ഐപിഒയ്‌ക്കൊരുങ്ങി ജോയ് ആലുക്കാസും? വിവരങ്ങള്‍ അറിയാം
11 രാജ്യങ്ങളിലായി 130 ഷോറൂമുകളാണ് ജോയ് ആലുക്കാസിന് കീഴിലുള്ളത്
പ്രമുഖ ജൂവല്‍റി ഗ്രൂപ്പായ ജോയ് ആലുക്കാസും ഐപിഒയ്‌ക്കൊരുങ്ങുന്നു. ബ്ലൂംബര്‍ഗാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അടുത്തവര്‍ഷം ആദ്യപാദത്തില്‍ തന്നെ മലയാളി സംരഭകന്റെ നേതൃത്വത്തിലുള്ള കമ്പനി പ്രാഥമിക ഓഹരി വില്‍പ്പനയിലേക്ക് നീങ്ങുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 400 മില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ജോയ് ആലുക്കാസ് ലക്ഷ്യമിടുന്നത്.
ഐപിഒയ്ക്ക് മുന്നോടിയായി നവംബര്‍ അവസാനമോ ഡിസംബറിലോ ഡ്രാഫ്റ്റ് ഫയല്‍ ചെയ്യും. കൂടാതെ, ഓഹരി വില്‍പ്പനയ്ക്കായി എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ജെഫറീസ് ഗ്രൂപ്പ് എല്‍എല്‍സി, ക്രെഡിറ്റ് സ്യൂസ് ഗ്രൂപ്പ് എജി, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവയെ കമ്പനി തെരഞ്ഞെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഓഹരി വിപണിയിലേക്കുള്ള വരവോടുകൂടി കമ്പനിയുടെ മൊത്തം മൂല്യം 4.8 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് ജോയ് ആലുക്കാസ് ലക്ഷ്യമിടുന്നത്. 11 രാജ്യങ്ങളിലായി 130 ജൂവല്‍റി ഷോറൂമുകളാണ് കമ്പനിക്ക് കീഴിലുള്ളത്.
''ഫണ്ട് ശേഖരിക്കുന്നതിനുള്ള വിവിധ അവസരങ്ങള്‍ പരിശോധിക്കുകയാണ്. ഒന്നും അന്തിമമാക്കിയിട്ടില്ല'' ജോയ് ആലുക്കാസ് സിഇഒ ബേബി ജോര്‍ജ് പറഞ്ഞതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.