കല്യാണ്‍ ജുവലേഴ്സിന്റെ വിപണി മൂല്യം ₹30,000 കോടി കടന്നു; ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ കേരള കമ്പനി
ഈയിടെ 200-ാമത്തെ ഷോറൂം തുടങ്ങിയ കമ്പനി ദക്ഷിണേന്ത്യയ്ക്ക് പുറത്ത് 55 ഷോറൂമുകള്‍ കൂടി തുറക്കും
പ്രമുഖ സ്വര്‍ണ വ്യാപാര ശൃഖലയായ കല്യാണ്‍ ജുവലേഴ്സിന്റെ ഓഹരികള്‍ ഒക്ടോബര്‍ 17ന് 4% ഉയര്‍ന്നു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 30,000 കോടി രൂപ കവിഞ്ഞു. ബി.എസ്.ഇയില്‍ കല്യാണ്‍ ജുവലേഴ്സിന്റെ ഓഹരി ഇന്നലെ 4.09 ശതമാനം ഉയര്‍ന്ന് 295.35 രൂപയില്‍ എത്തിയതോടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. നിലവില്‍ (ഇന്ന്) 3.5% ഉയര്‍ന്ന് 305 രൂപയില്‍ കല്യാണ്‍ ജുവലേഴ്സ് ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 31,417 കോടി രൂപയിലെത്തി.
ഈ വര്‍ഷം ഇതുവരെ 141% ശതമാനത്തിലധികം ഓഹരികള്‍ കുതിച്ചുയര്‍ന്നു. ദീപാവലിയോടെ 33 പുതിയ ഷോറൂമുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയിടുന്നതായി കല്യാണ്‍ ജുവലേഴ്സ് ഈ മാസം ആദ്യം അറിയിച്ചിരുന്നു. ഈയിടെ 200-ാമത്തെ ഷോറൂം തുടങ്ങിയ കമ്പനി വിവിധ സംസ്ഥാനങ്ങളിലായി 55 ഷോറൂമുകള്‍ കൂടി തുറക്കും. ടൈറ്റന്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ജുവലറി കമ്പനിയാണ് നിലവില്‍ കല്യാണ്‍ ജുവലേഴ്സ്.
കല്യാണ്‍ ജുവലേഴ്‌സ് ആഭ്യന്തര ഓഹരിവിപണിയില്‍ 2021 മാര്‍ച്ചിലാണ് ലിസ്റ്റ് ചെയ്തത്. ഇഷ്യൂ വില 87 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ വില 55 രൂപയിലേക്ക് വീഴുകപോലും ചെയ്തു. എന്നാല്‍ കഴിഞ്ഞ 3 മാസത്തിനുള്ളില്‍ ഓഹരിവില 60 ശതമാനത്തിലധികം വളര്‍ച്ച നേടി. കമ്പനിയുടെ 61% ഓഹരികള്‍ പ്രമോട്ടര്‍ ടി.എസ്.കല്യാണരാമന്‍ കുടുംബത്തിനാണ്. അവരുടെ ഓഹരികളുടെ മൂല്യം 19,284 കോടി രൂപ കടന്നു.
30,000ന് മുകളില്‍ വിപണി മൂല്യത്തില്‍
മുത്തൂറ്റ് ഫിനാന്‍സ് (50,403 കോടി രൂപ), ഫേര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കോര്‍ (FACT)-(47,207 കോടി രൂപ), ഫെഡറല്‍ ബാങ്ക് (35,094 കോടി രൂപ) തുടങ്ങിയവയാണ് ഒക്ടോബര്‍ 18വരെ 30,000 കോടി രൂപയ്ക്ക് മുകളില്‍ വിപണി മൂല്യമുള്ള കേരളത്തില്‍ നിന്നുള്ള മറ്റ് കമ്പനികള്‍. വിപണി മൂല്യത്തില്‍ അഞ്ചാമത് നില്‍ക്കുന്ന കമ്പനി കൊച്ചി ആസ്ഥാനമായുള്ള അപ്പോളോ ടയേഴ്‌സാണ് (24,352 കോടി രൂപ).