''പ്രതിവര്‍ഷം 25-30 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാനും വലിയ കമ്പനികളായി വളരാനും സാധ്യതയുള്ള അനേകം മിഡ്കാപ് ബിസിനസുകള്‍ ഇപ്പോഴും നിലവിലുണ്ട്. മിഡ്കാപുകളിലെ സെന്റിമെന്റ്‌സും ലിക്വിഡിറ്റിയും ഇപ്പോള്‍ വളരെയേറെ കുറഞ്ഞിരിക്കുകയാണ്. ഇതാണ് ഓഹരി വാങ്ങാന്‍ മികച്ച സമയം. 300 രൂപയുള്ള ഒരു ഓഹരി 100 രൂപയ്ക്ക് കിട്ടും. കമ്പനികളുടെ ബിസിനസ് മോഡലും വളര്‍ച്ചയും നല്ലതാണെന്ന് തോന്നുകയാണെങ്കില്‍ സെന്റിമെന്റ്‌സ് താഴ്ന്നിരിക്കുമ്പോള്‍ മിഡ് കാപുകളും സ്‌മോള്‍ കാപുകളും വാങ്ങുക.'' പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് വിദഗ്ദ്ധനും കൊച്ചിയിലെ ഇക്വിറ്റി ഇന്റലിജന്‍സ് ചീഫ് എക്‌സിക്യൂട്ടിവുമായ പൊറിഞ്ചു വെളിയത്ത് പറയുന്നു.