ഏകീകൃത അറ്റാദായത്തില്‍ 18.7 ശതമാനം വര്‍ധനവുമായി ജ്യോതി ലാബ്‌സ്
കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ 13.66 ശതമാനം ഉയര്‍ച്ചയാണ് കഴിഞ്ഞപാദത്തില്‍ രേഖപ്പെടുത്തിയത്
നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ ഏകീകൃത അറ്റായാത്തില്‍ വളര്‍ച്ചയുമായി ആഭ്യന്തര എഫ്എംസിജി (FMCG) കമ്പനിയായ ജ്യോതി ലാബ്സ്. 2022 ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ ജ്യോതി ലാബ്സിന്റെ ഏകീകൃത അറ്റാദായം 18.73 ശതമാനം ഉയര്‍ന്ന് 47.73 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 40.20 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. അവലോകന കാലയളവില്‍ ജ്യോതി ലാബ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 13.66 ശതമാനം ഉയര്‍ന്ന് 597.20 കോടി രൂപയുമായി. മുന്‍വര്‍ഷത്തെ കാലയളവില്‍ ഇത് 525.40 കോടി രൂപയായിരുന്നു.
പണപ്പെരുപ്പത്തെ തുടര്‍ന്ന് ഉല്‍പ്പന്ന വിഭാഗങ്ങളിലുടനീളം ഗണ്യമായ ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതാണ് കമ്പനിയുടെ ലാഭം കുറയാനിടയാക്കിയത്. കമ്പനിയുടെ മൊത്തം ചെലവ് കഴിഞ്ഞവര്‍ഷത്തെ കാലയളവിലെ 479.61 കോടി രൂപയില്‍ നിന്ന് 15.45 ശതമാനമാണ് ഉയര്‍ന്നത്. 553.71 കോടി രൂപ.
അവലോകന പാദത്തില്‍ ഫാബ്രിക് കെയര്‍ സെഗ്മെന്റില്‍ നിന്നുള്ള ജ്യോതി ലാബ്സിന്റെ (Jyothy Labs) വരുമാനം 251.12 കോടി രൂപയും ഡിഷ് വാഷിംഗ് വിഭാഗത്തില്‍ നിന്ന് 209.32 കോടി രൂപയുമാണ്. ഗാര്‍ഹിക കീടനാശിനികളില്‍ നിന്നുള്ള വരുമാനം 44.83 കോടി രൂപയും വ്യക്തിഗത പരിചരണ വിഭാഗത്തില്‍നിന്ന് 69.44 കോടി രൂപയും അലക്ക് സര്‍വീസ് വിഭാഗത്തില്‍നിന്ന് 10.72 കോടി രൂപയുമാണ് വരുമാനം.