ഓഹരികളുടെ തുടക്കം ദുര്‍ബലം; തകൃതിയായി ചാഞ്ചാട്ടം
ബാങ്ക്, ഐ.ടി മേഖലയിലെ അനിശ്ചിതത്വം തിരിച്ചടി
കഴിഞ്ഞ രണ്ട് ദിവസമായി നഷ്ടത്തിലായിരുന്ന ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്നും വ്യാപാരം തുടങ്ങിയത് ദുര്‍ബലമായി. ഓഹരികള്‍ക്ക് കുതിപ്പേകുന്ന സംഭവവികാസങ്ങളില്ലാത്തതാണ് വിപണിയെ നിര്‍ജീവമാക്കിയത്. ബാങ്ക്, ഐ.ടി മേഖലകളിലെ അനിശ്ചിതത്വവും തിരിച്ചടിയായി. ഐ.ടി കമ്പനികള്‍ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിലേ നഷ്ടത്തിലായിരുന്നു, പിന്നീട് നഷ്ടം അല്‍പം കുറച്ചു. ഇന്‍ഫോസിസും എച്ച്.സി.എല്ലും ഒന്നര ശതമാനം വീതം നഷ്ടത്തിലാണുള്ളത്. ടി.സി.എസ്, വിപ്രോ, ടെക് മഹീന്ദ്ര, കോഫോര്‍ജ്, സിയന്റ്, എംഫസിസ് തുടങ്ങിയവയും താഴ്ചയിലാണ്. ബാങ്കുകളും ചാഞ്ചാടുന്നു. ബാങ്ക് നിഫ്റ്റി പലതവണ നേട്ടത്തിലും നഷ്ടത്തിലുമായി.
ക്രൂഡോയിലിന് അമിതലാഭ നികുതി
രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് അമിതലാഭ നികുതി (വിന്‍ഡ്‌ഫോള്‍ ടാക്‌സ്/Windfall Tax) കേന്ദ്രം പുന:സ്ഥാപിച്ചു. അതോടെ ഒ.എന്‍.ജി.സിയും ഓയില്‍ ഇന്ത്യയും താഴ്ന്നു. ചെന്നൈ പെട്രോ ഒരുശതമാനം കയറി. ഡീസലിന്റെ നികുതി പകുതിയാക്കിയെങ്കിലും റിലയന്‍സിന് തുടക്കത്തില്‍ വിലയിടിഞ്ഞു. പിന്നീടു നേട്ടത്തിലായി.
ലോകവിപണിയില്‍ ലോഹങ്ങളുടെ വില വര്‍ധിക്കുന്നത് ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റാ സ്റ്റീല്‍, ജെ.എസ്.ഡബ്‌ള്യു സ്റ്റീല്‍ തുടങ്ങിയവയുടെ വില ഉയര്‍ത്തി. ചൈനീസ് വളര്‍ച്ച വര്‍ധിക്കുന്നതാണ് ലോഹങ്ങളുടെ കുതിപ്പിനു കാരണം. ടാറ്റാ സ്റ്റീല്‍ രണ്ടു ശതമാനത്തിലധികം ഉയര്‍ന്നു. നിഫ്റ്റി മെറ്റല്‍ സൂചിക 1.4 ശതമാനം കയറി.
ഐസിഐസിഐ ലൊംബാര്‍ഡിന്റെ നാലാംപാദ പ്രവര്‍ത്തനഫലം 40 ശതമാനം ലാഭ വളര്‍ച്ച കാണിച്ചു. പക്ഷേ, ഓഹരി നാലു ശതമാനം ഇടിഞ്ഞു. വളര്‍ച്ച സാധ്യത പരിമിതമാണെന്ന് ചില ബ്രോക്കറേജുകള്‍ വിലയിരുത്തിയതാണ് കാരണം.
രൂപയും സ്വര്‍ണവും
രൂപ ഇന്നും താഴ്ന്നു. ഡോളര്‍ 10 പൈസ കയറി 82.10 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 82.14 രൂപയായി. സ്വര്‍ണം ലോക വിപണിയില്‍ 2,004 ഡോളറിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീടു 2002 ലേക്ക് താണു. കേരളത്തില്‍ സ്വര്‍ണം പവന് 160 രൂപ കൂടി 44,840 രൂപയായി.