ജിയോ ഫൈനാന്‍ഷ്യല്‍: ആദ്യദിനത്തില്‍ തണുപ്പന്‍ തുടക്കം
ബി.എസ്.ഇയില്‍ 265രൂപയിലും എന്‍.എസ്.ഇയില്‍ 262 രൂപയിലുമാണ് ഓഹരി വ്യാപാരം തുടങ്ങിയത്
റിലയന്‍സില്‍ നിന്നു വേര്‍പെടുത്തിയ ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ലിസ്റ്റ് ചെയ്തു വ്യാപാരം തുടങ്ങി. എന്‍.എസ്.ഇയില്‍ 262 രൂപയിലാണ് ഓഹരി വ്യാപാരം ആരംഭിച്ചത്. 10 മിനിറ്റിനുള്ളില്‍ തന്നെ ഓഹരി 5 ശതമാനം താഴ്ന്ന സര്‍ക്കീട്ട് എത്തി. അപ്പോള്‍ മുതല്‍ 248.90 രൂപയിലാണ് ഓഹരിയുള്ളത്. രാവിലെ 10.40 ന് 248.90 രൂപയില്‍ 1.88 കോടി ഓഹരികള്‍ വില്‍പ്പനയ്ക്കുണ്ടായിരുന്നെങ്കിലും ബയര്‍മാരുണ്ടായിരുന്നില്ല.
ജൂലൈയില്‍ റിലയന്‍സില്‍ നിന്നു മാറ്റിയപ്പോള്‍ വില കണ്ടെത്താന്‍ നടത്തിയ വ്യാപാരത്തില്‍ ഒരു ഓഹരിക്ക് 261.85 രൂപയാണു ജിയോഫൈനാന്‍ഷ്യല്‍ സര്‍വീസസിന് നിര്‍ണയിച്ചത്. അനൗപചാരിക വിപണിയില്‍ (ഗ്രേ മാര്‍ക്കറ്റ്) ഇന്നലെ 300 -335 രൂപയിലാണ് ഓഹരി വ്യാപാരം നടത്തിയിരുന്നത്. ഈ പ്രീമിയം ലിസ്റ്റിംഗില്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷകൾ.
ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നതിനു മുന്നോടിയായി ഓഹരികള്‍ യോഗ്യരായ ഓഹരിയുടമകളുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്തിരുന്നു. റിലയന്‍സിന്റെ എല്ലാ ഓഹരി ഉടമകള്‍ക്കും ഒന്നിനൊന്ന് അനുപാതത്തില്‍ ജിയോഫിന്‍ ഓഹരികള്‍ നല്‍കിയിട്ടുണ്ട്. ഓഗ്‌സ്റ്റ് 10 ന് അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്ത ഓഹരികള്‍ ഇന്ന് മുതല്‍ വില്‍ക്കാനും സാധിക്കും.
ട്രേഡ് ഫോര്‍ ട്രേഡ് വിഭാഗത്തിലാണ് ആദ്യ പത്തു ദിവസം ഓഹരി. ഈ വിഭാഗത്തില്‍പെട്ട ഓഹരികള്‍ വാങ്ങിയ ദിവസം തന്നെ വില്‍ക്കാന്‍ സാധിക്കില്ല. ഒരു ദിവസം അഞ്ചു ശതമാനം ആയിരിക്കും സര്‍ക്കീട്ട് ലിമിറ്റ്.
സൂചികകളെ പിന്തുടരുന്ന ഫണ്ടുകള്‍ (index funds) ജിയോഫൈനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ ഒഴിവാക്കുന്നതിന് വലിയ തോതില്‍ വില്‍പന നടത്തും. നിഫ്റ്റി പാസീവ് ഫണ്ടുകള്‍ ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസിന്റെ 29 കോടി ഓഹരികള്‍ വില്‍ക്കും. സൂചികയില്‍ ഉള്‍പ്പെടാത്ത ഓഹരികള്‍ പാസീവ് ഫണ്ടുകള്‍ കൈവശം വയ്ക്കാറില്ല. ലിസ്റ്റിംഗിനു ശേഷം നിഫ്റ്റിയില്‍ നിന്ന് ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരി നീക്കം ചെയ്യപ്പെടുന്നതോടെ പാസീവ് ഫണ്ടുകള്‍ അവരുടെ കൈവശമുള്ള ഓഹരികള്‍ വില്‍ക്കും.
തുടക്കത്തില്‍ വിവിധ സൂചികകളില്‍ ജിയോഫിന്‍ തുടരുമെങ്കിലും മൂന്ന് ദിവസത്തിനു ശേഷം മാറ്റും. ഇതോടെ സൂചികകളില്‍ വിവിധ ഓഹരികളുടെ വെയിറ്റേജ് പുനര്‍ക്രമീകരിക്കും.
വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ബജാജ് ഫൈനാന്‍സ് കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ എന്‍.ബി.എഫ്.സി ആയിരിക്കും ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസ്. 1.58 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.