ഒരു മാസം കൊണ്ട് ജുന്‍ജുന്‍വാലയുടെ ലാഭം 150 കോടി രൂപ, സമ്മാനിച്ചത് ഈ ഹോസ്പിറ്റാലിറ്റി കമ്പനി
ഈ ഓഹരി കൈവശം വയ്ക്കുന്നത് ഗുണകരമാകുമോ?
ഒരു മാസം കൊണ്ട് ഹോസ്പിറ്റാലിറ്റി കമ്പനിയിലെ നിക്ഷേപത്തിലൂടെ 150 കോടി രൂപയുടെ ലാഭം സ്വന്തമാക്കി രാകേഷ് ജുന്‍ജുന്‍വാല. ഡെല്‍റ്റ കോര്‍പ്പാണ് ഒരു മാസത്തിനിടെ അദ്ദേഹത്തിന് ഈ നേട്ടം സമ്മാനിച്ചത്. ഒരു മാസത്തിനിടെ 44 ശതമാനം വളര്‍ച്ചയാണ് ഡെല്‍റ്റ കോര്‍പ്പ് ഓഹരി വിപണിയില്‍ നേടിയത്. ഒരുമാസം മുമ്പ് 181 രൂപയുണ്ടായിരുന്ന ഓഹരി വിലയാണ് ഇന്ന് (30-09-2021, 10.55) 261.30 രൂപയിലെത്തി നില്‍ക്കുന്നത്. ഒരുമാസത്തിനിടെ ഉയര്‍ന്നത് 79 രൂപ.
ഓഹരി വില കുത്തനെ വര്‍ധിച്ചതോടെയാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ നേട്ടവും ഉയര്‍ന്നത്. 2021 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തിലെ കണക്കുകള്‍ പ്രകാരം രാകേഷ് ജുന്‍ജുന്‍വാല സ്വന്തമാക്കിയിരിക്കുന്നത് രണ്ട് കോടി ഓഹരികളാണ്. എന്നിരുന്നാലും, രാകേഷ് ജുന്‍ജുന്‍വാല കൈവശം വച്ചിരിക്കുന്ന ഈ ഓഹരികള്‍ ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സ്‌റ്റോക്ക് ഇപ്പോഴും പോസിറ്റിവാണെന്നും ഇടത്തരം-ദീര്‍ഘകാലയളവില്‍ ഓഹരിവില 400 തൊടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കമ്പനി ഏകദേശം വായ്പരഹിതമായതും മികച്ച ക്യാഷ് ഫ്‌ളോയുമുള്ളതാണ് മികച്ച പ്രകടനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പ്രൊമോട്ടര്‍ മാര്‍ 33.28 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുമ്പോള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് 6.80 ശതമാനവും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് 7.78 ശതമാനം പങ്കാളിത്തവുമായി ഓഹരികളിലുള്ളത്.